
ദുബായിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നിന്റെ ഭാഗമായി ആര്‍ടിഎ നവീകരിച്ച ഉംറമൂല്‍, അല്‍ ബര്‍ഷ കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. നവീകരണത്തിലൂടെ കൂടുതല്‍ പേര്‍ക്ക് കൂടുതല്‍ വേഗതയില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് ദുബായ് ആര്‍ടിഎ അറിയിച്ചു.
ഹൈബ്രിഡ് മാതൃകയിലാണ് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടിയുടെ ഉംറമൂല്‍, അല്‍ബര്‍ഷ കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍ നവീകരിച്ചത്. ഇനി ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡായ സേവനങ്ങള്‍ രണ്ട് കേന്ദ്രങ്ങളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇതിനൊപ്പം സഹായത്തിനായി സര്‍വീസ് അഡൈ്വസര്‍മാരും ഉണ്ടാകും.
സ്മാര്‍ട്ട് കിയോസ്‌ക്, വെബ്സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ എന്നിവ വഴിയാണ് സേവനങ്ങള്‍ ലഭ്യമാക്കുക. ആകെ 97 തരം സേവനങ്ങള്‍ നവീകരിച്ച കേന്ദ്രങ്ങളില്‍ ലഭിക്കും. ഉപഭോകൃത സേവനങ്ങള്‍ കൂടുതലും സ്മാര്‍ട്ടും ഹൈബ്രിഡും ആക്കുക എന്ന ലക്ഷ്യത്തിലാണ് നവീകരണം എന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.
നവീകരിച്ച കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആര്‍.ടി.എ ചെയര്‍മാന്‍ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. നവീകരണത്തിലൂടെ കൂടുതല്‍ പേര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
Content Highlights: Dubai's RTA reopens revamped Customer Happiness Centres