ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ മൊജ്തബ ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിലായിരുന്നു മൊജ്തബയുടെ ഭാര്യ കൊല്ലപ്പെട്ടത്

ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ മൊജ്തബ ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
dot image

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട ഫെബ്രുവരി 28ലെ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മകനും നിലവിലെ പരമോന്നത നേതാവുമായ മൊജ്തബ ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ജൂലൈ ഒന്നിന് മൊജ്തബയുടെ ഭാര്യ സഹ്‌റ ഹദാദ് ആദെലിന്റെ സംസ്‌കാര ചടങ്ങ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടെഹ്‌റാനിലെ ഫറാങ് ഹൈസ്‌കൂളിലായിരുന്നു സംസ്‌കാര ചടങ്ങ് നടന്നത്. സഹ്‌റയുടെ പിതാവ് ഖോലം അലി ഹദാദ് ആദെല്‍, പാര്‍ലമെന്റ് മുന്‍ സ്പീക്കര്‍ അടക്കം ചടങ്ങില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മൊജ്തബ ഖമനയി ചടങ്ങില്‍ പങ്കെടുത്തില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

1979ലായിരുന്നു സഹ്‌റയുടെ ജനനം. ഫറാങ് ഗേള്‍സ് സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിക്കുകയായിരുന്നു. 1999ലായിരുന്നു മൊജ്തബയുടെയും സഹ്‌റയുടെയും വിവാഹം. മൊജ്തബ-സഹ്‌റ ദമ്പതികള്‍ക്ക് മുഹമ്മദ് അമീന്‍, ഫാത്തിമ സാദത്ത്, മുഹമ്മദ് ബാഗര്‍ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. ഫെബ്രുവരി 28ന് നടന്ന ആക്രമണത്തില്‍ ഖമനയിക്കും സഹ്‌റയ്ക്കും പുറമേ ഖമനയിയുടെ ഭാര്യ, മകള്‍, മകളുടെ ഭര്‍ത്താവ്, പേരക്കുട്ടി എന്നിവരും കൊല്ലപ്പെട്ടിരുന്നു. അതേസമയം ഖമനയിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് പൊതുദര്‍ശനം നടക്കുന്ന ടെഹ്റാനി പ്രാര്‍ത്ഥനാ ഹാളിലേക്ക് ഒഴുകിയെത്തുന്നത്.

അതിനിടെ ഖമനയിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രാഷ്ട്രങ്ങളെ തടയാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സഹായം തടയുമെന്ന് ഭീഷണിപ്പെടുത്തിതോടെ പതിമൂന്ന് രാഷ്ട്രങ്ങള്‍ പിന്മാറിയെന്നാണ് ആരോപണം. മൂന്ന് കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍, അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍, അറബ്-ഗള്‍ഫ്, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നാണ് ആരോപണം. അതേസമയം നൂറിലധികം രാഷ്ട്രപ്രതിനിധികള്‍ പൊതുദര്‍ശന ചടങ്ങില്‍ പങ്കെടുത്തതായും ഇറാന്‍ അവകാശപ്പെട്ടു.

Content Highlights- Reports confirm that the wife of Mojtaba Khamenei was killed in the joint Israel-US attack during the ongoing Iran conflict

dot image
To advertise here,contact us
dot image