

കാരക്കാസ്: വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. പ്രസിഡന്‍ഷ്യല്‍ പാലസിന് സമീപമാണ് വെടിവയ്പ്പുണ്ടായത്. കൊട്ടാരത്തിന് മുകളിലൂടെ അജ്ഞാത ഡ്രോണ്‍ പറന്നു. സുരക്ഷാ സേന ഡ്രോണ്‍ വെടിവെച്ചിട്ടതായാണ് വിവരം. വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റതിന് പിന്നാലെയാണ് വെടിവെയ്പ്പുണ്ടായത്.
ഇന്നലെയാണ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റത്. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക സൈനിക നടപടികളിലൂടെ പിടികൂടിയതിന് പിന്നാലെയാണ് വൈസ് പ്രസിഡന്റായിരുന്ന ഡെല്‍സിയ്ക്ക് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കേണ്ടിവന്നത്. ആദ്യം ഡെല്‍സിയുമായി സഹകരിക്കുമെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്നീട് നിലപാട് മാറ്റുകയായിരുന്നു. അമേരിക്കയുമായി സഹകരിച്ചില്ലെങ്കില്‍ ഡെല്‍സിയ്ക്ക് മഡുറോയേക്കാള്‍ വലിയ വില നല്‍കേണ്ടിവരുമെന്നാണ് ട്രംപ് നല്‍കിയ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം മാൻഹട്ടൻ കോടതിയിൽ മഡുറോയുടെ ആദ്യ വിചാരണ നടന്നിരുന്നു. വിചാരണയ്ക്കിടയിൽ തന്റെ മേൽ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും നിക്കോളാസ് മഡുറോ നിഷേധിച്ചു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും മാന്യനായ വ്യക്തിയാണ് താൻ എന്നുമാണ് മഡുറോ കോടതിയിൽ പറഞ്ഞത്. താൻ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് തന്നെയാണെന്നും തന്നെ അനധികൃതമായി തട്ടി കൊണ്ടുവന്നതാണെന്നും മഡുറോ വാദിച്ചു. കോടതിയിൽ മഡുറോ ജാമ്യം ആവശ്യപ്പെട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്. കേസിലെ അടുത്ത വാദം മാർച്ച് 17ന് നടക്കും.
മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് ആരോപിച്ച് മഡുറോയെ മാസങ്ങളായി വേട്ടയാടിയ ശേഷമാണ് രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തെയും ഭാര്യയെയും ബന്ദിയാക്കിയത്. ഡിസംബർ 3ന് പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് യുഎസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സാണ് മഡുറോയെയും സീലിയെയും ബന്ദിയാക്കിയത്. കിടപ്പുമുറിയില്‍ അതിക്രമിച്ച് കടന്നായിരുന്നു നടപടി. ഇതിന് തൊട്ടുമുന്‍പ് വെനസ്വേലയ്ക്ക് നേരെ അമേരിക്ക ശക്തമായ അക്രമണം നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ഇതിന് ശേഷം വെനസ്വേല യുഎസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
Content Highlights: Drone attack reported near presidential palace in Venezuela