ട്രംപിൻ്റെ ഇറാൻ നയം: ജെ ഡി വാൻസിനും ജോയിൻ്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാനും അഭിപ്രായ വ്യത്യാസമെന്ന് റിപ്പോർട്ട്

13 ദിവസത്ത തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ വെള്ളിയാഴ്ച രാത്രി മുതൽ അമേരിക്ക ഇറാനെതിരായ ആക്രമണങ്ങൾ അമേരിക്ക താത്കാലികമായി നിർത്തിവെച്ചിരുന്നു

ട്രംപിൻ്റെ ഇറാൻ നയം: ജെ ഡി വാൻസിനും ജോയിൻ്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാനും അഭിപ്രായ വ്യത്യാസമെന്ന് റിപ്പോർട്ട്
dot image

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഇറാൻ നയത്തിൽ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസിനും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നും വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് റിപ്പോർട്ട്. ഇറാനെതിരായ സൈനിക നടപടികൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള സാധ്യത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഗണിക്കുന്നതിനിടെയാണ് ഇരുവരും വിയോജിപ്പുമായി രം​ഗത്ത് എത്തിയിരിക്കുന്നത്. യുദ്ധം കൂടുതൽ രൂക്ഷമാകുന്നതിനെക്കുറിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നും ആശങ്ക പ്രകടിപ്പിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കയുടെ ആയുധശേഖരത്തിലെ കുറവും യുദ്ധം കൂടുതൽ വ്യാപിപ്പിച്ചാൽ ഉണ്ടാകാവുന്ന മറ്റ് പ്രതികൂല പ്രത്യാഘാതങ്ങളും സംബന്ധിച്ച് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന യോഗത്തിൽ ജനറൽ ഡാൻ കെയ്ൻ ട്രംപിനെ പ്രത്യേകം ബോധിപ്പിച്ചതായും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രസിഡന്റിന്റെ നിർദേശങ്ങൾ നടപ്പാക്കാൻ സൈന്യത്തിന് കഴിയുമെങ്കിലും അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ഗൗരവമായി പരിഗണിക്കണമെന്നും ഡാൻ കെയ്ൻ ട്രംപിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. അമേരിക്കയുടെ ആയുധശേഖരത്തിലെ കുറവും പ്രധാന ആശങ്കയായി യോ​ഗത്തിൽ ഉയർന്നുവന്നുവെന്നും റിപ്പോ‍ർട്ടുകൾ വ്യക്തമാക്കുന്നു. ദീർഘകാല സൈനിക നീക്കം അമേരിക്കയുടെ ആയുധശേഖരത്തെ ബാധിക്കുമെന്ന് യുദ്ധം ആരംഭിക്കുന്നതിന് മുൻപുതന്നെ ജനറൽ ഡാൻ കെയ്നും മറ്റ് സൈനിക മേധാവികളും ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

'ലോകത്തിലെ ഏറ്റവും ശക്തമായ സൈനികശേഷി അമേരിക്കയ്ക്കാണ്. പ്രസിഡന്റിന്റെ നിർദേശപ്രകാരം ഏത് സമയത്തും ഏത് സ്ഥലത്തും ആവശ്യമായ സൈനിക നടപടി സ്വീകരിക്കാൻ അമേരിക്കൻ സൈന്യത്തിന് മതിയായ ശേഷിയും ആയുധശേഖരവും നിലവിലുണ്ട്' എന്നാണ് പെന്റഗൺ മുഖ്യ വക്താവ് ഷോൺ പാർനെലിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. 'വിവിധ സൈനിക മേഖലകളിൽ വിജയകരമായ നിരവധി ദൗത്യങ്ങൾ ഞങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അതോടൊപ്പം അമേരിക്കൻ ജനങ്ങളുടെയും രാജ്യത്തിന്റെ താൽപര്യങ്ങളുടെയും സംരക്ഷണത്തിനാവശ്യമായ ശക്തമായ സൈനിക ശേഷിയും നിലനിർത്തുന്നുണ്ട്' എന്നും പാർനെൽ കൂട്ടിച്ചേർത്തു.

ഇതിനിടെ 13 ദിവസത്ത തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ വെള്ളിയാഴ്ച രാത്രി മുതൽ അമേരിക്ക ഇറാനെതിരായ ആക്രമണങ്ങൾ അമേരിക്ക താത്കാലികമായി നിർത്തിവെച്ചിരുന്നു. ഈ ആഴ്ച ഇറാനെതിരെ വലിയ ആക്രമണം പരിഗണിക്കുന്നതായി ട്രംപ് നേരത്ത പരസ്യമായി പ്രതികരിച്ചിരുന്നു. എന്നാൽ ചർച്ചകൾ തുടരാൻ തന്റെ പ്രതിനിധികൾക്ക് ട്രംപ് രഹസ്യനിർദ്ദേശം നൽകിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

Content Highlights: A report claims US Vice President JD Vance and Chairman of the Joint Chiefs of Staff Gen. Dan Caine expressed concerns over escalating military action against Iran as President Donald Trump weighed further strikes.

dot image
To advertise here,contact us
dot image