ആക്രമണ പ്രത്യാക്രമണങ്ങൾ ശക്തമാക്കി അമേരിക്കയും ഇറാനും; എണ്ണ വിപണിയിൽ ആശങ്ക, ക്രൂഡ് ഓയിൽ വിലയിൽ വർദ്ധനവ്

ശനിയാഴ്ച രാത്രി മാത്രം 140 ലക്ഷ്യങ്ങൾ ആക്രമിച്ചതായാണ് അമേരിക്കൻ സെൻട്രൽ കമാൻഡ്

ആക്രമണ പ്രത്യാക്രമണങ്ങൾ ശക്തമാക്കി അമേരിക്കയും ഇറാനും; എണ്ണ വിപണിയിൽ ആശങ്ക, ക്രൂഡ് ഓയിൽ വിലയിൽ വർദ്ധനവ്
dot image

തെഹ്റാൻ: ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കെതിരെ തുടർച്ചയായ രണ്ടാം രാത്രിയും അമേരിക്ക വ്യാപക വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഡസൻ കണക്കിന് ഇറാനിയൻ സൈനിക ലക്ഷ്യങ്ങൾ തകർത്തതായാണ് അമേരിക്കൻ സൈന്യത്തിൻ്റെ അവകാശവാദം. അതേസമയം മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് പുതിയ ആക്രമണ പരമ്പര ആരംഭിച്ചതായാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചതിനെ തുടർന്ന് ആഗോള വിപണിയിൽ ആശങ്ക ശക്തമായിട്ടുണ്ട്. ഇതോടെ തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് ഓയിലിൻ്റെയും അമേരിക്കൻ ക്രൂഡ് ഓയിലിന്റെയും വില മൂന്ന് ശതമാനത്തിലധികമാണ് ഉയർന്നതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണങ്ങളുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ടെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച രാത്രി മാത്രം 140 ലക്ഷ്യങ്ങൾ ആക്രമിച്ചതായാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി 90 ലക്ഷ്യങ്ങളും ചൊവ്വാഴ്ച 80 ലക്ഷ്യങ്ങളും ആക്രമിച്ചിരുന്നു. ഏറ്റവും പുതിയ ആക്രമണത്തിൽ എത്ര കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും 'നിരവധി സ്ഥലങ്ങളിലായി ഡസൻ കണക്കിന് ലക്ഷ്യങ്ങൾ ആക്രമിച്ചു' എന്നാണ് സെൻട്രൽ കമാൻഡിന്റെ അവകാശവാദം.

അമേരിക്കൻ ആക്രമണങ്ങളിൽ ഇറാനിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. തെക്കൻ തീരപ്രദേശമായ മഹ്ഷർ പ്രവിശ്യയിലെ വാട്ടർ പമ്പിങ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഇറാന്റെ ഔദ്യോഗിക ടെലിവിഷനായ ഐആർഐബി റിപ്പോർട്ട് ചെയ്യുന്നത്. സിറിക് പ്രവിശ്യയിലെ താഹെറൂയി ഗ്രാമത്തിനടുത്തുള്ള ടെലികമ്മ്യൂണിക്കേഷൻ ടവറും ആക്രമണത്തിൽ തകർന്നതായും ഐആർഐബി റിപ്പോർട്ട് ചെയ്യുന്നുണ്ട്. തെക്കുപടിഞ്ഞാറൻ നഗരമായ ഒമിദിയെഹിലെ വിമാനത്താവളത്തിലെ ഒരു വിമാന ഹാംഗർ തീപിടിച്ച് നശിച്ചതായി സിഎൻഎൻ സ്ഥിരീകരിക്കുന്നുണ്ട്. മധ്യ ഇറാനിലെ നഈൻ നഗരത്തിലെ ഒരു സൈനിക കേന്ദ്രവും അമേരിക്ക ലക്ഷ്യമിട്ടതായാണ് റിപ്പോർട്ട്. ഈ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രവിശ്യാ ഡെപ്യൂട്ടി ഗവർണറെ ഉദ്ധരിച്ച് ഇറാൻ്റെ ഔദ്യോ​ഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ ഇരുരാജ്യങ്ങളും ആക്രമണ പ്രത്യാക്രമണങ്ങൾ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ വെടിനിർത്തൽ കരാർ പൂർണ്ണമായും തകർന്നുവെന്ന വിലയിരുത്തലും പുറത്ത് വരുന്നുണ്ട്.

അമേരിക്കയുടെ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ ആക്രമണം നടത്തിയതായി ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ബഹ്റൈനിലെ ഈസ എയർബേസ് ആക്രമിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ അവകാശവാദം. ഈ താവളത്തിൽ സ്ഥിരമായി അമേരിക്കൻ സൈനിക സാന്നിധ്യമില്ലെങ്കിലും ഇടയ്ക്കിടെ അമേരിക്കൻ സൈനികരെ ഇവിടെ വിന്യസിക്കാറുണ്ട്. കുവൈത്തിലെ അമേരിക്കൻ സൈനിക പ്രവർത്തനങ്ങൾ നടക്കുന്ന താവളങ്ങളും ആക്രമിച്ചതായാണ് ഐആർജിസി അറിയിച്ചിരിക്കുന്നത്. ഇവിടെ ഒരു മിസൈൽ താവളത്തിൽ തീപിടിത്തമുണ്ടായതായും മിസൈൽ വിക്ഷേപണ സംവിധാനങ്ങളും ആയുധ ശേഖരങ്ങളും നശിച്ചതായുമാണ് ഐആർജിസിയുടെ അവകാശവാദം. ജോർദാനിലെ പ്രിൻസ് ഹസൻ എയർബേസിലുള്ള വലിയ മിസൈൽ ശേഖരങ്ങളും ഇന്ധന സംഭരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടതായും ഐആർജിസി അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഇറാൻ്റെ അവകാശവാദങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടില്ല.

ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനാണ് തങ്ങൾ ശ്രമിച്ചതെന്നാണ് ഇറാൻ്റെ പുതിയ അവകാശവാദം. ‌ഒമാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട പുതിയ സംവിധാനത്തെക്കുറിച്ചായിരുന്നുവെന്നാണ് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. സുരക്ഷിതമായ കപ്പൽ ഗതാഗതത്തിനായി ഒരു സംവിധാനം രൂപീകരിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. എന്നാൽ ഒമാന് മേൽ അമേരിക്ക ചെലുത്തിയ പരസ്യവും രഹസ്യവുമായ സമ്മർദങ്ങൾ കാരണം അത് സാധ്യമായില്ല എന്നും ഇസ്മായിൽ ബഗായി വ്യക്തമാക്കുന്നുണ്ട്. അമേരിക്ക തങ്ങളുടെ പ്രതിബദ്ധതകൾ ലംഘിക്കുന്നിടത്തോളം കാലം ഇറാനും ഏറ്റെടുത്ത ബാധ്യതകൾ പാലിക്കില്ല. തീരദേശ രാജ്യമായതിനാൽ സ്വന്തം സുരക്ഷയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശവും ഉത്തരവാദിത്വവും ഇറാനുണ്ടെന്നും ബഗായി പറഞ്ഞു. വാണിജ്യ കപ്പലുകൾക്ക് അമേരിക്ക സുരക്ഷാ അകമ്പടി നൽകുമെന്ന അവകാശവാദം മേഖലയിൽ അരക്ഷിതാവസ്ഥ തുടരാൻ അമേരിക്ക ശ്രമിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗത നിയന്ത്രണത്തിൽ തങ്ങൾക്ക് നിയമപരമായ പങ്കുണ്ടെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ ഒമാൻ തീരത്തോട് ചേർന്നുള്ള പാതയിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെ കപ്പലുകൾ സഞ്ചരിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം.

Content Highlights: The escalating military confrontation between the United States and Iran has raised concerns in the global energy market, driving crude oil prices higher amid fears of supply disruptions and growing tensions in the Middle East.

dot image
To advertise here,contact us
dot image