

ലോഹിതദാസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനംചെയ്ത ചിത്രമാണ് 'കിരീടം'. സിനിമ നിർമിച്ചത് എൻ കൃഷ്ണകുമാറാണ്. ഈ സിനിമയുടെ വിജയത്തിന് ശേഷം കിരീടം ഉണ്ണി എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇപ്പോഴിതാ കൃഷ്ണകുമാർ പ്രിയദർശനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജീനിയസ് ആണെന്നും ഒരു കഥ ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ പ്രിയദർശന് സാധിക്കുമെന്നും എൻ കൃഷ്ണകുമാർ പറഞ്ഞു. സിഗരിറ്റിന്റെ കവറിൽ സീൻ എഴുതി പ്രിയദർശൻ തന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'പ്രിയനേ സംബന്ധിച്ചിടത്തോളം അവനൊരു കഥ ഉണ്ടാക്കാൻ ഭയങ്കര കഴിവാണ്. പ്രിയന്റെ അച്ഛൻ ഗവണ്മെന്റ് ആർട്സ് കോളേജിലെ ലൈബ്രേറിയാൻ ആയിരുന്നു. അദ്ദേഹം ഇവന് കൊച്ചുനാൾ മുതൽ പുസ്തകങ്ങൾ വായിക്കാൻ കൊടുക്കുമായിരുന്നു. അന്ന് മുതലേ പ്രിയന് വായിക്കാൻ വളരെ ഇഷ്ടമായിരുന്നു. വായന അവന് ഒരുപാട് ഗുണം ചെയ്യിപ്പിച്ചിട്ടുണ്ട്. മിക്കവാറും ഉള്ള എല്ലാ ക്ലാസിക്‌സും അവൻ വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പല കഥാപാത്രത്തിനെയും എങ്ങനെ കൊണ്ടുപോകണമെന്ന് അദ്ദേഹത്തിന് അറിയാം.
ഉള്ളൂർ സ്മാരക ഗ്രന്ഥശാലയിൽവെച്ച് ചാർമിനാർ വലിച്ച് ഇരിക്കുമ്പോൾ ഉണ്ടാകുന്ന കഥയുടെ ഒരു ഇതാണ്. ഓരോ കഥാപത്രത്തിനെയും എങ്ങനെ ആകണമെന്ന് അദ്ദേഹം ചോദിക്കും. അതുപോലെ മെമ്മറിയും ഉണ്ട്, ഒരു കാര്യവും പേപ്പറിൽ എഴുതി വെക്കേണ്ട. അന്ന് ഒരു സീൻ എടുക്കാൻ പോകുമ്പോൾ സിഗരറ്റിന്റെ കവറിൽ ആണ് എഴുതിയിരുന്നത്. പൂച്ചയ്ക്കൊരു മൂക്കുത്തി സിനിമയിൽ സിഗരറ്റിന്റെ കവറിൽ സീൻ എഴുതി കയ്യിൽ തന്നിട്ടുണ്ട്. അത് വേറെ ഒരു ജീനിയസ് ആണ്,'എന്‍. കൃഷ്ണകുമാർ പറഞ്ഞു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
കിരീടത്തിന് പുറമേ കുസൃതി, മില്ലെനിയം സ്റ്റാര്‍സ്, സാഫല്യം, സമ്മാനം, സല്ലാപം, സാദരം, ചെങ്കോല്‍, ആധാരം, മാലയോഗം, കിരീടം എന്നിവയാണ് ഇദ്ദേഹം നിർമിച്ച ചിത്രങ്ങൾ. ഇപ്പോഴിതാ കിരീടം വീണ്ടും തിയേറ്ററിൽ എത്തുന്ന സന്തോഷത്തിലാണ് എന്‍. കൃഷ്ണകുമാർ. 37 വർഷങ്ങൾക്കിപ്പുറം 'കിരീടം' ബിഗ് സ്ക്രീനിൽ പുത്തൻ സാങ്കേതികവിദ്യയോടെ തിരിച്ചെത്തുകയാണ്. ജൂലൈ 10ന് മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ ടീമിന്റെ ഈ ക്ലാസിക് ചിത്രം റീ റിലീസിനൊരുങ്ങുകയാണ്.
Content Highlights: Producer N. Krishnakumar has shared an interesting anecdote about director Priyadarshan's creative style. According to him, Priyadarshan would sometimes write scenes on cigarette packets whenever inspiration struck and immediately hand them over, reflecting the filmmaker's spontaneous and instinctive approach to storytelling.