'കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയം': പവര്‍കട്ടിനെതിരെ പി എ മുഹമ്മദ് റിയാസ്

കോണ്‍ഗ്രസിന്റെ തമ്മിലടിയും അഭിപ്രായ വ്യത്യാസവും തീര്‍ക്കാന്‍ മാത്രമാണ് മന്ത്രിയ്ക്ക് സമയമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു

'കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയം': പവര്‍കട്ടിനെതിരെ പി എ മുഹമ്മദ് റിയാസ്
dot image

തിരുവനന്തപുരം: കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയമാണെന്ന് മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ്. വൈദ്യുതി വാങ്ങാന്‍ അവസരമുണ്ടായിട്ടും വാങ്ങിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന്റെ തമ്മിലടിയും അഭിപ്രായ വ്യത്യാസവും തീര്‍ക്കാന്‍ മാത്രമാണ് മന്ത്രിയ്ക്ക് സമയമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വഖഫ് ബോര്‍ഡ് വിഷയത്തില്‍ മുസ്‌ലിം ലീഗിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്‌ലിം ലീഗ് കോടതിയില്‍ സ്വീകരിച്ച നിലപാടല്ല സര്‍ക്കാരിന്റേത്. ലീഗിന്റെ ഇരട്ടത്താപ്പ് വ്യക്തമായി. ആര്‍എസ്എസിനോട് പല വിഷയങ്ങളിലും സര്‍ക്കാരും മുസ്‌ലിം ലീഗും സന്ധി ചെയ്യുകയാണ്. അധികാരമാണ് ലീഗിന് വലുത്. വ്യത്യസ്ത നിലപാട് സ്വീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പിഎം ശ്രീ അറബിക്കടലില്‍ വലിച്ചെറിയുമെന്ന് പറഞ്ഞവരാണ് അധികാരത്തിലെത്തി നടപ്പാക്കാന്‍ ശ്രമിക്കുന്നത്': മുഹമ്മദ് റിയാസ് പറഞ്ഞു.

പവര്‍കട്ടിനെതിരെ എകെജി സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടന്നിരുന്നു. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. വൈദ്യുതി മന്ത്രി വിഡ്ഢിത്തം പറയുകയാണെന്നും വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാണ് നീക്കമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം എവിടെയെങ്കിലും ആക്ഷേപം ഉണ്ടായിരുന്നോ എന്ന് ചോദിച്ച ഇ പി, ഭരിക്കാന്‍ അറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണമെന്നും മുഖ്യമന്ത്രിക്ക് പരിചയക്കുറവ് ഉണ്ടെങ്കില്‍ പരിശീലനം നേടണമെന്നും പറഞ്ഞു. അരണ്ട സര്‍ക്കാര്‍ കേരളത്തിന് ബാധ്യതയായിരിക്കുന്നുവെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Also Read:

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഡിമാന്റ് ആണ് ഈ സീസണില്‍ വൈദ്യുതിക്ക് ഉണ്ടായിരിക്കുന്നതെന്നും മുപ്പത് ദിവസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രതിഭാസമല്ല പവര്‍കട്ട് എന്നും മുഖ്യമന്ത്രി വി ഡി സതീശൻ അടുത്തിടെ പറഞ്ഞിരുന്നു. കനത്ത മഴക്കുറവ്, അണക്കെട്ടുകളിലെ ജലശേഖരണത്തിലെ ഇടിവ്, ഹൈഡല്‍ പവര്‍ ഉല്‍പ്പാദനത്തിലുണ്ടായ 80 ശതമാനത്തിന്റെ കുറവ്, ദേശീയ വൈദ്യുതി വിപണിയില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാതിരുന്ന പ്രശ്‌നം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതി ഉപയോഗത്തില്‍ ഉണ്ടായ ആയിരം മെഗാവാട്ടിന്റെ വര്‍ധനവ് എന്നിവയെല്ലാം വൈദ്യുതി ഉല്‍പ്പാദനക്കുറവിന് വഴിവയ്ക്കുകയും അത് പവര്‍ കട്ടിലേക്കും നയിക്കുകയുമായിരുന്നു എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.

Content Highlights: PA Mohamed Riyas criticizes the government over unannounced power cuts and electricity failure in Kerala, calling the frequent outages the "government's new wonder."

dot image
To advertise here,contact us
dot image