
ബഹ്റൈനിൽ സോഷ്യൽ മീഡിയ വഴി പെൺകുട്ടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം കുടുംബത്തിന്റെ തുടർച്ചയായ മേൽനോട്ടമാണെന്ന് ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷൻ മേധാവി പ്രതികരിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം ആൻഡ് ഇക്കണോമിക് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിലെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു പ്രതി പെൺകുട്ടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ചത്.
അന്വേഷണത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ അംഗമാണെന്ന് കള്ളം പറഞ്ഞ് പെൺകുട്ടിയുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതെന്നും പിന്നീട് പെൺകുട്ടിയോട് മോശമായ വീഡിയോകൾ ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതിന് ശേഷം പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും അധികൃതർ വ്യക്തമാക്കി.
പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ വിചാരണ തടങ്കലിൽ വെക്കാൻ ഉത്തരവിട്ടു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി കുട്ടികൾ കാണുന്ന വീഡിയോകളും അവരുടെ ഓൺലൈൻ ഉപയോഗവും നിരീക്ഷിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഓൺലൈൻ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം കുടുംബത്തിന്റെ തുടർച്ചയായ മേൽനോട്ടമാണെന്നും കുട്ടികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ രക്ഷിതാക്കളുടെ മേൽനോട്ടം ഈ കാലഘട്ടത്തിൽ ആവശ്യമാണെന്നും ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷൻ മേധാവി പൊതു നിർദേശം നൽകി. വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: 17-year-old arrested for allegedly luring and exploiting children