
ബാർസിലോന: ഇസ്രയേൽ പ്രതിരോധത്തെ മറികടന്ന് ഗാസയിലേക്ക് സഹായമെത്തിക്കാൻ വീണ്ടും പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗും സംഘവും. ഗാസയ്ക്കുള്ള സഹായഹസ്തവുമായി 20 ബോട്ടുകളാണ് ബാർസിലോനയിൽനിന്ന് ഗാസാ മുനമ്പിലേക്ക് ഞായറാഴ്ച പുറപ്പെട്ടത്. ഗ്രേറ്റയ്ക്ക് പുറമെ ചരിത്രകാരൻ ക്ലിയോനികി അലക്‌സോപൗലോ, മനുഷ്യാവകാശ പ്രവർത്തകൻ യാസ്മിൻ അസർ, പരിസ്ഥിതി പ്രവർത്തകൻ തിയാഗോ ആവില, അഭിഭാഷക മെലാനി ഷൈസർ, ശാസ്ത്രജ്ഞൻ കാരൻ മൊയ്‌നിഹാൻ തുടങ്ങി പല മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് ഗ്ലോബൽ സുമുദ് ഫ്‌ളോട്ടില്ല ബോട്ടിൽ ഗാസയിലേക്ക് പോകുന്നത്.
ഗാസയിലെ ജനങ്ങൾക്കായി ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ അടങ്ങിയ കിറ്റുകളാണ് 20 ബോട്ടുകളിലായി സജ്ജമാക്കിയിട്ടുള്ളത്. ഇസ്രായേൽ ആക്രമണത്തിൽ വലയുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യമെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു.
44 രാജ്യങ്ങളിൽ നിന്നുള്ള 20 ബോട്ടുകളും പ്രതിനിധി സംഘങ്ങളും അടങ്ങുന്ന ഈ യാത്ര ഗാസയ്ക്ക് മേൽ ഇസ്രായേൽ തീർക്കുന്ന പ്രതിരോധത്തെ തകർക്കുക എന്ന ശ്രമത്തിന്റെ ഭാഗമാണ്. അതേസമയം ഇറ്റലി, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ കപ്പലുകളും ഇവർക്കൊപ്പം ഗാസ മുനമ്പിലേക്കെത്തും. ഏകദേശം 70 ബോട്ടുകൾ ഈ ഉദ്യമത്തിൽ പങ്കെടുക്കുമെന്നും ഫ്‌ളോട്ടില്ല വക്താവ് സെയ്ഫ് അബുക ഷെക് പറഞ്ഞു.
സെപ്തംബർ രണ്ടാം വാരം ബോട്ടുകൾ ഗാസയിൽ എത്തുമെന്നാണ് കരുതുന്നത്. പലസ്തീൻ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ബാനറുകളും മുദ്രാവാക്യങ്ങളുമായി നിരവധിപേരാണ് ബോട്ടിന്റെ യാത്ര ചടങ്ങിലെത്തിയത്.
ജൂണിൽ ഗാസ മുനമ്പിലേക്ക് ഗ്രേറ്റ അടക്കം സാമൂഹിക പ്രവർത്തകർ അവശ്യസാധനങ്ങളുമായി എത്തിയ കപ്പൽ ഇസ്രയേൽ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലി തുറമുഖത്ത്‌നിന്ന് ഗാസ ലക്ഷ്യമാക്കി പുറപ്പെട്ട ഫ്രീഡം ഫ്‌ളോട്ടില്ല കൊയിലിഷൻ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഗ്രേറ്റയും സന്നദ്ധ പ്രവർത്തകരും ഗാസയ്ക്കുള്ള സഹായവുമായി കപ്പലിലെത്തിയത്. എന്നാൽ തീരം തൊടാൻ അനുവദിക്കാതിരുന്ന ഇസ്രയേൽ ഇവരെ പിടികൂടി തിരിച്ചയക്കുകയായിരുന്നു. അതിന് തൊട്ടു മുൻപും ഫ്രീഡം ഫ്‌ളോട്ടില്ല ഗാസയിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും തീരത്തോട് അടുക്കുന്നതിനിടെ ഡ്രോൺ പതിച്ച് കപ്പൽ തകർന്നിരുന്നു.
Content Highlights: Greta Thunberg joins Gaza bound aid flotilla aiming to challenge israeli blockade