
ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് കൂടിക്കാഴ്ച നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ താരിഫ് ഉപരോധ ഭീഷണിക്കിടെയാണ് മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച.
ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഴ്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി ചൈനയില്‍ എത്തിയത്. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്. ചൈനയുമായുള്ള ശക്തമായ സൗഹൃദം മേഖലയെ പുരോഗതിയിലേക്ക് നയിക്കുമെന്ന് ചൈനീസ് സന്ദര്‍ശനത്തിന് മുന്‍പ് മോദി പറഞ്ഞിരുന്നു.
ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ പരസ്പര വിശ്വാസവും വ്യാപാര ബന്ധവും വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ചര്‍ച്ചയാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം കസാനില്‍ പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദേശം മോദി മുന്നോട്ടുവെച്ചേക്കും. ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായ വിരുന്നിലും മോദി പങ്കെടുക്കും. ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ഷാങ്ഹായ് ഉച്ചകോടിയില്‍ ഇന്ത്യക്ക് പുറമേ ഇരുപത് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. റഷ്യയും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. അധിക തീരുവയെ ചൊല്ലി ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ വിള്ളലുണ്ടായ സാഹചര്യത്തില്‍ പുതിയ വ്യാപാര കൂട്ടുകെട്ടിനുള്ള ചര്‍ച്ചകള്‍ക്ക് ഉച്ചകോടിയില്‍ തുടക്കം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. യുക്രെയ്ന്‍ യുദ്ധം, അമേരിക്കയുടെ തീരുവ ഭീഷണി അടക്കം മോദി-പുടിന്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. വരുന്ന ഡിസംബറില്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അദ്ദേഹത്തിന്‍ഫെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.
Content Highlights- Indian prime minister Narendra modi will meet chinese president xi jinping today in shanghai