
അടൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സന്ദർശിച്ച് പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് സി വി സതീഷും മണ്ഡലം പ്രസിഡൻ്റുമാർ ഉൾപ്പെടെ ആറുപേരുമാണ് രാഹുലിനെ അടൂരിലെ വീട്ടിലെത്തി സന്ദർശിച്ചത്. ഇന്നലെയായിരുന്നു സന്ദർശനം. കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടും രാഹുലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ നേതാക്കളുടെ തീരുമാനം. രാഹുലിനെ പാലക്കാട്ടേക്ക് എത്തിക്കുന്ന കാര്യങ്ങളും ചർച്ചയായി. സൗഹൃദ സന്ദർശനമാണെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭയിലേക്ക് അനുഗമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതിപ്രവാഹമാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനും നേതാക്കൾ പരാതി നൽകിയിരുന്നു. നേമം ഷജീറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. നടപടിക്ക് വിധേയനായ രാഹുലിനെ അനുഗമിച്ചത് തെറ്റായ സന്ദേശം നൽകുന്നതാണെന്ന് പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതികളുടെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
'കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിന് ആകെ നാണക്കേടുണ്ടാക്കിയ സംഭവമാണ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വന്ന സ്ത്രീ പീഡനങ്ങളുടെ ആരോപണങ്ങൾ. ആ സമയം പാർട്ടിയും പാർലമെന്ററി പാർട്ടിയും എടുത്ത തീരുമാനങ്ങൾ കോൺഗ്രസ്സിന് ജനങ്ങളുടെ ഇടയിൽ പിടിച്ചു നിൽക്കാൻ അവസരം ഉണ്ടാക്കി. നിയമസഭ സമ്മേളനം തുടങ്ങുമ്പോൾ ഒരു എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന് സഭയിൽ എത്താം. പക്ഷെ അതിന് പാർട്ടിയുടെ പിന്തുണ ഉണ്ടാകില്ല എന്ന തീരുമാനം പാർട്ടിയുടെ സ്ത്രീപക്ഷ നിലപാടുകൾക്ക് കിട്ടിയ അംഗീകാരമാണ്. എന്നാൽ രാഹുലിനോടൊപ്പം എത്തിയതും സഹായത്തിന് നിന്നതും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ ആണ്. അത് തന്നെ പാർട്ടിയുടെ ഇരട്ടത്താപ്പാണ് എന്ന് നാളെ ആരോപണം ഉയരും. അത് യൂത്ത് കോൺഗ്രസ് സ്ത്രീ വിരുദ്ധ നിലപാടുകൾക്കൊപ്പമാണ് എന്ന സന്ദേശവും പൊതുസമൂഹത്തിന് നൽകും. ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ല. ആയതിനാൽ ജില്ലാ പ്രസിഡന്റിനെതിരെ ശക്തമായ നടപടി പാർട്ടി കൈക്കൊള്ളണം എന്ന് താൽപര്യപ്പെടുന്നു', സണ്ണി ജോസഫിന് അയച്ച ഒരു പരാതിയിൽ പറയുന്നു.
ആദ്യ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താക്കീത് മറികടന്ന് രാഹുൽ മാങ്കൂട്ടത്തിൽ സമ്മേളനത്തിലെത്തിയിരുന്നു. നേമം ഷജീറായിരുന്നു കൂടെയുണ്ടായിരുന്നത്. സഭയിലെത്തിയ രാഹുലിനും ഷജീറിനും പാർട്ടിക്കുള്ളിൽ തന്നെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം രാഹുൽ സഭയിൽ വന്നിരുന്നില്ല.
അതിനിടെ കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ ശബരിമല ദർശനം നടത്തി. പുലർച്ചെ അഞ്ചിന് നട തുറന്നപ്പോൾ ദർശനം നടത്തുകയായിരുന്നു. പമ്പയിൽ നിന്നും കെട്ട് നിറച്ചാണ് മല ചവിട്ടിയത്. രാത്രി 10 മണിയോടെ രാഹുൽ മാങ്കൂട്ടത്തിൽ പമ്പയിൽ എത്തി.
പമ്പയിൽ നിന്നും കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെടുകയായിരുന്നു. എന്നാൽ വൈകിട്ട് നട അടച്ചശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പമ്പയിൽ എത്തിയത്.
Content Highlights: Congress leaders in Palakkad visit MLA Rahul Mamkootathil