

ഇന്ത്യൻ വിനോദസഞ്ചാരികൾക്കായി അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് പ്രഖ്യാപിച്ച സൗജന്യ വിസ പദ്ധതിക്ക് ആവേശകരമായ പ്രതികരണം. അബുദാബിയിൽ കുറഞ്ഞത് മൂന്ന് രാത്രികൾ തങ്ങുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കാണ് സൗജന്യ എൻട്രി വിസ ലഭ്യമാക്കുന്നത്. വരുന്ന ദീപാവലി ആഘോഷ കാലയളവിലേക്ക് ഇതിനോടകം നിരവധി ബുക്കിംഗുകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.
വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിലെ വർധനവും രൂപയുടെ മൂല്യത്തകർച്ചയുമാണ് ഇന്ത്യൻ യാത്രക്കാരുടെ ചെലവ് കൂട്ടുന്ന പ്രധാന ഘടകം. ഇത് തിരിച്ചറിഞ്ഞാണ് അബുദാബി വിനോദസഞ്ചാര വകുപ്പ് സൗജന്യ വിസ പദ്ധതി പ്രഖ്യാപിച്ചത്. 2026 ഓഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെ പ്രാബല്യത്തിലുള്ള പൈലറ്റ് പദ്ധതിയിലൂടെ 20,000 സൗജന്യ വിസകളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. അംഗീകൃത യാത്രാ ഏജൻസികൾ വഴി അബുദാബിയിൽ കുറഞ്ഞത് മൂന്ന് രാത്രി ഹോട്ടൽ താമസം ഉൾപ്പെടുന്ന പാക്കേജുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക.
ഇന്ത്യൻ യാത്രാ പങ്കാളികളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിസ ഫീ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ഡിസിടി അബുദാബി അന്താരാഷ്ട്ര പ്രവർത്തന വിഭാഗം ഡയറക്ടർ അബ്ദുള്ള യൂസഫ് പറഞ്ഞു. ദീപാവലി സമയത്ത് യാത്ര പ്ലാൻ ചെയ്യുന്ന ഒട്ടേറെ സഞ്ചാരികൾ ഈ അവസരം പ്രയോജനപ്പെടുത്തുന്നുണ്ട്. പൈലറ്റ് ഘട്ടം വിജയകരമായാൽ കൂടുതൽ പങ്കാളികളിലേക്ക് പദ്ധതി വിപുലീകരിക്കും.
യുഎസ്, യുകെ, യൂറോപ്യൻ വിസയുള്ള നിരവധി ഇന്ത്യക്കാർക്ക് നിലവിൽ യുഎഇയിൽ വിസ ഓൺ അറൈവൽ സൗകര്യമുണ്ടെന്ന വിവരവും ഡിസിടി ഓർമ്മിപ്പിച്ചു. രാജ്യത്തെ മുൻനിര അന്താരാഷ്ട്ര വിപണിയായ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വരും മാസങ്ങളിൽ കുത്തനെ ഉയരുമെന്നാണ് വിലയിരുത്തൽ.
Content Highlights: Abu Dhabi authorities have stated that the free visa scheme for Indian travellers has received an encouraging response. The initiative aims to attract more Indian visitors and promote travel between India and Abu Dhabi.