

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിക്ക് വേണ്ടി ശേഖരിച്ച പണം കൊണ്ട് നല്‍കിയ സഹായങ്ങളുടെ പട്ടിക പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പുറത്തുവിടട്ടെയെന്ന് സിപിഐഎം നേതാവ് കെ ജെ ഷൈന്‍. ഡിസിസി സെക്രട്ടറി ആയിരുന്ന രാജേന്ദ്രപ്രസാദ് ആണ് കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നതെന്നും ഷൈന്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും ഷൈന്‍ ആവശ്യപ്പെട്ടു. വിദേശത്തുനിന്ന് പണം സ്വീകരിച്ചത് നിയമപരം ആയിട്ടാണോയെന്ന് പരിശോധിക്കണമെന്നും കെ ജെ ഷൈന്‍ കൂട്ടിച്ചേര്‍ത്തു.
വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ രണ്ട് വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നിരുന്നു. വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ടായിരുന്നു ആദ്യം പുറത്ത് വന്നത്. വി ഡി സതീശന്‍ വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടെന്നാണ് ഇതില്‍ വിജിലന്‍സിന്റെ കണ്ടെത്തല്‍.
വിദേശ ഫണ്ട് പിരിവ് കേന്ദ്ര നിയമത്തിന്റെ ലംഘനമാണെന്നും ആദ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ സന്ദര്‍ശനത്തിന് കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങിയാണ് സതീശന്‍ വിദേശത്തേയ്ക്ക് പോയത്. അത്തരത്തില്‍ വിദേശത്ത് പോയി ഫണ്ട് സ്വരൂപിക്കുകയും കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിക്കുകയും ചെയ്തു. ഇത് നിയമലംഘനമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും വിജിലന്‍സ് ആദ്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പുനര്‍ജനി കേസില്‍ വി ഡി സതീശനെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് രണ്ടാമത് വന്നത്. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ വി ഡി സതീശന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. 2025 സെപ്റ്റംബര്‍ 19ന് നല്‍കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മനോജ് എബ്രഹാം വിജിലന്‍സ് മേധാവിയായിരിക്കെയാണ് സതീശന് ക്ലീന്‍ ചിറ്റ് നല്‍കിയത്. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2018ലെ മഹാപ്രളയത്തിന് ശേഷം വി ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയാണ് 'പുനര്‍ജനി, പറവൂരിന് പുതുജീവന്‍'. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക, സ്‌കൂളുകള്‍ നവീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. മണപ്പാട്ട് ഫൗണ്ടേഷന്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികള്‍.
Content Highlights: KJ Shine has made allegations against VD Satheesan in the Punarjani case