'അത് മലയാളിയുടെ പൊതു സ്വഭാവമാണ്, അദ്ദേഹം അപകടത്തില്‍പ്പെട്ടപ്പോള്‍ നോക്കിനില്‍ക്കാനായില്ല'

മാൻഹോളിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട വിശ്വനാഥൻ പറയുന്നു

'അത് മലയാളിയുടെ പൊതു സ്വഭാവമാണ്, അദ്ദേഹം അപകടത്തില്‍പ്പെട്ടപ്പോള്‍ നോക്കിനില്‍ക്കാനായില്ല'
dot image

കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയില്‍ മാന്‍ഹോളില്‍ കുടുങ്ങിയ ആളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടത്തില്‍പ്പെട്ട യുവാവ് ആശുപത്രി വിട്ടു. മൂട്ടോളി സ്വദേശിയായ വിശ്വനാഥന്‍ ആണ് ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടത്. അപകടം നടക്കുന്ന സമയം താന്‍ മറ്റൊന്നും ചിന്തിച്ചില്ലെന്നും ആളെ എങ്ങനെയെങ്കിലും രക്ഷിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും വിശ്വനാഥന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എന്നാല്‍ അപകടത്തില്‍പ്പെട്ട ആളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് തന്നെ രക്ഷിക്കുകയായിരുന്നുവെന്നും വിശ്വനാഥന്‍ പറഞ്ഞു.

ജൂലൈ പതിനഞ്ചാം തീയതിയായിരുന്നു മൂട്ടോളിയില്‍ അപകടം നടന്നത്. വാട്ടര്‍ ടാങ്ക് തൊഴിലാളിയായ പാലത്ത് സ്വദേശിയായ സിറാജ് ആയിരുന്നു അപകടത്തില്‍പ്പെട്ടതും മരിച്ചതും. അന്ന് സിറാജിനൊപ്പം സഹായിയായെത്തിയ ആളാണ് വിശ്വനാഥന്‍ എന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നായിരുന്നു വിശ്വനാഥനെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം ഞായറാഴ്ച ആശുപത്രി വിട്ട വിശ്വനാഥന്‍ അപകടത്തിന്റെ ഓര്‍മ്മകള്‍ റിപ്പോര്‍ട്ടറിനോട് പങ്കുവെയ്ക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞാണ് താന്‍ അവിടെ എത്തിയതെന്ന് വിശ്വനാഥന്‍ പറഞ്ഞു. താന്‍ നോക്കുമ്പോള്‍ അപകടത്തില്‍പ്പെട്ടയാളുടെ ദേഹത്ത് മണ്ണുവീണ നിലയിലായിരുന്നു.

എങ്ങനെയെങ്കിലും അദ്ദേഹത്തെ രക്ഷിക്കണം എന്ന് തോന്നി. പിടിച്ച് ഉയര്‍ത്തുന്നതിനിടെ തന്റെ ശരീരം കുഴഞ്ഞുപോയി. പിന്നെ താന്‍ കുഴിയിലേക്ക് വീണതായാണ് അവിടെയുണ്ടായിരുന്നവര്‍ പിന്നീട് പറഞ്ഞത്. മൂന്ന് ദിവസം കഴിഞ്ഞാണ് ബോധം വീണതെന്നും വിശ്വനാഥന്‍ പറഞ്ഞു.

ഭര്‍ത്താവിന് അപകടം സംഭവിച്ചു എന്ന് പറഞ്ഞാണ് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയതെന്ന് വിശ്വനാഥന്റെ ഭാര്യ പറഞ്ഞു. താന്‍ എത്തുമ്പോൾ ബോധമില്ലാത്ത അവസ്ഥയിലുള്ള ഭര്‍ത്താവിനെയാണ് കണ്ടത്. ആള്‍ ക്രിറ്റിക്കല്‍ അവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നത് കേട്ടിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയപ്പോഴാണ് ആശ്വാസമായതെന്നും ഭാര്യ പറഞ്ഞു.

മാന്‍ഹോളില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ വിശ്വനാഥന് പള്‍സോ ബോധമോ ഉണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആംബുലന്‍സില്‍ കയറ്റിയ ഉടന്‍ അദ്ദേഹത്തിന് സിപിആര്‍ നല്‍കുകയായിരുന്നു. സ്വന്തം സുരക്ഷ നോക്കിയ ശേഷം മാത്രമേ ഇത്തരത്തിലുള്ള അപകടങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തിന് ആളുകൾ ഇറങ്ങാന്‍ പാടുള്ളൂ എന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. അല്ലാത്ത പക്ഷം രണ്ടാളും അപകടത്തില്‍പ്പെടാം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights- Vishwanathan recalled how he was injured while attempting to rescue a young man trapped in a manhole, describing it as a natural human response to help

dot image
To advertise here,contact us
dot image