പ്രവർത്തനക്ഷമമായത് വളരെ കുറച്ച് ആശുപത്രികൾ, ഇവയ്ക്ക് സമീപവും ആക്രമണം നടത്തി ഇസ്രയേൽ, യുദ്ധക്കുറ്റമെന്ന് ഹമാസ്

ആശുപത്രിക്ക് സമീപമുള്ള ആക്രമണം പൂര്‍ണമായ യുദ്ധക്കുറ്റമാണെന്ന് ഹമാസ് അപലപിച്ചു

പ്രവർത്തനക്ഷമമായത് വളരെ കുറച്ച് ആശുപത്രികൾ, ഇവയ്ക്ക് സമീപവും ആക്രമണം നടത്തി ഇസ്രയേൽ, യുദ്ധക്കുറ്റമെന്ന് ഹമാസ്
dot image

ഗാസ: ഗാസ സിറ്റിയിലെ കരയാക്രമണം ശക്തമാക്കുന്നതിനിടയില്‍ ഗാസയിലുടനീളം ആക്രമണം നടത്തി ഇസ്രയേല്‍. ഇപ്പോഴും പ്രവര്‍ത്തിക്കുന്ന വളരെ കുറച്ച് ആശുപത്രികള്‍ക്ക് സമീപം പോലും ഇസ്രയേല്‍ ആക്രമണം നടത്തുകയാണ്. അല്‍ ശിഫ, അല്‍ അഹ്‌ലി, അല്‍ റാന്റിസി തുടങ്ങിയ ആശുപത്രികള്‍ക്ക് സമീപമാണ് മിസൈലാക്രമണമുണ്ടായത്. അല്‍ ശിഫയ്ക്ക് പുറത്ത് 15 പേരും അല്‍ അഹ്‌ലിക്ക് സമീപം നാല് പേരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ആശുപത്രിക്ക് സമീപമുള്ള ആക്രമണം പൂര്‍ണമായ യുദ്ധക്കുറ്റമാണെന്ന് ഹമാസ് അപലപിച്ചു. ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് പറയുന്ന ഐക്യരാഷ്ട്ര സഭ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം നടക്കുന്നതെന്നും ഹമാസ് പറഞ്ഞു. കുട്ടികള്‍ക്കുള്‍പ്പെടെ പരിക്കേറ്റ അല്‍ റാന്റിസിക്ക് സമീപമുണ്ടായ ബോംബാക്രമണത്തില്‍ ഭയമുണ്ടെന്ന് യുകെ മിഡില്‍ ഈസ്റ്റ് മന്ത്രി ഹാമിഷ് ഫാല്‍കോണര്‍ പറഞ്ഞു. ഇന്‍ക്യുബേറ്ററിലുള്ള കുഞ്ഞുങ്ങളും ഡയാലിസിസിന് വിധേയമാകുന്ന കുട്ടികളും ബോംബാക്രമണത്തിന് ഇരയാക്കപ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു.

ആശുപത്രിയില്‍ നിന്നും 40ഓളം രോഗികള്‍ പലായനം ചെയ്‌തെന്നും ഇനിയും 40ഓളം പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം മാത്രം ഗാസയില്‍ 83 പലസ്തീനികളാണ് കൊല്ലപ്പെട്ടതെന്നാണ് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 61 പേരും കൊല്ലപ്പെട്ടത് ഗാസ സിറ്റിയിലാണ്.

അതേസമയം കഴിഞ്ഞ ദിവസം ഗാസയില്‍ ഇന്റര്‍നെറ്റ് സേവനവും ഏറെക്കുറെ പൂര്‍ണമായും വിച്ഛേദിച്ചിരുന്നു. കരയുദ്ധം ആരംഭിച്ചതോടെ ഗാസ സിറ്റിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്.

Content Highlights: Israel attack near hospitals in Gaza

dot image
To advertise here,contact us
dot image