

വാഷിംഗ്ടൺ: ഹോർമൂസിൻ്റെ ഉപരോധ മേഖലയിൽ പതിനായിരത്തിലധികം സൈനികരെയും നാവികരെയും വ്യോമനിരീക്ഷകരെയും വിന്യസിച്ചെന്ന് അമേരിക്ക. പന്ത്രണ്ടിലധികം യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും സംഘർഷ മേഖലയിൽ എത്തിയെന്നും യു എസ് അവകാശപ്പെടുന്നു. യുഎസ് സെൻട്രൽ കമാൻഡ് ആണ് വിവരങ്ങൾ പുറത്ത് വിട്ടത്. ഇറാൻ തീരത്ത് നിന്ന് വരുന്ന എല്ലാ കപ്പലിനെയും ശക്തമായി തടയുമെന്ന് യുഎസ് പറഞ്ഞു. ഹോർമൂസ് ഉപരോധ രേഖ മറിക്കടക്കാൻ അമേരിക്ക ഒരു കപ്പലിനെയും അനുവദിച്ചിട്ടില്ലെന്നും യുഎസ് കമാൻഡ് അവകാശപ്പെട്ടു. ഉപരോധത്തിൻ്റെ ആദ്യ 24 മണിക്കൂറിൽ ഒരു കപ്പൽ പോലും ഹോർമൂസ് കടന്നില്ലെന്നാണ് യുഎസിൻ്റെ അവകാശവാദം.
ഹോർമൂസ് കടക്കാൻ ശ്രമിക്കുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്കെതിരെയും ഉപരോധം നിഷ്പക്ഷമായി നടപ്പിലാക്കുമെന്നാണ് യുഎസ് പറഞ്ഞത്. ഇറാൻ ഇതര തുറമുഖങ്ങളിലേക്കും തിരിച്ചും കടത്തിവിടുന്ന കപ്പലുകൾക്കുള്ള സുരക്ഷയ്ക്ക് അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്നും യുഎസ് കമാൻഡ് വ്യക്തമാക്കി.
ഹോർമൂസിന് മേലുള്ള അമേരിക്കയുടെ ഉപരോധത്തെ മറിക്കടന്ന് ചൈനീസ് ചരക്കുക്കപ്പൽ സംഘർഷ മേഖല കടന്നിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അമേരിക്ക ഹോർമൂസിൽ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം സംഘർഷ മേഖല താണ്ടുന്ന ആദ്യ കപ്പലാണ് ചൈനയുടേതെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ അമേരിക്കയുടെ ഉപരോധം പൊളിഞ്ഞെന്ന് പരിഹസിച്ച് ഇറാനും രംഗത്തെത്തിയിരുന്നു. ഹോർമൂസിൽ യുഎസിൻ്റെ ഉപരോധ രേഖ മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ തടയുമെന്നും പിടിച്ചെടുക്കുമെന്നും ഡോണൾഡ് ട്രംപ് ഭീഷണി ഉയർത്തിയിരുന്നു. ട്രംപിന് ആരെയും പേടിയില്ലെന്നും ഏത് രാജ്യത്തിൻ്റെ കപ്പലായാലും കടത്തി വിടില്ലെന്നായിരുന്നു പ്രസ്താവന.
Content Highlights: The United States has deployed more than 10,000 soldiers, sailors and air observers to the blockaded Strait of Hormuz