തായിസിലെ സ്‌കൂളുകൾ ആക്രമിച്ചു: സൗദിക്കെതിരെ ആരോപണവുമായി ഹൂതികൾ; ഹൂതി കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് യെമനീസ് സൈന്യം

ബാബ് അൽ മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും സുരക്ഷിതമാണെന്ന് ഹൂതികളുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

തായിസിലെ സ്‌കൂളുകൾ ആക്രമിച്ചു: സൗദിക്കെതിരെ ആരോപണവുമായി ഹൂതികൾ; ഹൂതി കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് യെമനീസ് സൈന്യം
dot image

സന: യെമനിലെ തായിസ് ഗവർണറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൗദി അറേബ്യയും യെമനീസ് സർക്കാർ സേനയും ആക്രമിച്ചതായി ഹൂതി വിദ്യാഭ്യാസ മന്ത്രാലയം ആരോപിച്ചു. സ്‌കൂളുകൾ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ക്രിമിനൽ പ്രവൃത്തിയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹൂതികളുമായി ബന്ധമുള്ള അൽ മസീറ ടെലിവിഷൻ ചാനലാണ് ഹൂതികളുടെ പ്രസ്താവന പുറത്ത് വിട്ടത്.

ഇതിനിടെ ബാബ് അൽ മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാണെന്നും ഹൂതികൾ വ്യക്തമാക്കി. ബാബ് അൽ മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും സുരക്ഷിതമാണെന്ന് ഹൂതികളുടെ വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. ജലപാതയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ സൗദി അറേബ്യ ശ്രമിക്കുകയാണെന്നും മന്ത്രാലയം ആരോപിച്ചു. ശത്രുതാപരമായ സൗദി സൈനിക സന്നാഹങ്ങളെ ലക്ഷ്യമിടാൻ തങ്ങൾക്ക് പൂർണ അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ സ്ഥിരതയും സമാധാനവും ആഗ്രഹിക്കുന്നുവെങ്കിൽ, ലോകം സൗദി അറേബ്യയോട് യെമന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടൽ അവസാനിപ്പിക്കാൻ ആവശ്യപ്പെടണമെന്നും ഹൂതി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സബാ വാർത്താ ഏജൻസിയാണ് പ്രസ്താവന പുറത്ത് വിട്ടത്. ബാബ് അൽ മന്ദബ് കടലിടുക്കിലൂടെ സൗദി കപ്പലുകൾക്ക് മാത്രമായിരിക്കും വിലക്കേർപ്പെടുത്തുകയെന്നും മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് സ്വതന്ത്രമായി കടന്നുപോകാമെന്നും ഹൂതികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ ഹൂതി സൈന്യം കൈവശപ്പെടുത്തിയ മൊഖയിലും ദുബാബിലുമുള്ള ഹൂതി കേന്ദ്രങ്ങൾക്കുനേരെ വ്യോമാക്രമണം നടത്തിയതായി യെമൻ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ യെമനിലെ മൊഖ, ദുബാബ് മേഖലകളിലുള്ള ഹൂതികളുടെ ആയുധവിതരണ കേന്ദ്രങ്ങൾക്കും മറ്റ് സൈനിക കേന്ദ്രങ്ങൾക്കും നേരെ വ്യോമാക്രമണം നടത്തിയതായാണ് യെമൻ സൈനിക വക്താവ് മജീദ് അബ്ദുല്ല അൽ നുസൈലി അവകാശപ്പെട്ടത്. എക്‌സിൽ പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ വാഹനങ്ങളും വിവിധ കേന്ദ്രങ്ങളും തകർന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങളും സൈനിക വക്താവ് പങ്കുവെച്ചിട്ടുണ്ട്.

ഇതിനിടെ സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി. സാമ്പത്തിക വാർത്താ ചാനലായ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ എണ്ണ പൈപ്പ്‌ലൈൻ വളരെ വേഗം വീണ്ടും പ്രവർത്തനക്ഷമമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉപരോധം നേരിടുന്ന ഹോർമുസ് കടലിടുക്കിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയ്ക്ക് എണ്ണ കയറ്റുമതി നടത്താൻ സഹായിക്കുന്നതാണ് ഈ പ്രധാന പൈപ്പ്‌ലൈൻ. ഇറാഖിൽനിന്നുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച പൈപ്പ്‌ലൈൻ വഴിയുള്ള എണ്ണനീക്കം താൽക്കാലികമായി നിർത്തിവെച്ചതായി സൗദി അധികൃതർ അറിയിച്ചിരുന്നു. അതേസമയം യെമനിലെ സംഘർഷം ശക്തമായതോടെ സൗദിയും പുതിയൊരു സംഘർഷമേഖലയുടെ ഭാഗമായി മാറിയിരിക്കുകയാണ്. സൗദി അറേബ്യയിലെ ചെങ്കടൽ തീരത്തെ യൻബു തുറമുഖത്ത് നിന്നുള്ള എണ്ണ കയറ്റുമതി നിർത്തിവെച്ചതായി ഷിപ്പിങ് വൃത്തങ്ങൾ അറിയിച്ചു. സൗദിയുടെ കിഴക്കൻ മേഖലയിലെ എണ്ണ യൻബു തുറമുഖത്തേക്ക് എത്തിക്കുന്ന ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ പ്രവർത്തനം നിർത്തിവെക്കേണ്ടിവന്ന ഡ്രോൺ ആക്രമണം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പുതിയ സംഭവവികാസം.

യുഎസിൻ്റെ ആളില്ലാ കപ്പൽ പിടിച്ചെടുക്കാൻ ഇറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്ന് അമേരിക്ക അവകാശപ്പെട്ടു. അമേരിക്കയുടെ ആളില്ലാ ഉപരിതല കപ്പൽ പിടിച്ചെടുക്കാൻ ഇറാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടതായാണ് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ശ്രമത്തെ യുഎസ് സെൻട്രൽ കമാൻഡ് ശക്തമായി പ്രതിരോധിച്ചെന്നും കപ്പൽ ഇപ്പോഴും യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും ഹോക്കിൻസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഹോർമൂസിന് മുകളിൽ മറ്റൊരു എംക്യു-1 ഡ്രോൺ കൂടി വെടിവെച്ചിട്ടതായി ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. ഹോർമൂസ് കടലിടുക്കിന് മുകളിൽ അമേരിക്കൻ നിർമിത എംക്യു-1 ഡ്രോൺ കൂടി ഇറാന്റെ ഇസ്‌ലാമിക്‌ റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) വെടിവെച്ചിട്ടതായി ഇറാൻ സർക്കാർ അനുകൂല വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. ഇന്ന് മേഖലയിൽ വെടിവെച്ചിട്ട മൂന്നാമത്തെ ഡ്രോണാണിതെന്നാണ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: Houthis have accused Saudi Arabia and its allies of targeting schools in Yemen’s Taiz governorate, while the Yemeni army said it carried out attacks on Houthi positions.

dot image
To advertise here,contact us
dot image