

ടെഹ്‌റാന്‍: കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ പൊതുവേദിയില്‍ എത്തി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് മുതിര്‍ന്ന കമാന്‍ഡര്‍ അഹമ്മദ് വാഹിദി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ വാഹിദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് വാഹിദിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
വ്യാഴാഴ്ച നടന്ന ശവസംസ്‌കാര ആസൂത്രണ യോഗത്തില്‍ വാഹിദി പങ്കെടുത്തിരുന്നു. ഇതിന് ശേഷം ഖമനയിയുടെ മൃതദേഹത്തിന് സമീപം ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിച്ചു. ഫെബ്രുവരി എട്ടിന് ശേഷമാണ് വാഹിദി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന വിപുലമായ ശവ സംസ്‌കാര ചടങ്ങുകളുടെ ക്രമീകരണങ്ങളിലും വാഹിദി സജീവമായി ഇടപെടുന്നുണ്ട്.
ഐആര്‍ജിസിയില്‍ ദീര്‍ഘകാല കമാന്‍ഡറായ വാഹിദി, ഇറാന്റെ പ്രതിരോധ മേഖലയിലെ ഏറ്റവും ശക്തനായ വ്യക്തിയായാണ് അറിയപ്പെടുന്നത്. എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിന്റെ മുന്‍ തലവനായും പ്രതിരോധ ആഭ്യന്തര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആയത്തുള്ള അലി ഖമനയി ഉള്‍പ്പെടെയുള്ള ഇറാന്റെ ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വാഹിദി ഐആര്‍ജിസിയുടെ തലവനായി ഉയര്‍ത്തപ്പെട്ടിരുന്നു.
അതേസമയം ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കമായി. പൊതുദര്‍ശനം ഇന്ന് ടെഹ്‌റാനില്‍ ആരംഭിക്കും. ഇറാനിലേയും ഇറാഖിയേലും അഞ്ച് നഗരങ്ങളിലായാലാണ് വിലാപയാത്ര. ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ടെഹ്‌റാനിലേക്ക് ഒഴുകിയെത്തുകയാണ്. ഇന്ത്യന്‍ പ്രതിനിധികള്‍ ഖമനയിക്ക് ആദരമര്‍പ്പിച്ചു. ബിഹാര്‍ ഗവര്‍ണര്‍ സയ്യിത് അതാ ഹസ്‌നൈന്‍, വിദേശകാര്യ സഹമന്ത്രി പ്രബിത്ര മാര്‍ഗരിത എന്നിവരാണ് ആദരമര്‍പ്പിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ മറ്റ് ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു.
അതിനിടെ ഖമനയിയുടെ സംസ്‌കാര ചടങ്ങില്‍ അദ്ദേഹത്തിന്റെ മകനും നിലവിലെ ഇറാന്റെ പരമോന്നത നേതാവുമായ മൊജ്തബ ഖമനയി പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ മൊജ്തബയ്ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്നും ഇക്കാരണത്താല്‍ അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കില്ലെന്നുമാണ് ഇറാനിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ മൊജ്തബയുടെ മുഖത്തും ശരീരമാകെയും പൊള്ളലേറ്റിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇതിന് പുറമേ അദ്ദേഹത്തിന്റെ ഒരു കാലിന് പലതവണ സര്‍ജറി നടത്തിയയതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധത്തിന് ശേഷം മൊജ്തബ ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി മൊജ്തബ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായിയായ ആയത്തുള്ള ഹക്കി ഇലാഹിയും പറഞ്ഞിരുന്നു.
Content Highlights- Photos of Ahmad Vahidi attending a ceremony associated with Ayatollah Khamenei have emerged amid rumours claiming that Khamenei had been killed