

2027 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയിലേക്ക് ഏത് ചിത്രമാകും തിരഞ്ഞെടുക്കപ്പെടുക എന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ഇന്ത്യന്‍ സിനിമാപ്രേമികള്‍. വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ സാധ്യത പട്ടികയിലേക്ക് വന്നിരുന്നു. മലയാളത്തില്‍ നിന്നും ചിദംബരം സംവിധാനം ചെയ്ത ബാലന്‍, കന്നഡയില്‍ നിന്നും കാന്താര, ബോളിവുഡില്‍ നിന്നും ധുരന്ദറും അടക്കമുള്ള ചിത്രങ്ങളായിരുന്നു പരിഗണന ലിസ്റ്റിൽ ഉണ്ടായിരുന്നത്.
ഇപ്പോഴിതാ മറാത്തി ചിത്രം 'ഗൊന്ധല്‍' ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയിലേക്ക് ഇടം പിടിച്ചിരിക്കുകയാണ്. സന്തോഷ് ദവഖാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മഹാരാഷ്ട്രയിലെ ഗ്രാമീണ ജീവിതമാണ് പറയുന്നത്. നവദമ്പതികള്‍ക്കായി നടത്തുന്ന പരമ്പരാഗത ആചാരമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 33 ചിത്രങ്ങളില്‍ നിന്നാണ് ഗൊന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ധുരന്ധര്‍ അടക്കമുള്ള വാണിജ്യ വിജയം നേടിയ സിനിമകളുള്ള പട്ടികയില്‍ നിന്നാണ് മറാഠി ചിത്രത്തിന്റെ നേട്ടം. മലയാളത്തില്‍ നിന്നും ബാലനും പട്ടികയിലുണ്ടായിരുന്നു. അംഗ്, ഇക്കീസ് എന്നി ചിത്രങ്ങള്‍ക്കൊപ്പം ടോപ് ത്രീയിലെത്തിയ ശേഷമാണ് ഗൊന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടത്. നാല് മറാഠി ചിത്രങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്.

33 സിനിമകളുടെ പട്ടികയില്‍ 14 ഉം ഹിന്ദി ചിത്രങ്ങളായിരുന്നു. ബോര്‍ഡര്‍ 2, മേം വാപ്‌സ് ആവുംഗ, ധുരന്ധര്‍ തുടങ്ങിയ ചിത്രങ്ങളും പട്ടികയിലുണ്ടായിരുന്നു. 99-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ഗൊന്ധല്‍ മത്സരിക്കുക. കഴിഞ്ഞ വര്‍ഷം ഗോവ ഫിലിം ഫെസ്റ്റിവലില്‍ രജതമയൂരം നേടിയ സംവിധായകനാണ് ഗൊന്ധല്‍ ഒരുക്കിയ സന്തോഷ് ദവകര്‍.
Content Highlights: gondhal thriller movie becomes indias official entry for oscars