ഗൾഫ് രാജ്യങ്ങളും യുഎസും ഉൾപ്പെടെ ആറ് രാജ്യങ്ങൾ സന്ദർശിക്കാൻ എസ് ജയശങ്കർ; പര്യടനം നാളെ മുതൽ

ജൂലൈ അഞ്ച് മുതൽ 10 വരെയാണ് വിദേശകാര്യമന്ത്രിയുടെ ഗൾഫ് പര്യടനം

ഗൾഫ് രാജ്യങ്ങളും യുഎസും ഉൾപ്പെടെ ആറ് രാജ്യങ്ങൾ സന്ദർശിക്കാൻ എസ് ജയശങ്കർ; പര്യടനം നാളെ മുതൽ
dot image

ഗൾഫ് രാജ്യങ്ങളും യുഎസും ഉൾപ്പെടെ ആറ് രാഷ്ട്രങ്ങൾ സന്ദർശിക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. നാളെ മുതൽ ജൂലൈ 15 വരെ നീണ്ടുനിൽക്കുന്നതാണ് സന്ദർശനം. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വൻ പ്രതിസന്ധി നേരിട്ട ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നീ നാല് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ യുഎസ്എ, ബെൽജിയം എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്-ഇസ്രയേൽ സൈനിക നീക്കങ്ങൾക്ക് തിരിച്ചടിയായി ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഈ ഗൾഫ് രാജ്യങ്ങൾ ഇരയായിരുന്നു. പതിറ്റാണ്ടുകളായി അമേരിക്കൻ സൈനിക ക്യാമ്പുകളും താവളങ്ങളും പ്രവർത്തിക്കുന്ന രാജ്യങ്ങളാണിവ. നിലവിൽ ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ പാകിസ്താനൊപ്പം ഖത്തറും ഒമാനും പ്രധാന മധ്യസ്ഥരായി ഉയർന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, വെടിനിർത്തൽ നടപടികളെക്കുറിച്ചും യുദ്ധാനന്തര സാഹചര്യങ്ങളെക്കുറിച്ചും നേരിട്ട് വിലയിരുത്താൻ കൂടിയാണ് ജയശങ്കറിന്റെ ഈ സന്ദർശനം.

ജൂലൈ അഞ്ച് മുതൽ 10 വരെയാണ് വിദേശകാര്യമന്ത്രിയുടെ ഗൾഫ് പര്യടനം. ഈ ദിവസങ്ങളിൽ അദ്ദേഹം അതത് രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങളുമായും വിദേശകാര്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനൊപ്പം പ്രാദേശികമായ സുരക്ഷാ സാഹചര്യങ്ങളും പൊതുതാൽപ്പര്യമുള്ള മറ്റ് വിഷയങ്ങളും ചർച്ചയാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുഎസ്-ഇറാൻ സമാധാന ചർച്ചകളുടെ നിലവിലെ അവസ്ഥ മനസ്സിലാക്കുകയാണ് ജയശങ്കറിന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, ഈ ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യക്ക് ശക്തമായ ഊർജ്ജ ബന്ധമുണ്ട്. ഒപ്പം ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾ ഇവിടെ ജോലി ചെയ്യുന്നുമുണ്ട്. ഹോർമുസ് കടലിടുക്കിലെ യുദ്ധപ്രതിസന്ധി കാരണം ഇന്ത്യയിൽ ഇന്ധനവില വർദ്ധിച്ച പശ്ചാത്തലത്തിൽ ഊർജ്ജ സുരക്ഷയും ഈ ചർച്ചകളിൽ നിർണായകമാകും.

ഗൾഫ് പര്യടനത്തിന് ശേഷം ജൂലൈ 13-ന് ന്യൂയോർക്കിലെത്തുന്ന ജയശങ്കർ, യുഎൻ രക്ഷാസമിതിയിലെ 2028-29 കാലയളവിലേക്കുള്ള ഇന്ത്യയുടെ താൽക്കാലിക അംഗത്വത്തിനായുള്ള ഔദ്യോഗിക പ്രചാരണത്തിന് തുടക്കം കുറിക്കും. ഇന്ത്യയിൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 2029-ലാകും ഈ കാലാവധി വരുന്നത്. ഇതിനുമുമ്പ് എട്ട് തവണ ഇന്ത്യ രക്ഷാസമിതിയിൽ അംഗമായിരുന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2021-22 കാലയളവിലാണ് ഇന്ത്യ ഈ പദവി വഹിച്ചത്.

സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ ജൂലൈ 14, 15 തീയതികളിൽ ജയശങ്കർ ബെൽജിയം തലസ്ഥാന ന​ഗരമായ ബ്രസ്സൽസ് സന്ദർശിക്കും. അവിടെ നടക്കുന്ന മൂന്നാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ഈ വർഷം ആദ്യം ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പൂർത്തിയായിരുന്നു. എന്നാൽ കരാറിന്റെ നിയമപരമായ അംഗീകാരങ്ങൾ പൂർത്തിയാകാനിരിക്കുന്ന സാഹചര്യത്തിൽ ഈ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.

Content Highlights: India's External Affairs Minister S. Jaishankar is set to embark on a six-country tour, including visits to Gulf nations and the United States, aimed at enhancing diplomatic, economic, and strategic partnerships.S Jaishankar, Jaishankar foreign tour, India diplomacy, Gulf countries, United States

dot image
To advertise here,contact us
dot image