'Trump is dead!': ട്രംപിന്റെ ആരോഗ്യത്തിൽ ആശങ്ക പടർത്തി ട്രെൻഡിങ് ഹാഷ്ടാഗ്, സിംപ്‌സൺസിൻറെ പ്രവചനം സത്യമാകുമോ

ട്രംപിന് എന്തുപറ്റിയെന്ന് ആശങ്കയുയർത്തി സോഷ്യൽ മീഡിയയിലും ഗൂഗിളിലും കത്തിപ്പടർന്ന് ഹാഷ്ടാഗുകൾ. എന്താണ് ശരിക്കും ട്രംപിന് സംഭവിച്ചത് ?

'Trump is dead!': ട്രംപിന്റെ ആരോഗ്യത്തിൽ ആശങ്ക പടർത്തി ട്രെൻഡിങ് ഹാഷ്ടാഗ്, സിംപ്‌സൺസിൻറെ പ്രവചനം സത്യമാകുമോ
dot image

മേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മരിച്ചു! അല്ല, ശരിക്കും മരിച്ചോ? ഞെട്ടാന്‍ വരട്ടേ, ഒരു ബ്രേക്കിംഗ് ന്യൂസ് അല്ല...ട്രംപിനെന്തുപറ്റി എന്ന ആശങ്ക ഉയര്‍ത്തി സോഷ്യല്‍ മീഡിയയിലും ഗൂഗിളിലും കത്തിപ്പടരുകയായിരുന്നു ശനിയാഴ്ച    'Trump is dead', trump died, 'Where is Trump?' തുടങ്ങിയ ഹാഷ്ടാഗുകള്‍. 

എന്തായിരുന്നു ഈ അഭ്യൂഹത്തിന് കാരണം? സത്യത്തില്‍ അവശനാണോ ട്രംപ്? 

ട്രംപിന് എന്തെങ്കിലും സംഭവിച്ചാല്‍ രാജ്യത്തിന്റെ പരമോന്നത പദവി ഏറ്റെടുക്കാന്‍ താന്‍ റെഡിയാണെന്നുള്ള ജെഡി വാന്‍സിന്റെ പ്രസ്താവനയോടെയാണ് 'ട്രംപിന്‍റെ മരണം' ചൂടുപിടിച്ചത്. ട്രംപിന്റെ കൈകളിലെ ചതവും നീരുവെച്ച കണങ്കാലിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ചിട്ടുള്ളതാണ്. വൈറ്റ്ഹൗസിന് സമീപം ആംബുലന്‍സുകള്‍ കണ്ടതായി അവകാശപ്പെടുന്ന പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ട്രംപിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള ഈ ചര്‍ച്ചകളും പൊതുവേദികളില്‍ നിന്ന് ട്രംപ് പൊടുന്നനെ അപ്രത്യക്ഷനായതിനും ഇടയിലാണ് വാന്‍സിന്റെ എല്ലാം ഞാനേറ്റു എന്ന തരത്തിലുള്ള മറുപടിയുണ്ടായത്. ആ അഭ്യൂഹത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു ട്രംപിനെ സംബന്ധിച്ച് നിര്‍ണായക പ്രവചനങ്ങള്‍ നടത്തിയിട്ടുള്ള കാര്‍ട്ടൂണ്‍ പരമ്പര ദി സിംപ്സണ്‍സിലെ വൈറലായ ഒരു രംഗം. 2025 ഓഗസ്റ്റില്‍ പ്രസിഡന്റ് കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് മരിക്കുമെന്നാണ് പ്രചരിക്കുന്ന കാര്‍ട്ടൂണ്‍ ക്ലിപ്പിലുള്ളത്.

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംപ്രേഷണം ചെയ്ത, വളരെക്കാലമായി മറന്നുപോയ ഒരു എപ്പിസോഡില്‍ നിന്നാണ് ഈ ഫൂട്ടേജ് വൈറലായത്. ഒരു കാര്‍ട്ടൂണില്‍ വന്നത് ഇങ്ങനെ കണ്ണുമടച്ച് വിശ്വസിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാല്‍ യുഎസിന്റെ ഭാവിയെ സംബന്ധിച്ച് നേരത്തേ സിംപ്‌സണ്‍സില്‍ വന്ന ചില പ്രവചനങ്ങള്‍ അച്ചട്ടായിട്ടുണ്ട്. സ്വാഭാവികമായും അമേരിക്കക്കാര്‍ ആശങ്കപ്പെട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

പൊതുവേദികളിലെ ട്രംപിന്റെ അസാന്നിധ്യം സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നിട്ടും വൈറ്റ് ഹൗസ് പ്രതികരിക്കാനും തയ്യാറായില്ല. യുഎസ്എ ടുഡേ അഭിമുഖത്തില്‍ 79-കാരനായ ട്രംപ് ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമാണെന്ന് വാന്‍സ് ഊന്നിപ്പറയുന്നുണ്ടെങ്കിലും പൊടുന്നനെ unlikely ട്രെന്‍ഡ് ആയി മാറുകയായിരുന്നു ട്രംപ്. 

എന്താണ് ട്രംപിന്റെ അസുഖം എന്നായിരുന്നു അടുത്ത ചോദ്യം. പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിശദമായി സംസാരിച്ചില്ലെങ്കിലും ട്രംപിന് സിവിഐ ഉണ്ടെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. എന്താണ് ഈ സിവിഐ എന്നല്ലേ..അതിന്റെ പൂര്‍ണരൂപം chronic venous insufficiency എന്നാണ്. അതായത്, കാലിലെ സിരകള്‍ക്ക് ഫലപ്രദമായി ഹൃദയത്തിലേക്ക് രക്തം തിരികെ അയയ്ക്കാന്‍ കഴിയാത്ത ഒരു ദീര്‍ഘകാല അവസ്ഥ.

വാല്‍വുകള്‍ ശരിയായി പ്രവര്‍ത്തിക്കാതെ വരികയും കാലിലെ സിരകളിലെ രക്തചംക്രമണം തടസ്സപ്പെടുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. സിര വാല്‍വുകളുടെ തകരാറുകള്‍ മൂലമോ സിരകളിലെ തടസ്സം മൂലമോ സിവിഐ ഉണ്ടാകാം. ഇത് കാലുകളില്‍ രക്തം കെട്ടിക്കിടക്കുന്നതിനും വീക്കം, വേദന, ചര്‍മ്മത്തിലെ നിറവ്യത്യാസങ്ങള്‍, വ്രണങ്ങള്‍ എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു.

Donald Trump

ഓര്‍മയില്ലേ, ഒരു പത്രസമ്മേളനത്തിനിടെയുള്ള ഡോണള്‍ഡ് ട്രംപിന്റെ കൈയിലെ 'ചതഞ്ഞ' പാടിന്റെ ചിത്രം വൈറലായത്. കൈയിലെ പാട് മറയ്ക്കാന്‍ കനത്ത മേക്കപ്പ് ഉപയോഗിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ട്രംപ് 'എല്ലാ ദിവസവും,  കൈ കുലുക്കിക്കൊണ്ടിരുന്നതാണ്' ചതവിന് കാരണമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അന്ന് പറഞ്ഞത്.

പക്ഷെ, ഈ രോഗത്തെ അങ്ങനെ വെറുതെ തള്ളിക്കളയാന്‍ സാധിക്കില്ല. യുഎസില്‍ മൂന്നില്‍ ഒരാള്‍ക്ക് ഈ രോഗം ബാധിക്കുന്നുണ്ട്. അതീവ ഗുരുതരാവസ്ഥയിലായിട്ടുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വീക്കം വഷളാകുമ്പോള്‍, ചര്‍മ്മം കട്ടിയാകല്‍, വരള്‍ച്ച തുടങ്ങിയ മാറ്റങ്ങള്‍ക്ക് ഇത് കാരണമാകും. രോഗാവസ്ഥകള്‍ വല്ലാതെ വഷളായാല്‍ കാലുകളില്‍ ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാകാം, അതും ഒരു പരിധിവിട്ടാല്‍ അവയവം തന്നെ മുറിച്ചുമാറ്റേണ്ടി വന്നേക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഏതായാലും ശനിയാഴ്ച വിര്‍ജീനിയയയിലെ ഗോള്‍ഫ് ക്ലബിലേക്ക് പേരക്കുട്ടികള്‍ക്കൊപ്പം പോകുന്ന ട്രംപിന്റെ ചിത്രം പുറത്തുവന്നതോടെ മരണ ചര്‍ച്ചകള്‍ക്ക് വിരാമമായിരിക്കുകയാണ്. പക്ഷെ, മറ്റൊരുകാര്യമുണ്ട്. ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ബൈഡന്‍ ട്രംപ് വാക്‌പോര് നമ്മള്‍ കണ്ടതാണ്. അന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ബൈഡന് നേരെ തൊടുത്ത ഒരമ്പായിരുന്നു, ബൈഡന്റെ പ്രായാധിക്യവും ഓര്‍മക്കുറവും. പ്രായത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള ആശങ്കകള്‍ക്കൊടുവില്‍ ബൈഡന് മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടിയും വന്നു. അമേരിക്ക കണ്ട പ്രായം കൂടിയ പ്രസിഡന്റാണ് ട്രംപ്. അന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡെമോക്രാറ്റുകളെ ഒതുക്കിയത് എങ്ങനെയാണോ അതെ നാണയത്തില്‍ തന്നെ ട്രംപിന് തിരിച്ചടി കിട്ടുമോ എന്നാണ് സോഷ്യല്‍ മീഡിയ ഉറ്റുനോക്കുന്നത്.

content Highlights : Trump is dead! Trending hashtag alarms Trump's health condition

dot image
To advertise here,contact us
dot image