
ആക്രമണങ്ങളില്‍ പരിക്കേറ്റ് മുറിവുണങ്ങാത്ത ശരീരങ്ങളുമായി ഒരു തുളളി വെള്ളം കുടിക്കാനില്ലാതെ ദിവസങ്ങളായുള്ള വിശപ്പ് സഹിച്ച് ഉണങ്ങിയ ഒരു കഷ്ണം റൊട്ടിക്ക് വേണ്ടി തെരുവില്‍ കാത്ത് നില്‍ക്കുന്ന കുഞ്ഞുങ്ങളുടെ കാഴ്ച മനസാക്ഷിയുടെ ഒരു തരിമ്പെങ്കിലും ഉള്ളിലവശേഷിക്കുന്നവര്‍ക്ക് കണ്ടുനില്‍ക്കാവില്ല. എന്നാല്‍, അത്തരം ദയനീയാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്കിടയിലേക്ക് പോലും വെടിയുണ്ടകളും ബോംബുകളും പായിച്ച് ആ കുരുന്നുകളെ നിര്‍ദയം കൊലപ്പെടുത്താന്‍ ചില ശക്തികള്‍ക്ക് സാധിക്കും. ആ പ്രവര്‍ത്തിയുടെ പേരാണ് വംശഹത്യ.
ലക്ഷ്യം ഒരു ജനതയെ അവരുടെ വേരുകളെ നാമാവശേഷമാക്കുക. തലമുറയില്‍ ആരും ബാക്കിയാകാത്ത വിധം കുരുന്നു കുഞ്ഞുകളെപ്പോലും ചുട്ടുചാമ്പലാക്കുക. ഗാസയില്‍ നടക്കുന്നത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നമല്ലെന്നും ഏകപക്ഷീയമായ ആക്രമണമാണെന്നും അതിക്രൂരമായ വംശഹത്യാ പദ്ധതിയുടെ ഭാഗമാണെന്നും നിരവധിപേര്‍ ഇതിനകം വിളിച്ചുപറഞ്ഞിട്ടുണ്ട്.
ഒടുവില്‍ ഇന്നലെ ഐക്യരാഷ്ട്രസഭയും അത് ലോകത്തോട് തുറന്നുപറഞ്ഞിരിക്കുന്നു. ഒരു രാജ്യത്തെയും സവിശേഷമായ ഒരു മതവിഭാഗത്തെയും മുച്ചൂടും നശിപ്പിക്കാനുള്ള വംശഹത്യാ പദ്ധതിയാണ് ഇസ്രായേല്‍ നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കുന്ന 72 പേജുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട മണിക്കൂറുകളിലും ഗാസയില്‍ പൊലിഞ്ഞത് 70ഓളം ജീവനുകളാണ്. ഇസ്രായേല്‍ സൈന്യം ഇന്നലെ ഉച്ചയോടെ ആരംഭിച്ച ശക്തമായ കരയുദ്ധം, അവശേഷിക്കുന്ന മനുഷ്യരെക്കൂടി ഉന്മൂലനം ചെയ്ത് മുന്നേറുകയാണ്.
നാസി ജര്‍മനിയില്‍ നടപ്പിലാക്കപ്പെട്ട ജൂതവംശഹത്യയ്ക്ക് ശേഷം, 1948ല്‍ നടന്ന യുഎന്‍ വംശഹത്യാ കണ്‍വെന്‍ഷന്‍ പ്രകാരം ഒരു ആക്രമണത്തെ വംശഹത്യയായി കണക്കാക്കാന്‍ അഞ്ച് മാനദണ്ഡങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരെണ്ണമെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് വംശഹത്യയായിരിക്കും. എന്നാല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് തെളിയിക്കുന്ന അഞ്ചില്‍ നാല് ഘടകങ്ങളുണ്ടെന്നാണ് യുഎന്നിന്റെ ഭാഗമായ മനുഷ്യാവകാശ കൗണ്‍സിലിന്റെ കണ്ടെത്തല്‍.
കൊലപാതകം തന്നെയാണ് ആദ്യത്തെ ഘടകം. 2025 ജൂലൈ 15 വരെ ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 46 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. കൊല്ലപ്പെട്ടവരില്‍ 83 ശതമാനം സാധാരണക്കാരാണ്. സുരക്ഷിത മേഖലകളെന്ന് പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളില്‍ പോലും ആളുകള്‍ കൊല്ലപ്പെട്ടു. എന്തിനേറെ, വീടുകള്‍ക്കകത്ത് കഴിഞ്ഞവരും ആശുപത്രിയില്‍ ചികിത്സ തേടിയവരും അഭയം പ്രാപിച്ച് ഷെല്‍ട്ടറില്‍ എത്തിയവര്‍ പോലും കൊല്ലപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സാധാരണക്കാരെ പോലെ തന്നെ, മാധ്യമപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയും ഇസ്രയേല്‍ ലക്ഷ്യമിട്ട് കൊല്ലുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ഗുരുതരമായ ശാരീരിക മാനസിക ഉപദ്രവങ്ങളാണ് മറ്റൊരു ഘടകം. പലസ്തീന്‍ തടവുകാരോട് ഇസ്രയേല്‍ സേന കാണിച്ച മോശം പെരുമാറ്റത്തെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂട്ടപലായനത്തിന്റെ ഭീകരതയും വിവരിക്കുന്നുണ്ട്. ഇവ രണ്ടും ഗാസക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിച്ചെന്നും സ്വന്തം വീടു വിട്ട് മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കരുതിക്കൂട്ടിയുള്ള ആക്രമണമാണ് മൂന്നാമത്തെ ഘടകം. ആക്രമണത്തില്‍ ആളുകള്‍ മരിക്കുമെന്നോ ഗുരുതര പരിക്കുകള്‍ സംഭവിക്കുമെന്നോ അറിഞ്ഞ് കൊണ്ടുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ഗാസയുടെ ഏകദേശം മുഴുവന്‍ ഭാഗവും ഫലത്തില്‍ വാസയോഗ്യമല്ലാതായി മാറിയിട്ടുണ്ട്. ബേക്കറികള്‍, സ്‌കൂളുകള്‍, സാംസ്‌കാരിക സ്ഥലങ്ങള്‍, മതപരമായ സ്ഥാപനങ്ങള്‍ തുടങ്ങിയവ പൂര്‍ണമായി നശിപ്പിച്ചതും ആശുപത്രികള്‍ക്ക് നേരെയുള്ള ആക്രമണം ആരോഗ്യ സംവിധാനത്തെ തകിടം മറിച്ചതും കരുതിക്കൂട്ടിയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒരു തലമുറയെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് ഏറ്റവും നാലാമത്തെ വംശഹത്യാ ഘടകമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ജനനം തടയാന്‍ ഉദ്ദേശിച്ചുള്ള നടപടിയായിരുന്നു അത്. ഗാസയിലെ ഏറ്റവും വലിയ വന്ധ്യതാ ക്ലിനിക്കായ അല്‍ ബാസ്മ ഐവിഎഫ് ക്ലിനിക്കില്‍ 2023 ഡിസംബറില്‍ നടന്ന ആക്രമണത്തില്‍ 4000ത്തോളം ഭ്രൂണങ്ങളും 1000ത്തോളം സ്പേം സാമ്പിളുകളും ബീജ സങ്കലനം ചെയ്യാത്ത അണ്ഡങ്ങളുമാണ് നശിച്ചത്. ഈ ക്ലിനിക്കിനെ കുറിച്ച് ഇസ്രയേല്‍ സൈന്യത്തിന് അറിയാമായിരുന്നുവെന്നും അത് മനസിലാക്കി തന്നെ നടത്തിയ ആക്രമണമാണെന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. അതായത് ഒരു ദേശത്തെയോ സമുദായത്തെയോ ഇല്ലാതാക്കണമെങ്കില്‍ ഒരു തലമുറയെ തന്നെ ഇല്ലാതാക്കിയാല്‍ മതിയെന്ന കൃത്യമായ ബോധ്യം ഇസ്രയേലിനുണ്ടായിരുന്നു.
നിരവധി മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും ആവര്‍ത്തിച്ചു പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ യുഎന്നിന്റെ അന്വേഷണ കമ്മീഷന്‍ തെളിവുകളോടെ നിരത്തിയിരിക്കുന്നത്. നെതന്യാഹുവിന്റെയും മറ്റും പ്രസ്താവനകള്‍, ഇരകളുടെയും സാക്ഷികളുടെയും മൊഴികള്‍, ഡോക്ടര്‍മാരുടെ അഭിമുഖങ്ങള്‍, പലതരം ഓപ്പണ്‍ സോഴ്സ് ഡോക്യുമെന്റുകള്‍, മാധ്യമങ്ങളുടെയും എന്‍ജിഒകളുടെയും റിപ്പോര്‍ട്ടുകള്‍, യുദ്ധം തുടങ്ങിയത് മുതലുള്ള സാറ്റ്ലൈറ്റ് ഇമേജുകള്‍ തുടങ്ങിയവയെല്ലാം പരിശോധിച്ച ശേഷമാണ് യുഎന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൂട്ടക്കൊലപാതകത്തിന് കാരണമാകുന്ന യുദ്ധ രീതിയാണ് സ്വീകരിക്കുന്നതെന്ന് അറിഞ്ഞിട്ടും ആ യുദ്ധ രീതി മാറ്റാന്‍ തയ്യാറാകാതിരുന്ന ഇസ്രയേലിന്റെ സമീപനത്തെയും യുഎന്‍ തുറന്നു കാട്ടുന്നുണ്ട്.
ലോകത്തിന്റെ കണ്‍മുന്നില്‍ വെച്ച് ഒരു നാടും, ആ മണ്ണില്‍ തലമുറകളായി അധിവസിക്കുന്ന ഒരു ജനതയും വംശഹത്യയിലൂടെ തുടച്ചുമാറ്റപ്പെടുമ്പോഴും, ആ അക്രമത്തിന് പിന്തുണ നല്‍കുന്ന മറ്റ് രാജ്യങ്ങളും ഭരണാധികാരികളും ഉണ്ടാകുന്നു എന്നത് കൂടിയാണ് നമ്മെ ഭയപ്പെടുത്തുന്നത്.
Content Highlights: UN report about Israel attack in Gaza