

ചൂടും ഈർപ്പവും നിറഞ്ഞ ദിനങ്ങൾക്ക് വിട നൽകി യുഎഇ കുളിർമയുള്ള കാലാവസ്ഥയിലേക്ക് കടക്കുന്നു. രാജ്യത്തുടനീളം താപനില കുറയുന്ന പ്രവണതയാണ് നിലവിലുള്ളത്. ഈ വേനൽക്കാലത്തെ ഏറ്റവും കുറഞ്ഞ താപനില വെള്ളിയാഴ്ച പുലർച്ചെ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അൽ ഐനിലെ റക്നയിൽ വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് താപനില 18.8 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു.
സാധാരണയായി യുഎഇയിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്താറുള്ള പ്രദേശങ്ങളിൽ ഒന്നാണ് അൽ ഐനിലെ റക്ന. ശൈത്യകാലത്ത് ഇവിടെ താപനില പൂജ്യത്തിന് താഴേക്ക് പോകാറുമുണ്ട്. റക്നയ്ക്ക് പുറമേ ദംതയിൽ പുലർച്ചെ 4.30-ഓടെ 21.4 ഡിഗ്രി സെൽഷ്യസും അൽ വത്ബയിൽ രാവിലെ 6.15-ഓടെ 22.3 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. പുലർച്ചെയും രാത്രിയിലും നല്ല കുളിർമ അനുഭവപ്പെടുന്നുണ്ടെങ്കിലും ഉച്ചസമയങ്ങളിൽ താപനില ഇപ്പോഴും ഉയർന്ന നിലയിൽ തന്നെയാണ്.
ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം സെപ്റ്റംബർ 23 ബുധനാഴ്ച 'ശരത്കാല വിഷുവത്തോടെ' (Autumnal Equinox) യുഎഇയിൽ വേനൽക്കാലം ഔദ്യോഗികമായി അവസാനിക്കും. വരും ദിവസങ്ങളിൽ ചൂട് ഇനിയും കുറയുമെങ്കിലും പൂർണ്ണമായ തണുപ്പിലേക്ക് മാറാൻ കുറച്ചുകൂടി സമയമെടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. കൂടാതെ ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ രാജ്യത്ത് ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: As the summer season comes to an end in the UAE, Al Ain recorded the lowest temperature of the season. The weather update reflects a gradual change in conditions across the country.