

വാഷിംഗ്ടൺ: ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ വീണ്ടും പാകിസ്താനിൽ നടക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ രണ്ടാം ഘട്ട ചർച്ച നടക്കുമെന്ന് ട്രംപ് സൂചന നൽകിയതായാണ് റിപ്പോർട്ട്. ഇതിനിടെ ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഫോക്സ് ന്യൂസിനോട് വ്യക്തമാക്കിയിട്ടുണ്ട്. 'അത് അവസാനിച്ചുവെന്ന് എനിക്ക് തോന്നുന്നു.തീരുന്നതിന് വളരെ അടുത്താണ് എന്നാണ് ഞാൻ അർത്ഥമാകുന്നത്' എന്നായിരുന്നു ഫോക്സ് ന്യൂസ് പങ്കുവെച്ച അഭിമുഖത്തിലെ ഒരു ഭാഗത്തിൽ ട്രംപ് പറയുന്നത്.
ചർച്ചകൾക്ക് വീണ്ടും ആതിഥേയത്വം വഹിക്കാൻ പാകിസ്താൻ സന്നദ്ധത അറിയിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനും-അമേരിക്കയും തമ്മിൽ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച ധാരണയിലെത്താതെ പിരിഞ്ഞിരുന്നു. സമാധാന ചർച്ചകൾ പരാജയപ്പെട്ടതിൽ ഇരുവിഭാഗവും പരസ്പരം കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ അമേരിക്കൻ സംഘം ചർച്ചയിൽ പങ്കെടുത്തതെന്നായിരുന്നു ഇറാൻ്റെ കുറ്റപ്പെടുത്തൽ. യുക്തിസഹമല്ലാത്ത ആവശ്യങ്ങൾ അമേരിക്ക മുന്നോട്ട് വെച്ചുവെന്നും ഇറാൻ ചൂണ്ടിക്കാണിച്ചിരുന്നു.
ഹോർമൂസ് വഴി ഇറാൻ്റെ തുറമുഖങ്ങളിലേയ്ക്കും തിരിച്ചും പോകുന്ന കപ്പലുകൾ തടയുമെന്ന് സമാധാന ചർച്ചകൾ അലസി പിരിഞ്ഞതിന് പിന്നാലെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിനായി 15 യുദ്ധക്കപ്പലുകൾ ഇറാൻ പശ്ചിമേഷ്യയിൽ വിന്യസിച്ചിരുന്നു. ഉപരോധത്തിൻ്റെ ആദ്യ ദിവസം ഇറാൻ്റെ തുറമുഖങ്ങളിലേയ്ക്കും തിരിച്ചും പോകുന്ന കപ്പലുകൾ തടഞ്ഞതായി അമേരിക്കൻ സൈന്യം അവകാശപ്പെടുന്നുണ്ട്.
ഇതിനിടെ ലെബനനും ഇസ്രയേലും തമ്മിലുള്ള സമാധാന ചർച്ചകൾ വാഷിംഗ്ടണിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചരിത്രപരമായ നേട്ടം എന്നായിരുന്നു ഈ കൂടിക്കാഴ്ചയെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിശേഷിപ്പിച്ചത്. മൂന്ന് ദശകത്തിനിടെ ആദ്യമായാണ് ഈ നിലയിൽ നേരിട്ട് ഇസ്രയേലും ലെബനനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നടക്കുന്നത്. അംബാസിഡർമാർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് നടന്നതെങ്കിലും ഉയർന്ന തലത്തിലുള്ള അടുത്തഘട്ട ചർച്ചകൾക്കുള്ള സാഹചര്യം ഈ കൂടിക്കാഴ്ച സൃഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ. ചർച്ചകൾ ശുഭകരമായിരുന്നു എന്ന നിലപാടിലാണ് ഇസ്രേലും അമേരിക്കയും. ചർച്ചകൾ ക്രിയാത്മകമായിരുന്നുെവെന്നാണ് ലെബനന്റെ യു എൻ അംബാസിഡർ നദാ ഹമാദെ മൊവാദ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. അടുത്ത കൂടിക്കാഴ്ചയ്ക്കുള്ള സമയവും വേദിയും പിന്നീട് തീരുമാനിക്കുമെന്നും ചർച്ചകൾക്ക് ശേഷം സംയുക്ത പ്രസ്താവനയും പുറത്തിറങ്ങിയിട്ടുണ്ട്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് ചർച്ചകൾക്ക് അധ്യക്ഷത വഹിച്ചത്. ഇസ്രയേലുമായുള്ള ചർച്ചകളിൽ നിന്ന് ലെബനനൻ ഭരണകൂടം പിന്മാറണമെന്ന് നേരത്തെ ഹിബ്ബുള്ള ആവശ്യപ്പെട്ടിരുന്നു. ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ലെബനനിൽ ഇസ്രയേൽ വീണ്ടും കനത്ത ആക്രമണം തുടരുകയാണ്.
Content Highlights: US President Donald Trump has signaled that a second round of peace talks with Iran could begin within the next two days in Pakistan. Following the collapse of initial negotiations, Trump indicated progress toward ending the ongoing US-Iran war amid the US naval blockade of Iranian ports