ഹൂതികൾക്ക് ഇറാൻ സഹായം? ഐആർജിസി കമാ‍ൻഡ‍ർമാരും മിസൈൽ-ഡ്രോൺ ഉപകരണങ്ങളും യെമനിൽ എത്തിയെന്ന് റിപ്പോർട്ട്

മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ 10 മുതൽ 21 വരെ ഐആർജിസി അംഗങ്ങൾ വിമാനത്തിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്

ഹൂതികൾക്ക് ഇറാൻ സഹായം? ഐആർജിസി കമാ‍ൻഡ‍ർമാരും മിസൈൽ-ഡ്രോൺ ഉപകരണങ്ങളും യെമനിൽ എത്തിയെന്ന് റിപ്പോർട്ട്
dot image

സന: മിസൈൽ, ഡ്രോൺ സംവിധാനങ്ങളും ബന്ധപ്പെട്ട ഉപകരണങ്ങളുമായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കമാൻഡർമാരെയും സൈനിക ഉപദേഷ്ടാക്കളെയും ഇറാൻ യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്. നാല് വ്യത്യസ്ത ഉറവിടങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ചെങ്കടലിലൂടെയുള്ള കപ്പൽഗതാഗതത്തിന് ഭീഷണി ഉയർത്താനുള്ള ഹൂതികളുടെ ആയുധശേഷി വർധിപ്പിക്കാനാണ് ഇറാൻ്റെ ഈ നീക്കമെന്നാണ് റിപ്പോർട്ട്. ജൂലൈ 13-ന് ടെഹ്‌റാനിൽ നിന്ന് യെമനിലേക്ക് പുറപ്പെട്ട മഹാൻ എയർ വിമാനത്തിലൂടെ ഐആർജിസി അംഗങ്ങളെയും സൈനിക ഉപകരണങ്ങളും അയച്ചതായാണ് റിപ്പോർട്ട്. രണ്ട് ഇറാനിയൻ സ്രോതസ്സുകൾ, യെമൻ്റെ ഇൻഫെർമേഷൻ മന്ത്രി, മേഖലയിലെ ഒരു സുരക്ഷാ വിശകലന വിദഗ്ധൻ എന്നിവരടക്കം നാലു പേർ ഈ വിവരം സ്ഥിരീകരിച്ചതായാണ് റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട്. മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ 10 മുതൽ 21 വരെ ഐആർജിസി അംഗങ്ങൾ വിമാനത്തിലുണ്ടായിരുന്നു എന്നാണ് രണ്ട് ഇറാനിയൻ സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ഹൂതി നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനായിലേക്ക് പോകാനിരുന്നു വിമാനം ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ സൗദി പിന്തുണയുള്ള യെമൻ സർക്കാർ സനാ വിമാനത്താവളത്തിൽ ആക്രമണം നടത്തിയതിന് പിന്നാലെ ഈ വിമാനം ചെങ്കടൽ തീരത്തെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ തുറമുഖ നഗരത്തിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. ഹൂതി സേനയുടെ സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകാനും പുതിയ മിസൈൽ സംവിധാനങ്ങളുടെ പരിശീലനം നൽകാനുമാണ് ഐആർജിസി കമാൻഡർമാർ യെമനിലെത്തിയതെന്നാണ് ഒരു സ്രോതസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഹൂതികളുടെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായത്തിനായി സ്വർണവും വിമാനത്തിൽ എത്തിച്ചുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സുരക്ഷാ കാരണങ്ങളാൽ പേരുവെളിപ്പെടുത്താതെയാണ് ഇറാനിയൻ സ്രോതസ്സുകൾ വിവരങ്ങൾ പങ്കുവെച്ചതെന്നാണ് റോയിട്ടേഴ്സ് വ്യക്തമാക്കുന്നത്.

ഐആർജിസി ഉദ്യോഗസ്ഥരെയും സൈനിക ഉപകരണങ്ങളും ഇറാൻ യെമനിലെത്തിച്ചതായി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചതായാണ് സൗദി പിന്തുണയുള്ള യെമൻ സർക്കാരിന്റെ ഇൻഫർമേഷൻ മന്ത്രി മൊഅമ്മർ അൽ-ഇര്യാനിയെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ് റിപ്പോർട്ട്. ജൂലൈ 13-ലെ വിമാനത്തിൽ ഐആർജിസി വിദഗ്ധർ എത്തിയതായാണ് വർഷങ്ങളായി ഹൂതികളുടെയും ഇറാൻ പിന്തുണയുള്ള മറ്റ് സായുധസംഘങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന സുരക്ഷാ-ഇന്റലിജൻസ് വിദഗ്ധൻ മസാഹിം അൽസലൂമിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഹ്രസ്വദൂര, മധ്യദൂര മിസൈലുകൾക്കും ഡ്രോണുകൾക്കും ആവശ്യമായ ഘടകങ്ങൾ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. സൗദി അറേബ്യയെയും യുഎഇയെയും ലക്ഷ്യമിട്ട മുൻ ആക്രമണങ്ങളിൽ ഉപയോഗിച്ച ആയുധങ്ങളുമായി സാമ്യമുള്ള സംവിധാനങ്ങളാണിവയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. യെമനിലെ ഹൂതി പ്രസ്ഥാനത്തിന് മിസൈൽ ശേഷി നൽകുന്നുവെന്ന ആരോപണം ഇറാൻ നേരത്തെയും നിഷേധിച്ചിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ഹൂതി പ്രതിനിധിസംഘത്തെയും ഇറാനിൽ ചികിത്സ നേടിയ യെമൻ പൗരന്മാരെയും നാട്ടിലെത്തിക്കാനായിരുന്നു ജൂലൈ 13ൻ്റെ വിമാനം സർവീസ് നടത്തിയതെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി നേരത്തെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നത്.

സൈനിക വിദഗ്ധരെ ഇറാൻ യെമനിലേക്ക് അയച്ചുവെന്ന ആരോപണം "നുണയും കെട്ടിച്ചമച്ചതു'മാണെന്നാണ് വിമാനത്തിലുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന ഹൂതി മാധ്യമപ്രവർത്തകൻ അബ്ദുൽ റഹ്മാൻ അൽ-അഹ്നോമിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സാധാരണ പൗരന്മാരാണെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്. തങ്ങൾ ഇറാന്റെ നിഴൽ സംഘടനയല്ലെന്നും സ്വന്തം ആയുധങ്ങൾ സ്വയം വികസിപ്പിക്കുന്നവരാണെന്നും ഹൂതികൾ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ഐആർജിസി സംഘം എത്തിയതിന് പിന്നാലെയാണ് സൗദിക്കെതിരെ ഹൂതികൾ നാവിക ഉപരോധം പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ട്. അമേരിക്ക ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ആക്രമിച്ചാൽ ചെങ്കടലിലെ എണ്ണക്കപ്പൽ ഗതാഗതം തടയാൻ തയ്യാറാകണമെന്ന് വിമാനം യെമനിലെത്തി മൂന്നാമത്തെ ദിവസം ഇറാൻ ഹൂത്തികളോട് ആവശ്യപ്പെട്ടതായി നേരത്തെ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

ജൂലൈ 13-ന് സനായ് വിമാനത്താവളത്തിൽ നടന്ന ബോംബാക്രമണത്തിന് മറുപടിയായി സൗദി അറേബ്യയ്‌ക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതായി ഹൂതികൾ അറിയിച്ചിരുന്നു. ഈ ആക്രമണത്തിൻ്റെ ഉത്തരവാദികൾ സൗദിയാണെന്നായിരുന്നു ഹൂതികളുടെ ആരോപണം. സൗദിയും ഹൂതികളുമായി നാല് വർഷത്തോളമായി തുടരുന്ന വെടിനിർത്തൽ അവസാനിപ്പിക്കുന്ന നീക്കമായാണ് ഹൂതികളുടെ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെ സൗദിയുടെ രണ്ട് എണ്ണടാങ്കറുകൾ ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു.

Content Highlights: Iran has reportedly deployed IRGC commanders, military advisers, and missile and drone-related equipment to Yemen, raising concerns over increased Houthi capabilities and potential threats to Red Sea shipping routes.

dot image
To advertise here,contact us
dot image