
ഇരുപത് വർഷത്തോളം കാഴ്ചയില്ലാതെയിരുന്ന ഒരാൾക്ക് പെട്ടെന്ന് ഒരു ദിവസം കാഴ്ച ലഭിച്ചാൽ എങ്ങനെയിരിക്കും. അത്രയും കാലം അയാൾക്ക് ചുറ്റുമുണ്ടായിരുന്ന ഇരുട്ടിനെ മറികടന്ന് നിറങ്ങളുടെയും പ്രകാശത്തിൻ്റെയും ലോകത്തേക്ക് എത്തുന്ന ഒരു മനുഷ്യൻ. കാനഡക്കാരനായ ബ്രെൻ്റ് ചാപ്മാൻ എന്ന യുവാവിനെ പറ്റിയാണ് നമ്മൾ പറഞ്ഞു വരുന്നത്. ചാപ്മാന് പതിമൂന്നാം വയസ്സിൽ തന്റെ ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടതാണ്. ഇബുപ്രോഫെൻ എന്ന മരുന്നിൽ നിന്നുണ്ടായ വളരെ അപൂർവമായ ഒരു അലർജിക്ക് റിയാക്ഷൻ മൂലമുണ്ടായ ജോൺസൺ സിൻഡ്രോം ബാധിച്ചാണ് ചാപ്മാന് കാഴ്ച നഷ്ടമായത്. അസുഖം മൂലം രണ്ട് കണ്ണുകളിലും കാഴ്ച നഷ്ടപ്പെട്ട അദ്ദേഹം വർഷങ്ങളോളം ചികിത്സകൾ തുടർന്നു. പക്ഷെ ഒന്നും ഫലം കണ്ടില്ല.
ഒടുവിൽ ചാപ്മാൻ വാൻകൂവറിലെ പ്രൊവിഡൻസ് ഹെൽത്ത് കെയറിന്റെ മൗണ്ട് സെന്റ് ജോസഫ് ആശുപത്രിയിലെ നേത്രരോഗവിദഗ്ദ്ധനായ ഡോ. ഗ്രെഗ് മോളോണിയുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് 1960 കളിൽ ആദ്യമായി വികസിപ്പിച്ചെടുത്തതും ലോകത്തിൽ ഏതാനും തവണ മാത്രം നടത്തിയതുമായ ഒരു സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്താൻ അദ്ദേഹം നിർദേശിക്കുന്നത്. ടൂത്ത്-ഇൻ-ഐ" ശസ്ത്രക്രിയയാണ് ഡോക്ടർ മോളോണി നിർദ്ദേശിച്ചത്.
ഓസ്റ്റിയോ-ഓഡോന്റോ-കെരാറ്റോപ്രോസ്ഥെസിസ് (OOKP) എന്നറിയപ്പെടുന്ന ടൂത്ത്-ഇൻ-ഐ സർജറി, കോർണിയയ്ക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചവർക്ക് കാഴ്ച പുനഃസ്ഥാപിക്കാൻ കഴിയുന്ന ഒരു അപൂർവ ശസ്ത്രക്രിയയാണ് . സാധാരണ കോർണിയ ട്രാൻസ്പ്ലാൻറുകൾ ഫലപ്രദമല്ലാത്തപ്പോഴാണ് ഇത് സാധാരണയായി ചെയ്യുന്നത്.
കോർണിയയുടെ കേടുപാടുകൾ സംഭവിച്ച ഉപരിതലം നീക്കം ചെയ്യുകയും രോഗിയുടെ കവിളിന്റെ ഉള്ളിൽ നിന്ന് എടുക്കുന്ന ടിഷ്യു ഉപയോഗിച്ച് മൂടുകയും ചെയ്യുന്നു. ശേഷം ഒരു പല്ല് നീക്കം ചെയ്ത് അതിൽ ഒരു ചെറിയ പ്ലാസ്റ്റിക് ലെൻസ് പിടിപ്പിക്കാൻ ദ്വാരം തുരക്കുന്നു. ഈ പല്ലും ലെൻസുമുള്ള ഭാഗം കവിളിൻ്റെ തൊലിക്കിടയിൽ മാസങ്ങളോളം വെക്കുകയും രക്ത വിതരണം വികസിപ്പിക്കുകയും ചെയ്യുന്നു.
സുഖം പ്രാപിച്ച ശേഷം, ഇംപ്ലാന്റ് കണ്ണിലേക്ക് മാറ്റുന്നു. ലെൻസ് പ്രകാശത്തെ അകത്തേക്ക് കടക്കാൻ അനുവദിക്കുന്നു , അതേസമയം പല്ലും അസ്ഥിയും അതിനെ ഉറച്ചു നിർത്തുന്നു. രോഗിയുടെ സ്വന്തം ശരീരത്തിൽ നിന്ന് തന്നെൃ വരുന്നതിനാൽ, ഇത് നിരസിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.
കോർണിയൽ പാടുകൾ മൂലം അന്ധരായവർക്കും മറ്റ് ചികിത്സാ മാർഗങ്ങളില്ലാത്തവർക്കും സാധാരണയായി ഈ നടപടിക്രമം നൽകാറുണ്ട്. ശസ്ത്രക്രിയയുടെ തുടക്കത്തിൽ തനിക്ക് വിശ്വാസമില്ലായിരുന്നുവെന്നും പക്ഷെ പിന്നീട് ഞെട്ടിപോയെന്നും അദ്ദേഹം പറയുന്നു. പുതിയൊരു ലോകം പോലെയാണ് കാഴ്ച തിരിച്ച് കിട്ടിയ ശേഷം തോന്നുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
Content Highlights- A young man who was blind for 20 years regained his sight through dental surgery