'വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണം'; കേരളം സുപ്രീം കോടതിയില്‍

വൈദ്യുതി കരാറുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കുറഞ്ഞ വിലയിലുള്ള വൈദ്യുതി ലഭിക്കുന്നില്ലെന്നാണ് സംസ്ഥാനം സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്

'വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണം'; കേരളം സുപ്രീം കോടതിയില്‍
dot image

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് കേരളം. വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ആവശ്യമുന്നയിച്ച് കേരളം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കരാര്‍ റദ്ദാക്കലിലൂടെ കേരളത്തിന് വലിയ നഷ്ടമുണ്ടാകുന്നുവെന്ന് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതുവരെ 12570 കോടി രൂപയുടെ നഷ്ടമെന്നാണ് കേരളം ചൂണ്ടിക്കാട്ടിയത്.

വൈദ്യുതി കരാറുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കുറഞ്ഞ വിലയിലുള്ള വൈദ്യുതി ലഭിക്കുന്നില്ലെന്നാണ് സംസ്ഥാനം സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടാക്കുന്നു. ഇതുവരെ സംസ്ഥാനത്തിന് ഉണ്ടായ നഷ്ടം 12570 കോടി രൂപ ആണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2024-25 ല്‍ മാത്രം സംസ്ഥാന സര്‍ക്കാരിൻ്റെ നഷ്ടം 748.20 കോടി ആണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ മര്‍സൂഖ് ബാഫഖി തങ്ങള്‍ ആണ് കേരളത്തിന്റെ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്തത്.

2014-ല്‍ ആണ് ദീര്‍ഘകാലം വൈദ്യുതി വാങ്ങുന്നതിന് കേരളം നാല് കരാറുകള്‍ ഒപ്പുവച്ചത്. യൂണിറ്റിന് 4.29 രൂപ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നതിനാണ് മൂന്ന് കമ്പനികളുമായി കരാര്‍ ഒപ്പിട്ടത്. ജാബുവ പവര്‍ (115, 100 മെഗാവാട്ട് വീതം രണ്ടുകരാറുകള്‍), ജിന്‍ഡല്‍ പവര്‍ (150 മെഗാവാട്ട്), ജിന്‍ഡല്‍ ഇന്ത്യ തെര്‍മല്‍ പവര്‍ (100 മെഗാവാട്ട്) എന്നീ കമ്പനികളുമായാണ് കരാര്‍. 2014-ലെ കരാര്‍ പ്രകാരം 25 വര്‍ഷത്തേക്ക് 4-മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാമായിരുന്നു. 2016 മുതല്‍ സംസ്ഥാനം കരാര്‍ അനുസരിച്ച് വൈദ്യുതി വാങ്ങിതുടങ്ങി. എന്നാല്‍, നടപടികളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി 2023 മേയ് മുതല്‍ ഇവരില്‍നിന്ന് വൈദ്യുതി വാങ്ങുന്നത് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വിലക്കി.

ഇതിനിടെ, 2003-ലെ വൈദ്യുതി നിയമം 108-ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ റെഗുലേറ്ററി കമ്മിഷനോട് കരാര്‍ പുനഃസ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. ഇതുപരിഗണിച്ച് റെഗുലേറ്ററി കമ്മീഷന്‍ കരാര്‍ പുനഃസ്ഥാപിച്ചു. എന്നാല്‍, വൈദ്യുത വിതരണ കമ്പനികള്‍ റെഗുലേറ്ററി കമ്മിഷന്റെ തീരുമാനത്തിനെതിരെ അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചു. അപ്പലേറ്റ് ട്രിബ്യുണല്‍ സ്വകാര്യ വൈദ്യുതി കമ്പനികള്‍ക്ക് അനുകൂലമായി വിധിച്ചു. ഈ വിധിയെ ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ നോട്ടീസ് അയച്ചെങ്കിലും മാസങ്ങളായി ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Content Highlights: Amid the worsening electricity situation in Kerala, the state government has approached the Supreme Court seeking urgent consideration of its petition against the cancellation of an electricity contract. The government says the cancellation has caused significant financial losses to Kerala, with the state estimating the loss so far at ₹12,570 crore.

dot image
To advertise here,contact us
dot image