

തെഹ്റാൻ: ഇറാൻ്റെ പരമോന്നത നേതാവായിരുന്നു ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങിൻ്റെ ഭാഗമായ വിലാപ യാത്രയിൽ പങ്കെടുത്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. തെഹ്റാനിലെ തെരുവുകളിലൂടെ കടന്ന് പോയ വിലാപയാത്രയിൽ ജനക്കൂട്ടത്തിനൊപ്പം കാൽനടയായി പങ്കെടുക്കുന്ന ഇറാൻ പ്രസിഡൻ്റിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ആയത്തുള്ള അലി ഖമനയിയുടെ വിപാലയാത്രയിൽ ദുഃഖാർത്തരായ ജനങ്ങളുടെ വികാരപരമായ പ്രതികരങ്ങളും ദൃശ്യങ്ങളിലുണ്ട്. ദുഃഖിതരായ ജനങ്ങൾ ഷാളുകൾ, സ്കാർഫുകൾ, മറ്റ് വ്യക്തിപരമായ വസ്തുക്കൾ എന്നിവ വാഹനത്തിലുണ്ടായിരുന്നവർക്ക് കൈമാറുകയും അവ ശവപ്പെട്ടിയിൽ അൽപനേരം സ്പർശിപ്പിച്ച ശേഷം തിരികെ ജനക്കൂട്ടത്തിലേക്ക് എറിയുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. അനുഗ്രഹത്തിന്റെ പ്രതീകമായി കണക്കാക്കുന്ന ഒരു മതാചാരമാണിത്.
തെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ലയിൽ ഞായറാഴ്ച നടന്ന പൊതുചടങ്ങിലും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പങ്കെടുത്തിരുന്നു. ഖമേനിയുടെയും അദ്ദേഹത്തിനൊപ്പം കൊല്ലപ്പെട്ട നാല് കുടുംബാംഗങ്ങളുടെയും ശഖമഞ്ചത്തിന് മുന്നിൽ നടന്ന ഇറാൻ പ്രാർഥനയിലാണ് ഇറാൻ പ്രസിഡൻ്റും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തത്. ഗ്രാൻഡ് മൊസല്ലയിൽ നടന്ന സംസ്കാര പ്രാർത്ഥനയിൽ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്, ജുഡീഷ്യറി മേധാവി ഗൊലാംഹൊസൈൻ മൊഹ്‌സെനി എജെയി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനൊപ്പം സന്നിഹിതരായിരുന്നു. സംസ്താര ചടങ്ങുമായി ബന്ധപ്പെട്ട ചടങ്ങളും രാജ്യവ്യാപകമായ ദുഃഖാചരണ ചടങ്ങുകളും വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ആയത്തുള്ള അലി ഖമനയി, മരുമകൻ മെസ്ബാഹ് അൽ-ഹോദ, ഖമനയിയുടെ മകൾ ഡോ. സെയ്ദെഹ് ബോഷ്ര ഹൊസൈനി ഖമേനി, നിലവിലെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ ഭാര്യ സഹ്‌റ ഹദ്ദാദ് അദെൽ, ആയത്തുള്ള അലി ഖമനയിയുടെ ചെറുമകൾ സഹ്‌റ മുഹമ്മദി ഗോൾപയേഗാനി എന്നിവരുടെ ഭൗതികശരീരങ്ങൾ സർക്കാർ ഉദ്യോഗസ്ഥർക്കും വിദേശ പ്രതിനിധികൾക്കും പൊതുദർശനം നടത്താനായി വെച്ചിരുന്നു.
ശനിയാഴ്ചയും ഞായറാഴ്ചയും തെഹ്റാനിൽ വൻജനപങ്കാളിത്തത്തോടെ കൂടുതൽ അനുസ്മരണച്ചടങ്ങുകൾ നടന്നിരുന്നു. തിങ്കളാഴ്ചയാണ് വിപുലമായ ജനപങ്കാളിത്തത്തോടെയുള്ള വിലാപയാത്ര ചടങ്ങുകൾ നടക്കുന്നത്. തിങ്കളാഴ്ചയ്ക്ക് ശേഷം ശവമഞ്ചങ്ങൾ ഇറാനിലെ ശിയാ മതപഠനത്തിന്റെ പ്രധാന കേന്ദ്രമായ ഖോമ് നഗരത്തിലേക്ക് കൊണ്ടുപോകും. അവിടെ ചൊവ്വാഴ്ച പ്രത്യേക അനുസ്മരണച്ചടങ്ങുകൾ നടക്കും.
ഇറാഖിലെ വിശുദ്ധ ശിയാ നഗരങ്ങളായ നജഫിലും കർബലയിലും ബുധനാഴ്ച ചടങ്ങുകൾ നടക്കും. ഇറാന്റെ പ്രാദേശിക ശിയാ സഖ്യകക്ഷികളിലെ പ്രമുഖരും ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. മറ്റൊരു വിലാപയാത്രയ്ക്ക് ശേഷം വ്യാഴാഴ്ച ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമായ മഷ്ഹദ് നഗരത്തിൽ ഇമാം റേസയുടെ ശവകുടീരത്തിന് സമീപം ആയത്തുള്ള അലി ഖമനയിയെ സംസ്‌കരിക്കും.
നിരവധി ഇറാനികൾക്ക് ആയത്തുള്ള അലി ഖമനയി വിശുദ്ധ മതനേതാവായിരുന്നു. മരണശേഷം അദ്ദേഹത്തെ ഒരു രക്തസാക്ഷിയായാണ് പലരും കാണുന്നത്. 36 വർഷം നീണ്ട ഖമേനിയുടെ ഭരണകാലത്താണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ അമേരിക്കയ്‌ക്കെതിരെ നിലപാടെടുക്കുന്ന ശക്തമായ സ്വാധീനമുള്ള ഒരു രാഷ്ട്രമായി വളർന്നത്. മധ്യപൂർവദേശത്ത് ഇറാന്റെ സൈനിക സ്വാധീനം വ്യാപിപ്പിക്കുന്നതിന് മുൻകൈ എടുത്ത നേതാവ് കൂടിയായിരുന്നു ആയത്തുള്ള അലി ഖമനയി. രാജ്യത്തിനകത്ത് ഇസ്ലാമിക ഭരണകൂടത്തിനെതിരെ ഉണ്ടായ പ്രതിഷേധങ്ങളെയും അസ്വസ്ഥതകളെയും അദ്ദേഹം കർശനമായി അടിച്ചമർത്തുകയും ചെയ്തിരുന്നു.
ആദ്യകാലത്ത് ദുർബലനും നിർണായക തീരുമാനങ്ങൾ എടുക്കാൻ മടിക്കുന്ന നേതാവെന്നായിരുന്നു ആയത്തുള്ള ഖമനയിയെ കുറിച്ചുള്ള വിലയിരുത്തൽ. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുല്ല റുഹൊല്ല ഖൊമേനിയുടെ മരണശേഷം ആയത്തുള്ള അലി ഖമനയി പരമോന്നത നേതാവാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. എന്നാൽ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാജ്യത്തിന്റെ ഭരണത്തിൽ ശക്തമായ നിയന്ത്രണം ഉറപ്പിക്കുകയായിരുന്നു. ഭരണകാലം മുഴുവൻ അദ്ദേഹം അമേരിക്കൻ നയങ്ങളുടെ വിമർശകനായിരുന്നു. ഇറാന്റെ ആണവപരിപാടി ആണവായുധ നിർമാണത്തിനല്ലെന്ന് ഖമേനി നിരന്തരം ആവർത്തിച്ചിരുന്നു. 1979-ലെ ഇറാൻ വിപ്ലവത്തിന്റെ അടിസ്ഥാന ആശയങ്ങളിലൊന്നായ അമേരിക്കൻ വിരുദ്ധ വികാരത്തെ ശക്തിപ്പെടുത്തുന്ന തരത്തിലായിരുന്നു പലപ്പോഴും ഖമനയിയുടെ പ്രസംഗം. ഖമേനി തന്റെ പ്രസംഗങ്ങളിൽ അമേരിക്കയെ പലപ്പോഴും "മഹാസാത്താൻ" എന്നായിരുന്നു ശേഷിപ്പിച്ചിരുന്നത്.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട വ്യോമാക്രമണത്തിലാണ് 86 വയസ്സുകാരനായ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടത്. ഇറാന്റെ ആണവപരിപാടിയെച്ചൊല്ലിയുള്ള ദശാബ്ദങ്ങളായ നയതന്ത്രശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു അമേരിക്കൻ ആക്രമണം.