

ഗാസ സിറ്റി: ഇസ്രയേൽ കസ്റ്റഡിയിൽ ക്രൂരമായ പീഡനത്തിന് ഇരയാകുന്ന, പുറത്തു വന്ന ദൃശ്യത്തിലുള്ള ഗാസക്കാരനായ യുവാവ് ആരാണെന്നതിൽ ആശയക്കുഴപ്പം തുടരുന്നു. ഗാസയിലെ രണ്ട് അമ്മമാരാണ് പീഡനത്തിന് ഇരയായത് സ്വന്തം മകനാണെന്ന വിശ്വാസത്തിൽ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നത്. കണ്ണ് മൂടി, അടിവസ്ത്രം മാത്രം ധരിപ്പിച്ച്, കൈകാലുകൾ കെട്ടിയ നിലയിൽ കട്ടിലിൽ മുഖം താഴ്ത്തി കിടത്തിയിരിക്കുന്ന ഇസ്രായേൽ കസ്റ്റഡിയിൽ കഴിയുന്ന ഒരു ഗാസ സ്വദേശിയുടെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്തുവന്നത്. യുവാവിൻ്റെ കൈകൾ പിന്നിലേക്ക് കെട്ടി, വലത് കാൽ കട്ടിലിന്റെ ഒരു മൂലയിലേക്ക് ബന്ധിച്ചിരിക്കുന്ന നിലയിലാണുള്ളത്. കാലിൽ നിന്ന് കഴുത്ത് വരെ ഒരു മരവടി ശരീരത്തിന് പിന്നിലൂടെ കെട്ടിയിട്ടിരിക്കുന്നതും ചിത്രത്തിൽ കാണാം.
പുറത്ത് വന്ന ചിത്രം യഥാർത്ഥമാണെന്ന് ഇസ്രയേൽ സമ്മതിച്ചിരുന്നു. ചിത്രത്തിൽ കാണുന്ന നിലയിലുള്ള പെരുമാറ്റം തങ്ങളുടെ സൈനിക മൂല്യങ്ങൾക്ക് യോജിച്ചതല്ലെന്നും ഇസ്രയേൽ അംഗീകരിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ കാണുന്നത് ആരാണെന്നോ എവിടെയാണ് തടവിൽ പാർപ്പിച്ചിരിക്കുന്നതെന്നും ഇസ്രയേൽ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇസ്രയേൽ പ്രതികരിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു.
എന്നാൽ ഈ ചിത്രം പുറത്ത് വന്നതിന് പിന്നാലെ പലസ്തീനിൽ നിന്നുള്ള റാന അബു നസ്സാർയും ജൗദെ അൽ-ഘൗൾയും കടുത്ത മാനസിക വേദനയിലാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിലുള്ളത് സ്വന്തം കാണാതായ മകനാണെന്നാണെന്ന വിശ്വാസത്തിലാണ് ഈ അമ്മമാർ. ചിത്രം കണ്ട നിമിഷം തന്നെ അത് തൻ്റെ മകൻ ഒസാമയാണെന്ന് തിരിച്ചറിഞ്ഞുവെന്നാണ് റാന അബു നസ്സാർ പറയുന്നത്. 'എന്റെ മകന്റെ ശരീരത്തിലെ ഓരോ അടയാളവും എനിക്ക് അറിയാം. അവന്റെ കാലിൽ വീക്കമുണ്ട്, കാലിൽ പഴയ മുറിവുകളുടെ പാടുകളുമുണ്ട്. ചിത്രത്തിൽ കണ്ടതും അതേ ലക്ഷണങ്ങളാണ്' എന്നാണ് റാന അബു നസ്സാർ പറയുന്നത്. മാർച്ചിൽ ഇസ്രായേൽ-ഹമാസ് അതിർത്തിക്ക് സമീപം അറസ്റ്റ് ചെയ്തതിന് ശേഷം ഒസാമയുടെ ചിത്രം ആദ്യമായാണ് കാണുന്നതെന്നുമാണ് റാനയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
മാർച്ച് 19-ന് ഒസാമയെ ഇസ്രയേൽ അറസ്റ്റ് ചെയ്ത സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഒരു വയസ്സുള്ള മകനോടൊപ്പമാണ് അദ്ദേഹത്തെ അന്ന് പിടികൂടിയത്. കുട്ടിയെ അന്നുതന്നെ വിട്ടയച്ചെങ്കിലും, കാലുകളിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതുപോലുള്ള പാടുകളുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ഒസാമയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സാധാരണ മാനസികാവസ്ഥയിലുള്ള ഒരാൾ തന്റെ കുഞ്ഞിനെ അത്തരമൊരു അപകടകരമായ അതിർത്തി പ്രദേശത്തേക്ക് കൊണ്ടുപോകില്ലെന്നും റാസ അബു നസ്സാർ പറയുന്നു. എന്നാൽ ഒസാമയുടെ ഒരു വയസ്സുകാരൻ മകനെസൈന്യം പീഡിപ്പിച്ചെന്ന ആരോപണം ഇസ്രായേൽ നിഷേധിച്ചിരുന്നു. ഒസാമ 'യെല്ലോ ലൈൻ' എന്നറിയപ്പെടുന്ന അതിർത്തിയിലേക്ക് സമീപിക്കുന്നത് തടയാൻ സൈന്യം മുന്നറിയിപ്പ് വെടിയുതിർത്തപ്പോൾ ഉണ്ടായ പാടുകളാണ് കുട്ടിയുടെ കാലിലുണ്ടായതെന്നാണ് സൈന്യത്തിൻ്റെ വിശദീകരണം.
അതേസമയം അറസ്റ്റിലായ തൻ്റെ മകൻ അമീൻ എന്ന യുവാവാണ് ചിത്രത്തിലുള്ളതെന്നാണ് അമ്മ ജൗദെ അൽ-ഘൗൾ പറയുന്നത്. 'അത് എന്റെ മകനാണ്. അവന്റെ മുടിയും താടിയും കണ്ടാൽ എനിക്ക് തിരിച്ചറിയാം. ഒരു അമ്മയുടെ ഹൃദയത്തിന് സ്വന്തം മകനെ തിരിച്ചറിയാൻ കഴിയും. ഞാൻ മൊബൈൽ ഫോൺ നെഞ്ചോട് ചേർത്ത് കരഞ്ഞു. അവനാണ് എന്റെ മകൻ, എന്റെ ആത്മാവ്, എന്റെ ജീവിതം' എന്നായിരുന്നു ഗാസ സിറ്റിയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന ജൗദെ അൽ-ഘൗൾ.
ചിത്രം പുറത്തുവന്നതിന് പിന്നാലെ ഒസാമയുടെയും അമീന്റെയും പേരുകൾ ഇസ്രായേൽ സൈന്യത്തിന് കൈമാറിയിട്ടുണ്ടെന്നും, ഇരുവരെയും അഭിഭാഷകർക്ക് സന്ദർശിക്കാൻ അനുമതി ലഭ്യമാക്കാൻ ശ്രമിക്കുകയാണെന്നുമാണ് പലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റിയിലെ പ്രതിനിധിയായ അമാനി സറാഹ്നെയെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട്. ഗാസയിൽ നിന്നുള്ള ഏകദേശം 1,200 പലസ്തീനികൾ ഇപ്പോൾ ഇസ്രായേലിൽ Unlawful Combatants Law പ്രകാരം തടവിലാണ്. ശത്രുതാപരമായ പ്രവർത്തനങ്ങളിൽ നേരിട്ടോ പരോക്ഷമായോ പങ്കെടുത്തുവെന്ന് സംശയിക്കുന്നവരെ കാലപരിധിയില്ലാതെ തടവിൽ പാർപ്പിക്കാൻ ഈ നിയമം അനുവദിക്കുന്നുണ്ട്.
Content Highlights- Who Is the Palestinian Youth Allegedly Tortured in Israeli Custody? Two Mothers Claim Him as Their Son