'പിതാവ് മരിക്കാൻ കാരണം കോവിഡ് വാക്സിൻ'; ആരോപണവുമായി ഷെയിൻ വോണിന്റെ മകൻ

2022ൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ തന്റെ 52–ാം വയസ്സിൽ മരണത്തിന് കീഴടങ്ങിയത്

'പിതാവ് മരിക്കാൻ കാരണം കോവിഡ് വാക്സിൻ'; ആരോപണവുമായി ഷെയിൻ വോണിന്റെ മകൻ
dot image

ക്രിക്കറ്റ് ലോകത്തെ ആകെ ഞെട്ടിച്ച ഒന്നായിരുന്നു ഇതിഹാസതാരം ഷെയ്ൻ വോണിന്റെ മരണം. 2022ൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ തന്റെ 52–ാം വയസ്സിൽ മരണത്തിന് കീഴടങ്ങിയത്. എന്നാൽ, നാല് വർഷങ്ങൾക്കിപ്പുറം തന്റെ പിതാവിന്റെ മരണത്തിൽ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുകയാണ് മകൻ ജാക്സൺ. മൂന്നോ നാലോ തവണ കോവിഡ് വാക്സീൻ എടുക്കാൻ നിർബന്ധിതനായത് കൊണ്ടാണ് തന്റെ പിതാവ് മരിച്ചതെന്നാണ് ജാക്സന്റെ ഗുരുതര വെളിപ്പെടുത്തൽ. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെയായിരുന്നു ജാക്സന്റെ പ്രതികരണം.

'എന്റെ പിതാവിന്റെ മരണത്തിൽ കോവിഡ് വാക്‌സീന് തീർച്ചയായും പങ്കുണ്ടെന്ന് ഞാൻ കരുതുന്നു. ഇത് ഇപ്പോൾ പറയുന്നത് ഒരു വിവാദമാണെന്ന് പോലും ഞാൻ കരുതുന്നില്ല. പിതാവിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നെങ്കിലും ഇത് അവയെ പുറത്തുകൊണ്ടുവന്നു എന്നാണ് ഞാൻ കരുതുന്നത്. അത് എന്നെ എപ്പോഴും അലട്ടുന്ന ഒന്നാണ്. വോണിന്റെ മരണവാർത്ത കേട്ട് ഫോൺ വച്ചയുടൻ എന്റെ ആദ്യത്തെ ചിന്ത, സർക്കാരിനെ കുറ്റപ്പെടുത്തുക എന്നതായിരുന്നു. ഞാൻ ഉടൻ തന്നെ കോവിഡിനെയും വാക്സീനെയും കുറ്റപ്പെടുത്തുകയും ചെയ്തു. അനുസ്മരണ ചടങ്ങിൽ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഞാൻ കഷ്ടിച്ചാണ് എന്നെ സ്വയം നിയന്ത്രിച്ചത്. ഞാൻ അത് പറയാതിരുന്നത് ഒരുപക്ഷേ ബുദ്ധിപരമായിരിക്കാം, പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇന്ന് വളരെ വ്യത്യസ്തമായ ഒരു നിലയിലാകുമായിരുന്നു’, ഷെയിൻ വോണിന്റെ മകൻ ജാക്സൺ തുറന്നുപറഞ്ഞു.

'പിതാവ് മൂന്നോ നാലോ ഡോസുകൾ എടുത്തിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന് അവ എടുക്കാൻ താല്പര്യമില്ലായിരുന്നു, പക്ഷെ ജോലിക്കായി അവ എടുക്കാൻ അദ്ദേഹം നിർബന്ധിതനായിരുന്നു. ഞാൻ ഇതിനെക്കുറിച്ച് അധികം ചിന്തിക്കാതിരിക്കാൻ ശ്രമിക്കുകയാണ്, കാരണം അത് ദേഷ്യമായി മാറുകയേ ഉള്ളൂ. ആ ദേഷ്യം ആർക്കും നല്ലതല്ല', ജാക്സൺ കൂട്ടിച്ചേർത്തു. പുകവലിയും മദ്യപാനവും ഉണ്ടായിരുന്നിട്ടും ഷെയ്ൻ വോൺ താരതമ്യേന ആരോഗ്യവാനായിരുന്നെന്നും ജാക്സൺ പറഞ്ഞു.

2021ൽ ഇംഗ്ലണ്ടിൽ വച്ച് നടന്ന ‘ദ് ഹണ്ട്രഡ്’ ടൂർണമെന്റിലെ പരിശീലന കാലയളവിൽ, വോണിന് കോവിഡ് ബാധിച്ചിരുന്നു. ഇതിഹാസതാരത്തിന്റെ മരണത്തിൽ ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു അത്. എങ്കിലും, അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം സംഭവിക്കുമ്പോൾ കാര്യമായ അസുഖങ്ങളൊന്നും ഉള്ളതായി അറിവുണ്ടായിരുന്നില്ല.

Content highlight: Shane Warnes son blames covid vaccine for his father's death

dot image
To advertise here,contact us
dot image