കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിൽ തന്നെ അതിവേഗം ഇല്ലാതാക്കണം: കമ്മ്യൂണിസ്റ്റ് ഭീഷണിയെന്ന് ആവർത്തിച്ച് ട്രംപ്

ഇറാന്റെ സൈനിക ശക്തിയെ പൂർണമായി തകർത്തുവെന്നും ട്രംപ് അവകാശപ്പെട്ടു

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിൽ തന്നെ അതിവേഗം ഇല്ലാതാക്കണം: കമ്മ്യൂണിസ്റ്റ് ഭീഷണിയെന്ന് ആവർത്തിച്ച് ട്രംപ്
dot image

വാഷിംഗ്ടൺ: അമേരിക്കയിൽ കമ്മ്യൂണിസം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തോടനുബന്ധിച്ച് വാഷിങ്ടണിലെ നാഷണൽ മാളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ്. 'കമ്മ്യൂണിസമെന്ന ഭീഷണി ആരംഭിക്കുന്നതിന് മുമ്പേ തന്നെ തടയണം. അത് കാൻസർ പോലെയാണ്. കാൻസർ എങ്ങനെ തുടക്കത്തിൽ തന്നെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമോ, അതുപോലെ അതിവേഗം ഇല്ലാതാക്കണം' എന്നായിരുന്നു ട്രംപ് പറഞ്ഞത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തെ അനുസ്മരിപ്പിക്കുന്ന പ്രസം​ഗമായിരുന്നു ചടങ്ങിൽ ട്രംപ് നടത്തിയത്. പുതിയ വോട്ടിംഗ് നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ച ട്രംപ് തന്റെ ഭരണകാലത്തെ നേട്ടങ്ങൾ എടുത്തുകാട്ടുകയും ചെയ്തു. അമേരിക്കൻ ദേശസ്നേഹത്തെ ഉയർത്തിക്കാട്ടുന്ന വിഷയങ്ങൾ എടുത്ത് പരാമാർശിച്ചായിരുന്നു ട്രംപിൻ്റെ പ്രസം​ഗം. അമേരിക്ക നേടിയ യുദ്ധവിജയങ്ങൾ, ചന്ദ്രനിലിറങ്ങിയ ദൗത്യം, റൈറ്റ് സഹോദരന്മാരുടെ ആദ്യ വിമാനയാത്ര, അമേരിക്കൻ ഭരണഘടനാ സംവിധാനത്തിന്റെ ശക്തി തുടങ്ങിയ ചരിത്രനേട്ടങ്ങളെ ട്രംപ് പ്രശംസിച്ചു. തപാൽ വോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും വോട്ടർ രജിസ്ട്രേഷനായി പൗരത്വത്തിന്റെ തെളിവ് നിർബന്ധമാക്കുകയും ചെയ്യുന്ന നിയമനിർമാണം കോൺഗ്രസ് പാസാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാന്റെ സൈനിക ശക്തിയെ പൂർണമായി തകർത്തുവെന്നും ട്രംപ് അവകാശപ്പെട്ടു.

മുൻകാലങ്ങളിൽ ഇടതുപക്ഷ നിലപാടുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ട്രംപ് പലപ്പോഴും 'കമ്മ്യൂണിസ്റ്റുകൾ' എന്ന് വിശേഷിപ്പിച്ചിരുന്നെങ്കിലും, ശനിയാഴ്ചത്തെ പ്രസംഗത്തിൽ അദ്ദേഹം ആരെയും നേരിട്ട് പേരെടുത്ത് വിമർശിച്ചില്ല.

ജൂലൈ 4 സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ അമേരിക്കൻ പ്രസിഡന്റുമാർ നേരിട്ട് പങ്കെടുക്കുന്നത് പതിവല്ലായിരുന്നു. അധികാരപരമായ ദേശീയ ആഘോഷങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണ ശൈലിയിലുള്ള രാഷ്ട്രീയ പരിപാടികളും തമ്മിലുള്ള അതിർവരമ്പ് ട്രംപ് നേർപ്പിച്ചുവെന്ന വിമർശനവും ഉയരുന്നുണ്ട്. ഇതിന് മുമ്പ് ആദ്യ ടേമിൽ അധികാരത്തിൽ ഇരിക്കെ 2019ൽ ട്രംപ് ജൂലൈ 4-ന് നാഷണൽ മാളിൽ സമാനമായ പ്രസം​ഗം നടത്തിയിരുന്നു. ഇതൊഴികെ 1951-ന് ശേഷം ജൂലൈ 4-ന് നാഷണൽ മാളിൽ അമേരിക്കൻ പ്രസിഡന്റിന്റെ പ്രസംഗം ഉണ്ടായിട്ടില്ല.

ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങൾ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷ പരിപാടിക്ക് ഔദ്യോഗിക പ്രതിനിധികളെ അയച്ചില്ല. പരിപാടി രാഷ്ട്രീയവൽക്കരിക്കപ്പെട്ടുവെന്ന ആശങ്ക ചൂണ്ടിക്കാട്ടി നിരവധി കലാകാരന്മാരും പ്രകടനങ്ങളിൽ നിന്ന് പിന്മാറിയിരുന്നു.

Content Highlights: Donald Trump compared communism to cancer, saying it should be eliminated at an early stage. He repeatedly warned about what he described as the growing communist threat during his remarks.

dot image
To advertise here,contact us
dot image