

വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ളോറസിനെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇരുവരേയും ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റും. തുടര്‍ന്ന് അമേരിക്കന്‍ ലഹരിവിരുദ്ധ സേന മഡുറോയെ ചോദ്യം ചെയ്യും.
മഡുറോയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോച തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. ട്രംപിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്തെത്തി. വെനസ്വേലയിലെ നടപടി ബുദ്ധി ശൂന്യമെന്നായിരുന്നു കമല ഹാരിസ് പറഞ്ഞത്. അമേരിക്കന്‍ ജനത ഇത് ആഗ്രഹിക്കുന്നില്ല. സൈനികരെ പ്രസിഡന്റ് അപകടത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കമല ഹാരിസ് ആഞ്ഞടിച്ചു. വിഷയത്തിൽ യുഎൻ ഇടപെട്ടിട്ടുണ്ട്. വെനസ്വേലയിലെ സാഹചര്യം പരിശോധിക്കാൻ ഐക്യരാഷ്ട്രസഭ നാളെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
മഡുറോയെ ബന്ദിയാക്കിയതിനെ ചൊല്ലി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഭിന്നത രൂപപ്പെട്ടു. അമേരിക്കന്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാനിയോ ലുല ഡാ സില്‍വ പറഞ്ഞു. അമേരിക്കയുടെ നടപടി വെനസ്വേലയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഐക്യരാഷ്ട്രസഭ അടക്കം അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെടണമെന്നും ലുല ഡാ സില്‍വ ആവശ്യപ്പെട്ടു. സൈനിക കടന്നുകയറ്റം ശരിയല്ലെന്നായിരുന്നു ഉറുഗ്വേയുടെ പ്രതികരണം. അതേസമയം മഡുറോയുടെ പതനം ആഘോഷിക്കുമെന്നായിരുന്നു അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലെ പറഞ്ഞത്.

അമേരിക്കയുടെ നടപടിക്കെതിരെ റഷ്യയും ഇറാനുമടക്കമുള്ള രാജ്യങ്ങള്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ നടപടിയെ ശക്തമായി അപലപിക്കുന്നതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. വെനസ്വേലയ്‌ക്കെതിരായ അമേരിക്കന്‍ നടപടി രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമെന്നായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയത്. വിഷയത്തില്‍ അടിയന്തര അന്താരാഷ്ട്ര പ്രതികരണം ആവശ്യമെന്നായിരുന്നു ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍ പറഞ്ഞത്.
മയക്കുമരുന്നുകള്‍ കടത്തുണ്ടെന്ന് ആരോപിച്ച് മഡുറോയെ മാസങ്ങളായി വേട്ടയാടിയ ശേഷമായി രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തെയും ഭാര്യയെയും ബന്ദിയാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് യുഎസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സാണ് മഡുറോയെയും സീലിയെയും ബന്ദിയാക്കിയത്. കിടപ്പുമുറിയില്‍ അതിക്രമിച്ച് നടന്നായിരുന്നു നടപടി. ഇതിന് തൊട്ടുമുന്‍പ് വെനസ്വേലയ്ക്ക് നേരെ അമേരിക്ക ശക്തമായ ആക്രമണം നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ഇതിന് ശേഷം വെനസ്വേല യുഎസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
Content Highlights- Nicolas Maduro and wife brought to New York