

അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയായ ഹംഗേറിയൻ ചലച്ചിത്ര നിർമ്മാതാവായ ബേല ടാർ ( 70 ) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു ബേല. കുടുംബത്തിനുവേണ്ടി സംവിധായകൻ ബെൻസ് ഫ്‌ളീഗൗഫ് ആണ് മരണവിവരം സ്ഥിരീകരിച്ചത്. 1979 മുതൽ 2011 വരെ നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ ഒൻപത് ഫീച്ചർ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഫാമിലി നെസ്റ്റ് ആണ് ആദ്യ ചിത്രം. ദ ടൂറിൻ ഹോഴ്സ് ആണ് അവസാനം പുറത്തിറങ്ങിയത്.
ഹംഗേറിയിലെ പെക്സ് നഗരത്തിൽ 1955-ൽ ജനിച്ച താർ, 1979ലെ ഫാമിലി നെസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് തന്റെ ഫീച്ചർ സംവിധായക ജീവിതത്തിന് തുടക്കം കുറിച്ചത്. ഈ ചിത്രം അതേ വർഷം മാന്ഹൈം–ഹൈഡൽബർഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രൈസ് നേടി. 2011ലെ അദ്ദേഹത്തിന്റെ ചിത്രം ദി ടൂറിൻ ഹോഴ്സ് ബെർലിനാലെയിൽ സിൽവർ ബിയർ ഗ്രാൻഡ് ജൂറി പുരസ്കാരവും ഫിപ്രെസ്സി പുരസ്കാരവും സ്വന്തമാക്കി.

2023-ൽ അദ്ദേഹം യൂറോപ്യൻ ഫിലിം അക്കാദമിയുടെ ഹോണററി അവാർഡ് ലഭിച്ചു. കൂടാതെ ടോക്യോ, കൈറോ, ബാറ്റുമി, സാർഡീനിയ എന്നിവിടങ്ങളിലെ ചലച്ചിത്രമേളകളിലും കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഉൾപ്പെടെ നിരവധി മേളകളിൽ നിന്ന് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2022-ലെ 27-ാമത് ഐഎഫ്എഫ്‌കെയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാര ജേതാവാണ്. ബേലാ താറിന്റെ ആറുചിത്രങ്ങൾ മേളയിൽ അത്തവണ പ്രദർശിപ്പിച്ചിരുന്നു. ഡോക്യുമെന്ററികളും ടെലിവിഷൻ ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും സംവിധാനംചെയ്തിട്ടുണ്ട്.
Content Highlights: Renowned Hungarian film director Bela Tarr has passed away. Widely regarded as a major figure in world cinema, he was known for his distinctive filmmaking style and critically acclaimed works.