'വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം'; അമേരിക്കൻ അധിനിവേശത്തെ അപലപിച്ച് മാർപാപ്പ

വെനസ്വേലയെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ലിയോ പതിനാലാമൻ മാർപാപ്പ

'വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം'; അമേരിക്കൻ അധിനിവേശത്തെ അപലപിച്ച് മാർപാപ്പ
dot image

വത്തിക്കാൻ: അമേരിക്കയുടെ കടന്നുകയറ്റത്തിന് പിന്നാലെ വെനസ്വേലയെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ലിയോ പതിനാലാമൻ മാർപാപ്പ. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം എന്നും ഭരണഘടനയുള്ള ഒരു നിയമവാഴ്ച ഉണ്ടാകണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. വ്യക്തികളുടെ മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും ബഹുമാനിക്കണമെന്നും, സഹകരണത്തിന്റെയും സ്ഥിരതയുടെയും യോജിപ്പിന്റെയും ശാന്തമായ ഒരു ഭാവി കെട്ടിപ്പടുക്കണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. എക്‌സിലായിരുന്നു മാർപ്പാപ്പയുടെ പ്രതികരണം.

'വെനസ്വേലയിലെ സംഭവവികാസങ്ങൾ ഞാൻ വളരെ ആശങ്കയോടെയാണ് പിന്തുടരുന്നത്. പ്രിയപ്പെട്ട വെനസ്വേലൻ ജനതയുടെ നന്മ മറ്റെല്ലാ പരിഗണനകളേക്കാളും നിലനിൽക്കണം. ഇത് അക്രമത്തെ മറികടക്കുന്നതിലേക്കും നീതിയുടെയും സമാധാനത്തിന്റെയും പാതകൾ പിന്തുടരുന്നതിലേക്കും നയിക്കണം. ഇതിനെല്ലാം വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു, കൊറോമോട്ടോയിലെ മാതാവിന്റെയും വിശുദ്ധരായ ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസിന്റെയും കാർമെൻ റെൻഡിൽസിന്റെയും മധ്യസ്ഥതയിൽ ഞങ്ങളുടെ പ്രാർത്ഥന സമർപ്പിച്ചുകൊണ്ട് നിങ്ങളെയും പ്രാർത്ഥിക്കാൻ ഞാൻ ക്ഷണിക്കുന്നു' എന്നായിരുന്നു മാർപാപ്പ കുറിച്ചത്.

അതേസമയം, നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയതിന് പിന്നാലെ പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ഏറ്റെടുത്തു. വെനസ്വേലന്‍ സുപ്രീംകോടതിയുടെ ഭരണഘടന ചേംബര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി. വെനസ്വേലന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 233, 234 പ്രകാരം പ്രസിഡന്റിന്റെ ആഭാവത്തില്‍ പകരം ചുമതല വൈസ് പ്രസിഡന്റിനാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമേ ധനകാര്യ, എണ്ണ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് ഡെല്‍സി റോഡ്രിഗസായിരുന്നു.

മഡുറോയ്‌ക്കെതിരായ നടപടിക്ക് പിന്നാലെ ഡെല്‍സി റോഡ്രിഗസിന്റെ നേതൃത്വത്തില്‍ ദേശീയ പ്രതിരോധ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടക്കം യോഗത്തില്‍ പങ്കെടുത്തു. മഡുറോയ്‌ക്കെതിരായ നടപടിയെ യോഗം ശക്തമായി അപലപിച്ചു. മഡുറോയെയും ഭാര്യ സീലിയ ഫ്‌ളോറസിനെയും ഉടന്‍ വിട്ടയക്കണ് യോഗം ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ നടപടി അന്താരാഷ്ട്ര നിയമത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും മേലുള്ള കടന്നുകയറ്റമാണെന്നും ഡെല്‍സി പറഞ്ഞിരുന്നു. നടപടിയെ വെനസ്വേലന്‍ ജനത തള്ളിക്കളയണം. ലാറ്റിന്‍ അമേരിക്കന്‍ രാജ്യന്‍ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഡെല്‍സി ആവശ്യപ്പെട്ടിരുന്നു.

മയക്കുമരുന്നുകള്‍ കടത്തുണ്ടെന്ന് ആരോപിച്ച് മഡുറോയെ മാസങ്ങളായി വേട്ടയാടിയ ശേഷമായി രാജ്യത്ത് അധിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തെയും ഭാര്യയെയും ബന്ദിയാക്കിയത്. ഡിസംബർ 3ന് പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് യുഎസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സാണ് മഡുറോയെയും സീലിയെയും ബന്ദിയാക്കിയത്. കിടപ്പുമുറിയില്‍ അധിക്രമിച്ച് നടന്നായിരുന്നു നടപടി. ഇതിന് തൊട്ടുമുന്‍പ് വെനസ്വേലയ്ക്ക് നേരെ അമേരിക്ക ശക്തമായ അക്രമണം നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ഇതിന് ശേഷം വെനസ്വേല യുഎസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. മഡുറോയെയും സീലിയയെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇരുവരേയും ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അമേരിക്കന്‍ ലഹരിവിരുദ്ധ സേന മഡുറോയെ ചോദ്യം ചെയ്യും. മറുഡോയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിച്ച ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.

Content Highlights: Pope Francis condemned the alleged US intervention in Venezuela, emphasizing that the country’s sovereignty must be respected and protecte

dot image
To advertise here,contact us
dot image