

സിറിയയിലെ ഡമാസ്‌കസ്–ദെയർ അൽ സോർ ഹൈവേയിൽ രണ്ട് യാത്രാബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെയും സിറിയൻ ജനതയെയും യുഎഇ അനുശോചനം അറിയിച്ചു. 'ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും സിറിയൻ സർക്കാരിനും ജനങ്ങൾക്കും ആത്മാർഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നു' എന്നായിരുന്നു യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.
ഇന്നലെ നടന്ന അപകടത്തിൽ 35 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറിയൻ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ സന (SANA) റിപ്പോർട്ട് ചെയ്തിരുന്നു. ആഭ്യന്തര സുരക്ഷാ സേനാംഗങ്ങളെ കൊണ്ടുപോയ ബസും സാധാരണ യാത്രക്കാരുമായി സഞ്ചരിച്ച മറ്റൊരു ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സന അറിയിച്ചിരുന്നത്.
അപകടത്തിന് പിന്നാലെ പ്രതിരോധ മന്ത്രാലയത്തിന്റെ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. പരിക്കേറ്റവരെയും മരിച്ചവരുടെ മൃതദേഹങ്ങളും പാൽമിറ വിമാനത്താവളത്തിൽ നിന്ന് ഹോംസിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
Content Highlight: The UAE has expressed its condolences to Syria following the deadly bus accident that claimed several lives and left many others injured