നരവേട്ടയിൽ നരകിച്ചൊരു ജനത ! ഗാസ കത്തുകയാണ്

കരയുദ്ധം പൂര്‍ത്തിയാവാന്‍ കുറച്ച് മാസങ്ങള്‍ എടുക്കുമെന്നാണ് ഇസ്രയേലി സേനയുടെ വിലയിരുത്തല്‍, തങ്ങളുടെ ലക്ഷ്യം നേടുന്നതുവരെ പോരാടുമെന്നാണ് നിലപാട്

നരവേട്ടയിൽ നരകിച്ചൊരു ജനത ! ഗാസ കത്തുകയാണ്
dot image

ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ജീവിക്കാനുള്ള അവകാശം നഷ്ടമാകുന്ന കുരുന്നുകള്‍. ആഹാരമില്ല, വസ്ത്രമില്ല, കയറിക്കിടക്കാനൊരാശ്രയമില്ല ആകെയുള്ളത് ഒരുറപ്പ് മാത്രം അടുത്തനിമിഷം മരണം അരികിലെത്താം.. പലസ്തീന്‍ ജനത ലോകം കണ്ട അതിക്രൂരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഇസ്രയേലിന്റെ പൈശാചികമുഖം ലോകം വീണ്ടും കാണുകയാണ്. കഴിഞ്ഞമാസമാണ് ഗാസ സിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ക്യാബിനറ്റ് അംഗീകാരം നല്‍കിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ സ്ഥിരീകരിച്ചത്. ഗാസ പിടിക്കാന്‍ അഞ്ച് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പദ്ധതിക്ക് ഇസ്രയേല്‍ കാബിനറ്റിലെ ഭൂരിഭാഗംപേരും വോട്ടു ചെയ്തിരുന്നു. ഗാസാ മുനമ്പ് പൂര്‍ണമായും നിയന്ത്രണത്തിലാക്കാനാണ് ഇസ്രയേല്‍ തീരുമാനിച്ചതെങ്കിലും ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. വലിയ പിഴയാണ് ഇസ്രയേല്‍ ചെയ്യുന്നതെന്ന് ഇസ്രയേലിലെ യുകെ അംബാസിഡര്‍ അടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

യൂറോപ്യന്‍ യൂണിയനും അറബ് രാജ്യങ്ങളും നിലപാട് കടുപ്പിച്ചു പക്ഷേ നെതന്യാഹു മനുഷ്യകുരുതിക്ക് നേതൃത്വം നല്‍കുകയാണ്. ഹമാസിനെ നിരായുധരാക്കുക, എല്ലാ ഇസ്രയേലി തടവുകാരയെും തിരികെ എത്തിക്കുക, ഗാസ മുനമ്പിലെ സൈന്യത്തെ പിന്‍വലിക്കുക, പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക, ഹമാസോ പലസ്തീന്‍ അധികൃതരോ അല്ലാതെ മറ്റൊരു ഭരണസംവിധാനം സജ്ജമാക്കുക എന്നീ പദ്ധതികളുമായി ചോരക്കൊതി തീരാതെ ആക്രമണങ്ങള്‍ തുടരുകയാണ് ഇസ്രയേല്‍. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസസിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ സര്‍വസജ്ജമാണ്. എന്നാല്‍ ഇസ്രയേലിന്റെ പദ്ധതിക്കെതിരെ ഇസ്രയേലി തടവുകാരുടെ കുടുംബങ്ങളടക്കം രംഗത്തെത്തിയെങ്കിലും നെതന്യാഹുവിന്റെ അടുത്ത നടപടി, അറുപതിനായിരത്തോളം റിസര്‍വ് സൈനികര്‍ക്ക് അറിയിപ്പ് നല്‍കുക എന്നതായിരുന്നു. കരയാക്രമണം തുടങ്ങുന്നതിന് മുമ്പ് സെപ്തംബറില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള കര്‍ശന നിര്‍ദേശമായിരുന്നു അത്. പദ്ധതി ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഗാസ സിറ്റിയിലെ സെയ്തൂന്‍, ജബലിയ മേഖലകളില്‍ ഇസ്രയേലി സൈന്യം നിലയുറപ്പിച്ചിരുന്നു. ഇനിയും പതിനായിരങ്ങള്‍ ഗാസയില്‍ നിന്ന് പലായനം ചെയ്യേണ്ടി വരും. ഈ മാസം ആദ്യത്തെ ആഴ്ച തന്നെ ഗാസ സിറ്റിയിലെ തെക്കന്‍ മേഖലയിലുള്ളവരോട് ഒഴിയാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു.

വടക്ക് ഭാഗത്തുള്ളവര്‍ തെക്ക് ഭാഗത്തെ ഖാന്‍ യൂനിസിലേക്ക് മാറണമെന്നതായിരുന്നു നിര്‍ദേശം. ഗാസസിറ്റിയില്‍ ഹമാസ് ശക്തമാണെന്ന് ആരോപിച്ച് നഗരം പിടിച്ചെടുക്കാന്‍ പടനീക്കം ആരംഭിച്ച ഇസ്രയേലിന്റെ വേട്ടയില്‍ ഇതിനകം നിരവധി പേര്‍ കൊല്ലപ്പെട്ട് കഴിഞ്ഞു. ഗിദയോന്‍ ചാരിയറ്റ്‌സ് 2 എന്ന പേരിലാണ് കരയുദ്ധം ഇസ്രയേല്‍ ആരംഭിച്ചത്. ഗാസയുടെ ഭൂപടം തന്നെ ഈ ആക്രമണം മാറ്റിമറിച്ചേക്കാം. ഇസ്രയേല്‍ നിയന്ത്രണത്തിലാവുന്ന ഗാസയുടെ ഭൂപടം ചുരങ്ങി തീരത്തെ ഒരു ചെറുതുരുത്താക്കി മാറ്റുമെന്നാണ് ഐഡിഎഫ് ഭീഷണി.ഹമാസ് സാന്നിധ്യത്തിന്റെ പേരില്‍ ഗാസയിലെ ഉയരം കൂടിയ കെട്ടിടം ഇസ്രയേലി സേന തകര്‍ത്തു. തീര്‍ന്നില്ല ഗാസ സിറ്റിയിലെ റോഡുകളും മറ്റ് കെട്ടിടങ്ങളഉം ഇടിച്ച് നിരത്തി ഇസ്രയേല്‍ ടാങ്കുകള്‍ നരവേട്ട തുടരുകയാണ്. ഗാസ സിറ്റിക്ക് കിഴക്ക് സെയ്തൂണ്‍, സബ്ര, ഷെജയ്യ എന്നിവിടങ്ങളില്‍ ബോംബാക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. ഗാസയുടെ എണ്‍പത് ശതമാനാത്തോളവും ഇസ്രയേല്‍ നിയന്ത്രണത്തിലാണ്. മൂവായിരത്തോളം ഹമാസ് പോരാളികളെ ഇല്ലാതാക്കാന്‍ ഇനിയും യുദ്ധമുഖത്ത് സൈന്യത്തെ എത്തിക്കാനാണ് ഇസ്രയേല്‍ നീക്കം. ഗാസ കത്തുകയാണെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സിന്റെ പ്രതികരണം. രണ്ട് വര്‍ഷമായി ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന ആക്രമണം കടുപ്പിച്ചിരിക്കുമ്പോള്‍ മറുവശത്ത് ഹമാസ് തടവിലുള്ള ഇസ്രയേലികളുടെ കുടുംബം നെതന്യാഹുവിന്റെ വീടിന് മുന്നില്‍ ടെന്റ് കെട്ടി പ്രതിഷേധിക്കുകയാണ്. 2023 ഒക്ടോബറില്‍ ആരംഭിച്ച ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തില്‍ ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത് 64, 964 പേരോളമാണ്. ഗാസയിലെ പലസ്തീനികളോട് ഇസ്രയേല്‍ നടത്തിയത് വംശഹത്യയാണെന്ന് യുഎന്‍ കമ്മിഷന്‍ ഒഫ് എന്‍ക്വയറിയും വ്യക്തമാക്കി കഴിഞ്ഞു. ഇസ്രയേലി നേതാക്കന്മാരുടെ പ്രസ്താവനകളും ഇസ്രയേലി സേന നടത്തിയ ആക്രമണരീതികളും വംശഹത്യ തന്നെയാണ് നടന്നതെന്ന് സാധൂകരിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരു ജനത മുഴുവനായി തുടച്ചുനീക്കപ്പെടുക, 90ശതമാനത്തോളം വീടുകളും നശിക്കുകയോ തകര്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ആരോഗ്യം, കുടിവെള്ളം, ശുചിത്വം അങ്ങനെയെല്ലാം നശിച്ചു.

ഗാസയില്‍ കടുത്ത ക്ഷാമമാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഈ ക്രൂരതയെ ഇസ്രയേല്‍ ന്യായീകരിക്കുന്നത് സ്വയം പ്രതിരോധിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ്. ഹമാസിനെയും മറ്റ് പലസ്തീന്‍ സായുധസേനകളെയും കീഴടക്കാനും ഇസ്രയേലി തടവുകാരെ മോചിപ്പിക്കാനുമെന്ന കാരണം മുന്‍നിര്‍ത്തി പ്രതികാരം തീര്‍ക്കുകയാണ് ഇസ്രയേല്‍ ചെയ്തുവരുന്നതെന്ന് അന്താരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടുന്നു. ഇനിയൊരിക്കലും തിരികെ വരാന്‍ സാധിക്കാത്ത രീതിയില്‍ ഒരു ജനതയെ മുഴുവന്‍ ആക്രമിച്ച് പുറത്താക്കുന്ന രീതിയാണ് ഇസ്രയേല്‍ പിന്തുടരുന്നത്. ഗാസ സിറ്റിയിലെ വടക്കന്‍ പ്രദേശങ്ങളില്‍ ബോംബുകള്‍ വര്‍ഷിക്കുമ്പോള്‍ ഇസ്രയേലി സേന മറ്റ് സ്ഥലങ്ങളില്‍ വലിയ നാശനഷ്ടം ഉണ്ടാക്കിക്കൊണ്ടേയിരിക്കുകയാണ്. 20 ഹൗസിങ് യൂണിറ്റുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള പതിനഞ്ചോളം ആയുധങ്ങളാണ് ഈ മാസം ആദ്യം ഇസ്രയേല്‍ ഗാസയില്‍ സ്ഥാപിച്ചത്. അതിനിടയില്‍ നിലവില്‍ ആരംഭിച്ച കരയുദ്ധം പൂര്‍ത്തിയാവാന്‍ കുറച്ച് മാസങ്ങള്‍ എടുക്കുമെന്നാണ് ഇസ്രയേലി സേനയുടെ വിലയിരുത്തല്‍. തങ്ങളുടെ ലക്ഷ്യം നേടുന്നതുവരെ പോരാടുമെന്നാണ് നിലപാട്. അതിന്റെ സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ലെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വക്താവ് ബി ജി ഇഫീ ഡെഫ്‌റിന്‍ പറയുന്നു. ഗാസസിറ്റിയെ സുരക്ഷിതമാക്കാന്‍ നിരവധി മാസങ്ങള്‍ പിടിക്കുമെന്നും അടിസ്ഥാനസൗകര്യങ്ങളെല്ലാം വീണ്ടും സജ്ജമാക്കാന്‍ അധികമാസങ്ങള്‍ വേണ്ടിവരുമെന്നുമാണ് എല്ലാം തകര്‍ത്തെറിഞ്ഞിട്ടും ഡെഫ്‌റിന്‍ ന്യായീകരിക്കുന്നത്.

ഹമാസിന്റെ അധികാരത്തിന്റെ അടയാളമായ ഗാസ സിറ്റി തകര്‍ത്തെറിയുമെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഹമാസ് തുടര്‍ന്നാല്‍ ഗാസയെ നശിപ്പിക്കും, അവര്‍ വിലനല്‍കേണ്ടി വരും ഗാസയെ നശിപ്പിച്ചിരിക്കുമെന്നാണ് യുദ്ധവെറിയില്‍ കാറ്റസ് വിളിച്ചുപറയുന്നത്. അപ്പോഴും ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞുങ്ങടക്കം പട്ടിണിയും രോഗവും മൂലം മരിച്ചുവീഴുകയാണ്.. ഹമാസിന്റെ പേരില്‍ ഒരു വംശം തന്നെ ഉന്മൂലനം ചെയ്യപ്പെടുകയാണ്..
Content Highlights: Israel launches ground operations in Gaza to root out Hamas

dot image
To advertise here,contact us
dot image