

റിയാദ്: ഈസ്റ്റ് - വെസ്റ്റ് പൈപ്പ്‌ലൈന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ മാസത്തില്‍ ക്രൂഡ് ഓയില്‍ ലഭ്യമാകില്ലെന്ന് യൂറോപ്യന്‍ റിഫൈനറികളെ അറിയിച്ച് സൗദി അരാംകോ. ബ്ലൂംബര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനപ്പെട്ട രണ്ട് കമ്പനികളെയാണ് അരാംകോ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തില്‍ എല്ലാ മാസവും നിശ്ചിത അളവില്‍ യൂറോപ്യന്‍ റിഫൈനറികൾക്ക് സൗദി ക്രൂഡ് ഓയില്‍ വിതരണം ചെയ്തിരുന്നു. 1200 കിലോമീറ്റര്‍ (745 മൈല്‍) നീണ്ടുകിടക്കുന്ന ഈസ്റ്റ് - വെസ്റ്റ് പൈപ്പ്‌ലൈന് നേരെ കഴിഞ്ഞ ആഴ്ചയാണ് ആക്രമണം ഉണ്ടായത്. പൈപ്പ്‌ലൈനിന്റെ മൂന്നോളം പമ്പിങ് സ്റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടത്. ഇറാന്റെ പിന്തുണയോടെ നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് പൈപ്പ് ലൈനിന് കേടുപാടുകള്‍ സംഭവിച്ചതെന്നാണ് സൗദി ആരോപിക്കുന്നത്. ഇതോടെ അടുത്തമാസം ക്രൂഡ് ലഭ്യതയ്ക്കായി യൂറോപ്യന്‍ റിഫൈനറികള്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരും.
പോളണ്ടിന്റെ പ്രധാന എണ്ണ കമ്പനിയായ ഓര്‍ലെന്‍, അരാംകോയുടെ അറിയിപ്പിന് പിന്നാലെ എണ്ണ വാങ്ങുന്നുള്ള മറ്റു വഴികള്‍ തേടിക്കഴിഞ്ഞു. നിലവില്‍ പത്തോളം ടെന്‍ഡറുകളാണ് അവർ ക്ഷണിച്ചിരിക്കുന്നത്. റിഫൈനറികള്‍ എണ്ണയ്ക്കായി ധൃതിവെച്ചുള്ള നടപടികള്‍ ആരംഭിച്ചതോടെ പ്രാദേശിക എണ്ണ വിലയിലും വന്‍ മാറ്റങ്ങളാണ് രേഖപ്പെടുത്തിയത്. യൂറോപ്പില്‍ ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വില ബാരലിന് 130 ഡോളര്‍ വരെയെത്തിയെന്നാണ് വിവരം. ചെങ്കടല്‍ തീരത്തിന് സമീപത്തൂടെ കടന്നുപോകുന്ന പൈപ്പ് ലൈന്റെ ഭാഗമാണ് ആക്രമിക്കപ്പെട്ടത്.
ദിവസങ്ങള്‍ക്കുള്ളില്‍ അരാംകോ ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകാന്‍ ആറാഴ്ചയോളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അതേസമയം ആക്രമണത്തെ തുടര്‍ന്ന് പേര്‍ഷ്യന്‍ ഗള്‍ഫില്‍ കെട്ടിക്കിടക്കുന്ന അധികമായ എണ്ണ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഒറ്റതവണയായി വില്‍ക്കാനുള്ള ഒരു നിര്‍ദേശം അരാംകോ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Content Highlights: Saudi Aramco has informed European refineries that crude oil supplies will not be available next month, according to reports.