സൗദി ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈൻ ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ്; ഭിന്നത ഉണ്ടാക്കാൻ ശ്രമമെന്ന് മറുപടി

സമാധാന കരാറില്‍ എത്രയും വേഗം എത്താന്‍ ഇറാന്‍ വളരെയേറെ താത്പര്യപ്പെടുന്നുവെന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു

സൗദി ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈൻ ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ്; ഭിന്നത ഉണ്ടാക്കാൻ ശ്രമമെന്ന് മറുപടി
dot image

വാഷിങ്ടണ്‍/ തെഹ്‌റാന്‍: സൗദി അറേബ്യയിലെ ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി താന്‍ സംസാരിച്ചെന്നും ട്രംപ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ ആഴ്ചകളോളം ഇവ പ്രവര്‍ത്തനരഹിതമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്നാലെ ബ്രന്‍ഡ് ക്രൂഡ് ഓയില്‍ വില ബാരലിന് 107 ഡോളര്‍ കടന്നു. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് ഇറാനും രംഗത്തെത്തി. പൊള്ളത്തരങ്ങള്‍ സൃഷ്ടിച്ച് പ്രാദേശിക രാജ്യങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനത്ത സാഹചര്യത്തിൽ ഇറാനുമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ കരാറില്‍ അന്തിമ തീരുമാനം തന്റേതായിരിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. സമാധാന കരാറില്‍ എത്രയും വേഗം എത്താന്‍ ഇറാന്‍ വളരെയേറെ താത്പര്യപ്പെടുന്നുവെന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

ഇക്കഴിഞ്ഞ ജൂണ്‍ 17ന് ഒപ്പിച്ച വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ ഇറാനും യുഎസും തമ്മില്‍ സമാധാനചര്‍ച്ചകള്‍ സംഭവിച്ചിട്ടില്ല. ഈ കരാര്‍ ഒരു മാസമാകുന്നതിന് മുമ്പ് തന്നെ അവസാനിക്കുകയും ചെയ്തിരുന്നു. മുമ്പും സമാനമായ രീതിയില്‍ ഒരു സമാധാന കരാറിലെത്താന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. ഇറാനും ജിസിസി രാജ്യങ്ങളും തമ്മില്‍ ഒമാനിലെ സലാലയില്‍ നടക്കാനിരുന്ന ചര്‍ച്ച മാറ്റിവച്ചതിന് പിന്നാലെയാണ് ട്രംപ് കരാറിനെ കുറിച്ചുള്ള സൂചന നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമാധാന കരാറുണ്ടാകില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി മൊഹസെന്‍ റസായി വ്യക്തമാക്കി.

അതേസമയം ഹോര്‍മൂസ് കടലിടുക്കിലൂടെ രഹസ്യമായി എണ്ണ കപ്പലുകള്‍ കടന്നുപോകുന്നുണ്ടെന്ന് യുഎസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് വിയന്നയില്‍ നടന്ന യുഎന്‍ ആണവ ഏജന്‍സി ആസ്ഥാനത്ത് നടന്ന വാര്‍ഷിക സമ്മേളനത്തില്‍ വ്യക്തമാക്കി.ഹോര്‍മൂസ് കടലിടുക്കിലും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. പനാമ എണ്ണ കപ്പലായ എല്‍ ഗായിയ ഹോര്‍മൂസിലെ കടല്‍ മൈനുകളില്‍ ഇടിച്ചെന്ന ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ അവകാശവാദം അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് തള്ളി. ഇതേ കപ്പലിന് നേരെ കഴിഞ്ഞ മാസം ഇറാന്റെ മിസൈല്‍ ആക്രമണവും കഴിഞ്ഞയാഴ്ച ഡ്രോണ്‍ ആക്രമണവും ഉണ്ടായിരുന്നു എന്നും അമേരിക്ക ആരോപിച്ചു

ഇതിനിടെ ഹോര്‍മൂസില്‍ ലാര്‍ക്ക് ദ്വീപിനടുത്ത് മത്സ്യബന്ധന ബോട്ടുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. കാണാതായ മത്സ്യ തൊഴിലാളികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ലെബനന് പിന്തുണ അറിയിച്ച് ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ലെബനീസ് പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബെറിയുമായി ഫോണില്‍ സംസാരിച്ചു. ഇസ്രയേലിന്റെ കടന്നാക്രമണങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് അരാഗ്ചി ആവശ്യപ്പെട്ടു. ലെബനന്റെ പരമാധികാരം ഇറാന്‍ ബഹുമാനിക്കുന്നെന്നും ഫോണ്‍ സംഭാഷണത്തില്‍ അരാഗ്ച്ചി അറിയിച്ചു. കടന്നാക്രമണങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആഗോള സമൂഹവും ഇസ്‌ലാമിക രാജ്യങ്ങളും ഇസ്രയേലിനെ അനുവദിക്കരുതെന്ന് നബീഹ് ബെറിയും പറഞ്ഞതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: US President Donald Trump blamed Iran for the incident involving Saudi Arabia’s East West Pipeline. Iran rejected the allegation and said the statement was an attempt to create divisions

dot image
To advertise here,contact us
dot image