സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് നിരക്കില്‍ 67% വർധനവ്; ആശങ്കയറിയിച്ച് ജ്വല്ലറി മേഖല; പുനഃപരിശോധിക്കണമെന്ന്

ഹാൾമാർക്കിംഗ് ചട്ടങ്ങൾ കൃത്യമായി പാലിക്കുന്ന വ്യാപാരികൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാകും

സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് നിരക്കില്‍ 67% വർധനവ്;  ആശങ്കയറിയിച്ച് ജ്വല്ലറി മേഖല; പുനഃപരിശോധിക്കണമെന്ന്
dot image

മുംബൈ: സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് ഫീസിൽ കേന്ദ്ര സർക്കാരും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും (BIS) വരുത്തിയ വൻ വർധനവിനെതിരെ സ്വർണ വ്യാപാര രംഗത്ത് ശക്തമായ പ്രതിഷേധം. ഒരു സ്വർണാഭരണത്തിന് നിലവിലുണ്ടായിരുന്ന 45 രൂപ എന്ന ഹാൾമാർക്കിംഗ് ചാർജ്ജ് ഒറ്റയടിക്ക് 67 ശതമാനം വർധിപ്പിച്ച് 75 രൂപയാക്കിയതാണ് വിപണിയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഈ നിരക്ക് വർധനവ് ഉടനടി പുനഃപരിശോധിക്കണമെന്നും ജ്വല്ലറി വ്യാപാരികളുമായി ചർച്ച നടത്തുന്നത് വരെ പഴയ നിരക്ക് തന്നെ തുടരണമെന്നും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (GJC) സർക്കാരിനോടും ബിഐഎസിനോടും ആവശ്യപ്പെട്ടു.

2026 സെപ്റ്റംബർ 14-ന് പുറത്തിറക്കിയ 'ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ഹാൾമാർക്കിംഗ്) ഭേദഗതി ചട്ടങ്ങൾ, 2026' പ്രകാരമാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്തിയത്. ഇതനുസരിച്ച് ജ്വല്ലറികൾ അസ്സെയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററുകൾക്ക് (AHCs) നൽകേണ്ട ഫീസാണ് ഓരോ ആഭരണത്തിനും 75 രൂപയായി ഉയർത്തിയിരിക്കുന്നത്.

വ്യാപാരികൾക്ക് അധികഭാരം; വിലക്കയറ്റത്തിന് ഇടയാക്കും

സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ സംരക്ഷണത്തിനും ഹാൾമാർക്കിംഗ് അനിവാര്യമാണെന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്നും എന്നാൽ നിർബന്ധിത നിബന്ധനകളുടെ പേരിലുള്ള അമിത ഫീസ് വർധനവ് അംഗീകരിക്കാനാകില്ലെന്നും ജിജെസി വ്യക്തമാക്കി.

ഹാൾമാർക്കിംഗ് ചട്ടങ്ങൾ കൃത്യമായി പാലിക്കുന്ന വ്യാപാരികൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാകും. പ്രത്യേകിച്ച് ഭാരം കുറഞ്ഞ ലൈറ്റ് വെയിറ്റ് ആഭരണങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. ഭാരം പരിഗണിക്കാതെ ഓരോ ആഭരണത്തിനും ഒരേ നിരക്കിൽ ഫീസ് ഈടാക്കുമ്പോൾ, ചെറിയ ആഭരണങ്ങളുടെ വിലയിൽ ഈ നിരക്ക് വർധന വലിയ ശതമാനമായി മാറും. സ്വർണവില ഇതിനകം തന്നെ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം അധിക ചെലവുകൾ ഒടുവിൽ ഉപഭോക്താക്കൾ തന്നെ വഹിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാക്കുമെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.

വ്യാജ ഹാൾമാർക്കിംഗിനെതിരെ നടപടി വേണം

രാജ്യത്ത് ഹാൾമാർക്കിംഗ് നടത്തുന്ന ആഭരണങ്ങളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2021 ജൂലൈ മുതൽ 2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 60 കോടിയിലധികം സ്വർണാഭരണങ്ങളാണ് HUID പതിച്ച് ഹാൾമാർക്ക് ചെയ്തത്. രാജ്യത്തെ 380 ജില്ലകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുകയും ചെയ്തു. ഇത്രയധികം വ്യാപ്തി വർധിച്ച സാഹചര്യത്തിൽ ചെലവ് കുറയേണ്ടതിന് പകരം ഒറ്റയടിക്ക് ഇത്രയും വലിയ നിരക്ക് വർധനവ് ഏർപ്പെടുത്തിയത് എന്തിനാണെന്ന് ജിജെസി ചെയർമാൻ രാജേഷ് റോക്‌ഡെ ചോദിച്ചു.

നിയമാനുസൃതമായി പ്രവർത്തിക്കുന്ന വ്യാപാരികളെ പിഴിയുന്നതിന് പകരം വിപണിയിലെ വ്യാജന്മാരെ പിടികൂടാനാണ് ബിഐഎസ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, അസം, കന്യാകുമാരി തുടങ്ങിയ ഇടങ്ങളിൽ വ്യാജ ഹാൾമാർക്കിംഗ് സെന്ററുകളും HUID ഇല്ലാത്ത വ്യാജ ആഭരണങ്ങളും അടുത്തിടെ പിടികൂടിയിരുന്നു. വ്യാജന്മാരെ നിയന്ത്രിക്കാതെ നിയമം പാലിക്കുന്നവരുടെ ചെലവ് കൂട്ടുന്നത് നിയമവിരുദ്ധ മാർക്കറ്റുകൾക്ക് കൂടുതൽ പ്രോത്സാഹനമാകുമെന്ന് ജിജെസി വൈസ് ചെയർമാൻ അവിനാഷ് ഗുപ്ത വ്യക്തമാക്കി.

Content Highlights: Hallmarking charges for gold jewellery have increased by 67%, prompting concerns from the jewellery sector. The GJC has called for a review of the revised rates, citing their potential impact on jewellers and consumers.

dot image
To advertise here,contact us
dot image