ഒറ്റ രാത്രി, ഗാസ സിറ്റിയില്‍ ഇസ്രയേല്‍ കൊലപ്പെടുത്തിയത് 91 പേരെ, പലായനം ചെയ്തത് ആയിരക്കണക്കിന് പേര്‍

പലായനം ചെയ്ത് ചെന്നെത്തുന്ന ക്യാമ്പുകളിലും താമസിക്കാന്‍ കഴിയാത്ത രീതിയില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്

ഒറ്റ രാത്രി, ഗാസ സിറ്റിയില്‍ ഇസ്രയേല്‍ കൊലപ്പെടുത്തിയത് 91 പേരെ, പലായനം ചെയ്തത് ആയിരക്കണക്കിന് പേര്‍
dot image

ഗാസ: ഇസ്രയേലിന്റെ കരയാക്രമണത്തില്‍ ഗാസ സിറ്റിയില്‍ നിന്ന് പലായനം ചെയ്തത് ആയിരക്കണക്കിനാളുകള്‍. രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയില്‍ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. ഒരിക്കലും തിരിച്ച് വരാനാകാത്ത രീതിയിലാണ് ഗാസ സിറ്റിയില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇസ്രയേല്‍ കരയാക്രമണത്തെക്കുറിച്ച് 'ഗാസ കത്തുന്നു'വെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് പ്രതികരിച്ചത്. കഴുതപ്പുറത്തും വാഹനങ്ങളിലും തങ്ങളുടെ അവശ്യ സാധനങ്ങളുമായി പലായനം ചെയ്യുന്ന ഗാസക്കാരുടെ ചിത്രം അന്താരാഷ്ട്ര തലത്തില്‍ പ്രചരിക്കുന്നുണ്ട്. ഗാസ സിറ്റി ഏറ്റെടുക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ച ആദ്യ നാളുകളില്‍ ഗാസ സിറ്റിയില്‍ തന്നെ തങ്ങാന്‍ നിരവധിപ്പേര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ബോംബാക്രമണത്തിലൂടെ കൂടുതല്‍ പേരും തെക്ക് ഭാഗത്തേക്ക് പലായനം ചെയ്യുകയാണ്.

കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ മാത്രം ഗാസ സിറ്റിയില്‍ കൊല്ലപ്പെട്ടത് 91 പേരാണ്.

ഗാസയിലുടനീളം 106 പേരാണ് കൊല്ലപ്പെട്ടത്. തീരദേശ റോഡ് വഴി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു കുടുംബത്തെ ബോംബാക്രമണത്തിലൂടെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗാസ സിറ്റിയിലെ കുറഞ്ഞത് 17ഓളം കെട്ടിടങ്ങളാണ് ഒറ്റ രാത്രി കൊണ്ട് തകര്‍ന്നത്. ബോംബാക്രമണത്തിനൊപ്പം സ്‌ഫോടനാത്മക റോബോട്ടുകള്‍ ഉപയോഗിച്ചും ഇസ്രയേല്‍ സൈന്യം ഒരേ സമയം വടക്ക്, തെക്ക്, കിഴക്ക് പ്രദേശങ്ങളില്‍ ആക്രമണം നടത്തി. 20 ഭവന യൂണിറ്റുകള്‍ വീതം നശിപ്പിക്കാന്‍ സാധിക്കുന്ന 15 ഓളം മെഷീനുകള്‍ ഇസ്രയേല്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് യൂറോ മെഡ് മോണിറ്റര്‍ എന്ന സംഘടന ഈ മാസം ആരംഭത്തില്‍ പറഞ്ഞിരുന്നു.

Gaza City
ഗാസ സിറ്റി

രണ്ട് വര്‍ഷമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ 10 ലക്ഷത്തോളം ആളുകളാണ് ഗാസ സിറ്റിയിലേക്ക് പലായനം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ എത്ര പേര്‍ അവിടെ അവിശേഷിക്കുന്നുവെന്ന കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

കഴിഞ്ഞ ദിവസം മാത്രം ഗാസ സിറ്റിയില്‍ നിന്ന് ഏകദേശം 3,50,000 പേര്‍ പലായനം ചെയ്തതായി ഇസ്രയേല്‍ സൈന്യം പറയുന്നു. എന്നാല്‍ 3,50,000 പേരെ ഗാസ സിറ്റിയുടെ മധ്യ, പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചെന്നും 1,90,000 പേര്‍ പലായനം ചെയ്‌തെന്നുമാണ് ഗാസയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് പറയുന്നത്. പലായനം ചെയ്ത് ചെന്നെത്തുന്ന ക്യാമ്പുകളിലും താമസിക്കാന്‍ കഴിയാത്ത രീതിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുകയാണ്.

റഫയില്‍ നിന്നും ഖാന്‍ യൂനിസില്‍ നിന്നും ഇതിനകം തന്നെ പലായനം ചെയ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന അല്‍ മവാസി ക്യാമ്പിലെത്തിയവര്‍ തിരികെ പലായനം ചെയ്ത സാഹചര്യവുമുണ്ടായതായി ഗാസ സര്‍ക്കാര്‍ പറയുന്നു. ഏകദേശം 15,000 പേരാണ് ഇത്തരത്തില്‍ തിരികെ ഗാസ സിറ്റിയിലേക്ക് പലായനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ഗാസ സിറ്റിയില്‍ നിന്നും ആളുകള്‍ പലായനം ചെയ്യുന്നതോടൊപ്പം തന്നെ സൈനിക വാഹനങ്ങളും ടാങ്കുകളും ഗാസ സിറ്റിയിലേക്ക് കൊണ്ടുപോകുന്ന ആകാശ ദൃശ്യങ്ങളും ഇസ്രയേല്‍ സൈന്യം പുറത്ത് വിട്ടിട്ടുണ്ട്. ഗാസ സിറ്റി നിയന്ത്രിക്കാന്‍ നിരവധി മാസം ആവശ്യമാണെന്നാണ് കഴിഞ്ഞ ദിവസം സൈന്യം വ്യക്തമാക്കിയത്.

Content Highlights: Israel attack in Gaza city thousands palastinians flee

dot image
To advertise here,contact us
dot image