

വാഷിങ്ടൺ: രാജ്യത്തിന്റെ സ്ഥാപകർ 250 വർഷങ്ങൾക്ക് മുമ്പ് വിഭാവനം ചെയ്ത സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പുരോഗമന നിലപാടുള്ള ഡെമോക്രാറ്റിക് നേതാക്കളിൽ നിന്ന് ഉയരുന്ന 'കമ്മ്യൂണിസ്റ്റ് ഭീഷണി'ക്കെതിരെയാണ് ഈ സംരക്ഷണം ആവശ്യമാകുന്നതെന്നും ട്രംപ് വ്യക്തമാക്കി. രാജ്യത്തിനുള്ളിൽ വീണ്ടും ഒരു 'കമ്മ്യൂണിസ്റ്റ് ഭീഷണി' ഉയർന്നുവരുകയാണെന്നും ട്രംപ് ആരോപിച്ചു. അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോട് അനുബന്ധിച്ച് മൗണ്ട് റഷ്മോറിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡൻ്റ്.
'ഈ മഹത്തായ നേതാക്കളുടെ സ്മാരകത്തിന് മുന്നിൽ നിൽക്കുമ്പോൾ, വിശാലവും ധീരവും മഹത്വപൂർണ്ണവും ശക്തവുമായ ഒരു അമേരിക്കയെ വീണ്ടും പടുത്തുയർത്തുമെന്ന് നാം പ്രതിജ്ഞ ചെയ്യുന്നു. അത് എളുപ്പമുള്ള കാര്യമല്ലെങ്കിലും, നാം അത് സാധ്യമാക്കും. നമ്മുടെ രാജ്യത്തേക്ക് പുതുതായി എത്തുന്ന ചിലർ നമ്മുടെ ജീവിതരീതിക്കും അമേരിക്കയുടെ വിജയത്തിനും പൂർണ്ണമായും വിരുദ്ധമായ ആശയങ്ങൾ സ്വീകരിച്ചിരിക്കുന്നു. ഈ സാഹചര്യം ഒരിക്കലും അനുവദിക്കില്ല' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.
കമ്മ്യൂണിസ്റ്റ് ഭീഷണിയെന്ന വിവരണത്തെ കുടിയേറ്റവുമായി ബന്ധപ്പെടുത്തിയും ട്രംപ് വ്യാഖ്യാനിച്ചു. അമേരിക്കയിലേക്ക് പുതുതായി എത്തുന്ന ചില കുടിയേറ്റക്കാരാണ് ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അത്തരക്കാരെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. 'അമേരിക്കൻ പൗരന്മാർ കമ്മ്യൂണിസത്തെ വേഗത്തിൽ പരാജയപ്പെടുത്തുമെന്ന് ഇന്ന് നാം പ്രതിജ്ഞ ചെയ്യുന്നു. അത്തരക്കാരെ രാജ്യത്തുനിന്ന് പുറത്താക്കുകയും, അമേരിക്കയെ മുമ്പത്തേക്കാൾ വലുതും മികച്ചതും ശക്തവുമായ രാജ്യമാക്കി മാറ്റുകയും ചെയ്യും. അമേരിക്ക ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാകില്ല' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.
അമേരിക്കക്കാർ തുടർച്ചയായ വിലക്കയറ്റവും ഇന്ധനവില വർധനയും നേരിടുന്ന സാഹചര്യത്തിൽ ഈ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചും ട്രംപിന്റെ പ്രസംഗത്തിൽ പരാമർശമുണ്ടായി. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളുടെ വിജയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി ഉന്നയിച്ച് വരുന്ന വിമർശനങ്ങളുടെ തുടർച്ചയാണ് ട്രംപ് നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെ വിവിധ സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് പ്രൈമറികളിൽ ഇടതുപക്ഷ സ്ഥാനാർഥികൾ നേടിയ വിജയങ്ങൾ റിപ്പബ്ലിക്കൻ നേതാക്കൾ പ്രധാന രാഷ്ട്രീയ വിഷയമാക്കി ഉയർത്തിക്കാട്ടുന്ന സാഹചര്യത്തിൽ കൂടിയാണ് ട്രംപിൻ്റെ പ്രതികരണം.
കഴിഞ്ഞ ആഴ്ച ന്യൂയോർക്ക് സിറ്റിയിലും തുടർന്ന് കൊളറാഡോയിലും നടന്ന ഡെമോക്രാറ്റിക് പ്രൈമറികളിൽ മൂന്ന് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾ ഉൾപ്പെടെ നാല് പുരോഗമന സ്ഥാനാർഥികൾ വിജയിച്ചിരുന്നു. കൂടാതെ അമേരിക്കയിലെ കഴിക്കൻ സംസ്ഥാനങ്ങളായ കെൻ്റക്കി, ന്യൂ ജെഴ്സി, ഓഹിയോ. പെൻസിൽവാലിയ എന്നിവിടങ്ങളിലും പുരോഗമന പക്ഷത്ത് നിൽക്കുന്ന സ്ഥാനാർഥികൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. രാജ്യം സ്ഥാപിതമായതിനുശേഷം അമേരിക്ക നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണിത് എന്നായിരുന്നു
ഈ വിജയങ്ങളെക്കുറിച്ച് കഴിഞ്ഞ ആഴ്ച ട്രംപ് പറഞ്ഞത്.
Content Highlights: Donald Trump declared that America will never become a communist country during remarks ahead of the United States' 250th Independence Anniversary. Read his statements, the context, and their political significance.