'തടവില്‍ കഴിയുന്ന മഞ്ജുവിനെ പോയി കാണാന്‍ തീരുമാനിച്ചു'; ഫേസ്ബുക്ക് പോസ്റ്റുമായി മധുവാര്യര്‍

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പരിഹസിച്ച് സഹോദരന്‍ മധു വാര്യര്‍ പോസ്റ്റിട്ടിരിക്കുന്നത്

'തടവില്‍ കഴിയുന്ന മഞ്ജുവിനെ പോയി കാണാന്‍ തീരുമാനിച്ചു'; ഫേസ്ബുക്ക് പോസ്റ്റുമായി മധുവാര്യര്‍
dot image

നടി മഞ്ജു വാര്യര്‍ തടവിലാണെന്ന് ആരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം നടത്തുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പരിഹസിച്ച് സഹോദരന്‍ മധു വാര്യര്‍. അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവില്‍ കഴിയുന്ന മഞ്ജുവിനെ പോയി കാണാന്‍ തീരുമാനിച്ചു. ഗണ്‍പോയിന്റിലുള്ള മഞ്ജു എല്ലാവര്‍ക്കും ബേണ്‍ഡ് ഗാര്‍ലിക് ഫ്രൈഡ് റൈസും, നൂഡില്‍സും, ഹണി ഗ്ലേസ്ഡ് ചിക്കനും, സാള്‍ട്ട് പെപ്പര്‍ കോട്ടേജ് ചീസും ഓര്‍ഡര്‍ ചെയ്തു. തുടങ്ങിയ കാര്യങ്ങളൊക്കെയാണ് മധുവാര്യര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവില്‍ കഴിയുന്ന മഞ്ജുവിനെ പോയി കാണാന്‍ തീരുമാനിച്ചു. മഞ്ജുവിനെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ള കാലമാടന്മാര്‍ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാന്‍ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി. അവിടെ ചെന്നപ്പോള്‍ തോക്കിന്‍മുനയില്‍ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, അനു ഞെട്ടി, ആവണി ഞെട്ടി, ഞാന്‍ ഞെട്ടി, ബാല്‍ക്കണിയില്‍ ഇരിക്കുന്ന പ്രാവിലേക്ക് ശ്രദ്ധ പോയത് കൊണ്ട് ഒരു പത്ത് സെക്കന്റ് ഡിലേ കഴിഞ്ഞ് കൊക്കോയും ഞെട്ടല്‍ രേഖപ്പെടുത്തി. അങ്ങനെ ഞെട്ടല്‍ മഹാമഹം കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ഞങ്ങള്‍ ബാക്കി കാര്യപരിപാടിയിലേക്ക് കടന്നു.

Also Read:

മഞ്ജു പുതിയതായി വാങ്ങിയ ഡ്രെസ്സുകള്‍ എടുത്ത് കൊണ്ട് വന്ന് നിരത്തി അതിന്റെ ഡിസ്‌കഷന്‍സിലേക്ക് കടന്നു. തടവില്‍ ഇരിക്കുമ്പോഴെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. അത് കഴിഞ്ഞ് ഗണ്‍പോയിന്റിലുള്ള മഞ്ജു എല്ലാവര്‍ക്കും ബേണ്‍ഡ് ഗാര്‍ലിക് ഫ്രൈഡ് റൈസും, നൂഡില്‍സും, ഹണി ഗ്ലേസ്ഡ് ചിക്കനും, സാള്‍ട്ട് പെപ്പര്‍ കോട്ടേജ് ചീസും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണശേഷം ഇറങ്ങാന്‍ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞു. കഥകളി ക്ലാസ്സിന്റേയും യോഗാ ക്ലാസ്സിന്റേയും ബോറടി മാറ്റാന്‍ രണ്ട് ദിവസം മഞ്ജുവിന്റെ കൂടെ തടവില്‍ കഴിയാന്‍ പോകുകയാണ് പോലും. അപ്പൊ ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിന്‍മുനയിലായിരിക്കും.

Content Highlights: Madhu Warrier has mocked director Sanal Kumar Sasidharan. Sanal Kumar is currently staging a protest in front of the Secretariat, alleging that Manju Warrier is being held captive.

dot image
To advertise here,contact us
dot image