
ടിയാൻജിൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച പൂർത്തിയായി. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതിയുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യ-ചൈന ബന്ധം ശുഭകരമായ ദിശയിലാണ്. മാനവരാശിയുടെ പുരോഗതിയ്ക്ക് പരസ്പര ബന്ധം ശക്തിപെടുത്തണം. അതിർത്തിയിൽ സ്ഥിരതയും സമാധാനവും ഉണ്ടായെന്നും മോദി പറഞ്ഞു. 55 മിനുറ്റാണ് നേതാക്കളുടെ കൂടിക്കാഴ്ച നീണ്ടത്.
കൈലാസ മാനസസരോവർ യാത്രയും ഇന്ത്യ- ചൈന നേരിട്ടുളള വിമാന സർവീസും പുനഃരാരംഭിക്കും. ഇക്കാര്യങ്ങൾ പരിഗണനയിലാണെന്നും യോഗത്തിൽ സംസാരിച്ചെന്നും മോദി പറഞ്ഞു. അതേസമയം കഴിഞ്ഞ വർഷം കസാനിൽ കൈക്കൊണ്ട തീരുമാനങ്ങൾ പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിന് ഗുണകരമായെന്ന് മോദി പറഞ്ഞു.
ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഴ്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് മോദി ചൈനയിൽ എത്തിയത്. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. ചൈനയുമായുള്ള ശക്തമായ സൗഹൃദം മേഖലയെ പുരോഗതിയിലേക്ക് നയിക്കുമെന്ന് ചൈനീസ് സന്ദർശനത്തിന് മുൻപ് മോദി പറഞ്ഞിരുന്നു.
ചരിത്രപരമായ കാൽവെപ്പ് എന്നാണ് കൂടിക്കാഴ്ചയെ നേതാക്കള്‍ വിശേഷിപ്പിച്ചത്. നല്ല സുഹൃത്തുക്കളും അയൽക്കാരും ആയിരിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച ഷി ജിൻപിങ്, 'ഡ്രാഗണും ആനയും' ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു. ഏഷ്യയിലെ സമാധാനത്തിന് വേണ്ടി പ്രവർത്തിക്കണം. ചരിത്രപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ട്. ഇന്ത്യ ചൈന നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികമാണിത്. ദീർഘകാല വീക്ഷണത്തിൽ തന്ത്രപരമായ ബന്ധം മുന്നോട്ടുപോകണമെന്നും ഷി ജിൻപിങ് പറഞ്ഞു. ഏഷ്യയിലും ലോകമെമ്പാടും സമാധാനത്തിനും സമൃദ്ധിക്കുമായി ഇന്ത്യയും ചൈനയും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Narendra Modi and Xi jinping meeting over, seek to take ties forward on basis of mutual trust