

കൊളംബോ: ശ്രീലങ്കയിലെ നെഗോംബോ ജയിലിൽ ഉണ്ടായ രൂക്ഷമായ സംഘർഷത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ജയിൽ കലാപമാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് ഏകദേശം 10,000 തടവുകാർ കഴിയുന്ന നെഗോംബോ ജയിലിൽ സംഘർഷം ആരംഭിച്ചത്.
രണ്ട് മയക്കുമരുന്ന് സംഘങ്ങളിലെ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് സംഘർഷത്തിന് കാരണമായതെന്ന് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. പരിക്കേറ്റവരെ നെഗോംബോ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റിയെന്നാണ് റിപ്പോർട്ട്. 23 മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചതായും 100ലധികം പരിക്കേറ്റ തടവുകാരെയും ജയിൽ ഉദ്യോഗസ്ഥരെയും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായുമാണ് നെഗോംബോ സർക്കാർ ആശുപത്രി ഡയറക്ടർ പുഷ്പ ഗംലത്തിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ചിലർക്ക് വെടിയേറ്റ പരിക്കുകളുണ്ടെന്നും മറ്റുചിലർക്ക് മുറിവുകളും ഗുരുതരമായ ചതവുകളും സംഭവിച്ചിട്ടുണ്ടെന്നുമാണ് ആശുപത്രി ഡയറക്ടർ അറിയിച്ചിരിക്കുന്നത്.
സംഘർഷവാർത്ത ജയിലിലാകെ വ്യാപിച്ചതോടെ സമീപത്തെ വനിതാ വിഭാഗത്തിലെ തടവുകാർ ഞായറാഴ്ച രാത്രി കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് കയറി തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇതിനിടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണതിനെ തുടർന്ന് ചില വനിതാ തടവുകാർക്കും പരിക്കേറ്റതായി പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. കലാപം തടയാൻ ശ്രമിക്കുന്നതിനിടെയാണ് നാല് ജയിൽ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണാതീതമായി എന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി സൗത്ത് ചൈനാ മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പ്രത്യേക പൊലീസ് കമാൻഡോകളെ തിങ്കളാഴ്ച ജയിലിലേക്ക് വിളിച്ചുവരുത്തിയെങ്കിലും അവരെ ജയിലിനുള്ളിൽ വിന്യസിച്ചിട്ടില്ല.
ഇതിനിടെ തടവുകാരുടെ ബന്ധുക്കൾ വലിയ തോതിൽ ജയിലിന് പുറത്തേക്ക് എത്തിച്ചേർന്നിരുന്നു. വെടിയൊച്ചകൾ കേട്ടതായാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. സാഹചര്യം നിരീക്ഷിക്കുന്നതിനായി ഡ്രോണുകളും അധികൃതർ വിന്യസിച്ചിട്ടുണ്ട്.
2020 ഡിസംബറിൽ, കോവിഡ്-19 മഹാമാരിയുടെ രൂക്ഷഘട്ടത്തിൽ ശ്രീലങ്കയിലെ മറ്റൊരു ജയിലിൽ ഉണ്ടായ കലാപത്തിൽ 11 തടവുകാർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് അമിത തിരക്ക് കുറയ്ക്കുന്നതിനായി സർക്കാർ നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ചിരുന്നു. ഞായറാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, ശ്രീലങ്കയിലെ വിവിധ ജയിലുകളിലായി നിലവിൽ 41,250 തടവുകാർ കഴിയുന്നുണ്ട്. ഇത് ജയിലുകളുടെ യഥാർത്ഥ ശേഷിയുടെ ഏകദേശം നാലിരട്ടിയാണെന്നാണ് റിപ്പോർട്ട്.
Content Highlights: A deadly prison riot in Sri Lanka has reportedly claimed 23 lives, including four police officers. Authorities are investigating the incident as security measures are intensified.