
ന്യൂയോര്‍ക്ക്: അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനമാണ് കുറച്ചത്. ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഇനി രണ്ട് തവണ പലിശ കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയിലാണ്. ഈ വര്‍ഷത്തെ ആദ്യ ഇളവാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം കുടിയേറ്റം, നികുതി, മറ്റ് ട്രംപ് നയങ്ങള്‍ എന്നിവ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിലയിരുത്തുന്നതിന് വേണ്ടിയാണ് ഡിസംബര്‍ മുതല്‍ ഫെഡ് റിസര്‍വ് നിരരക്കുകളില്‍ മാറ്റം വരുത്താതിരുന്നത്. ഇതിനെ ചൊല്ലി ട്രംപ് ജെറോം പവലിനെ അധിക്ഷേപിക്കുകയും സമ്മര്‍ദ്ദപ്പെടുത്തുകയും ചെയ്തിരുന്നു.
പലിശനിരക്ക് വെട്ടിക്കുറച്ചത് തൊഴില്‍ മേഖലയിലെ കടുത്ത പ്രതിസന്ധി ഉള്‍പ്പെടെ നിലവില്‍ അമേരിക്ക സമ്പദ്‌വ്യവസ്ഥ നേരിടുന്ന ആഘാതം പരിഹരിക്കാനുള്ള താല്‍ക്കാലിക നടപടി മാത്രമാണെന്ന് ജെറോം പവല്‍ പറഞ്ഞു. വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാര്‍ഡ് പലിശയും കുറയാന്‍ സഹായിക്കുന്നതാണ് തീരുമാനമെന്നാണ് കണക്കുകൂട്ടുന്നത്.
Content Highlights: the US Federal Reserve cut its key interest rate by 0.25 percentage