'ആത്മാഭിമാന സദസ്സ്'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ

രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ എത്തിയാല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐ

'ആത്മാഭിമാന സദസ്സ്'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ
dot image

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ സംഗമം സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് 'ആത്മാഭിമാന സദസ്സ്' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ എത്തിയാല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. രാഹുല്‍ സംരക്ഷണം ഒരുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കുന്നതിനിടയിലാണ് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ മുന്നോട്ടുപോകുന്നത്.

കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപിയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയായിരുന്നു. പൊലീസ് എംഎല്‍എ ഓഫീസിന് മുന്നില്‍ ബാരിക്കേഡ് വെച്ച് പ്രവര്‍ത്തകരെ തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ എത്തിയാല്‍ തടയുമെന്ന് എസ്എഫഐയും നേരത്തേ വ്യക്തമാക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയാല്‍ പ്രതിഷേധമുണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

അതിനിടെ ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച യുവതിയുടെ മൊഴിയെടുക്കാനുള്ള നടപടിക്രമങ്ങൾ ക്രൈംബ്രാഞ്ച് ആരംഭിച്ചു. മൊഴി നൽകിയില്ലെങ്കിൽ കേസ് നിലനിൽക്കില്ലെന്ന് യുവതിയെ ബോധ്യപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഗർഭഛിദ്രം നടത്തിയതിന്റെ തെളിവുകളും പൊലീസ് ശേഖരിക്കും. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച സിനിമാതാരവും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണ്‍ അവന്തിക അടക്കമുള്ളവരുടെ മൊഴിയെടുക്കാനും പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചതായും വിവരമുണ്ട്.

യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന നടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഒരു യുവ യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചുവെന്നും 'ഹു കെയേഴ്‌സ്' എന്നതായിരുന്നു അയാളുടെ ആറ്റിറ്റിയൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമര്‍ശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരന്‍ പറഞ്ഞത്.

സംഭവം വലിയ വിവാദമായി മാറുകയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ ട്രാന്‍സ് വുമണും ബിജെപി നേതാവുമായ അവന്തികയും രാഹുലിനെതിരെ രംഗത്തെത്തി. റേപ്പ് ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് രാഹുല്‍ പറഞ്ഞതായായിരുന്നു അവന്തിക പറഞ്ഞത്. ഇതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇതിന് ശേഷവും രാഹുലിനെതിരെ ആരോപണങ്ങള്‍ പുറത്തുവന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണമായിരുന്നു പുറത്തുവന്നത്. നിന്നെ കൊല്ലാന്‍ എത്രസമയമാണ് വേണ്ടതെന്നാണ് കരുതുന്നതെന്നും സെക്കന്‍ഡുകള്‍ കൊണ്ട് കൊല്ലാന്‍ സാധിക്കുമെന്നുമാണ് രാഹുല്‍ പറയുന്നത്. ഗര്‍ഭിണിയായ യുവതിയോട് ചവിട്ടുമെന്നും രാഹുല്‍ പറയുന്നുണ്ട്. ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ രാഹുലിനെതിരായ കുരുക്ക് മുറുകി. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലാകുകയും രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Content Highlights- Dyfi will organize protest against rahul mamkootathil in palakkad

dot image
To advertise here,contact us
dot image