
കല്യാണി നായികയായി എത്തിയ ഡൊമിനിക് അരുണ്‍ ചിത്രം 'ലോക' തിയേറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഗംഭീര അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ എഴുത്തിനും മേക്കിങ്ങിനും വിഎഫ്എക്സിനുമെല്ലാം കയ്യടി ലഭിക്കുന്നുണ്ട്. ബോക്സ് ഓഫീസിലും സിനിമ കത്തിക്കയറുന്നുണ്ട്. ഇപ്പോഴിതാ ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ റെക്കോർഡ് നേട്ടമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്.
ആദ്യ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള തലത്തിൽ നിന്ന് 65 കോടിയോളമാണ് ലോക നേടിയിരിക്കുന്നത്. ഇത് ഒരു മലയാള സിനിമ നേടുന്ന മൂന്നാമത്തെ ഉയർന്ന നേട്ടമാണ്. മോഹൻലാൽ ചിത്രങ്ങളായ എമ്പുരാനും തുടരുമും മാത്രമാണ് ഇപ്പോൾ ലോകയ്ക്ക് മുന്നിലുള്ള സിനിമകൾ. 175.6 കോടിയെന്ന റെക്കോർഡ് നേട്ടവുമായി എമ്പുരാൻ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ തരുൺ മൂർത്തി ചിത്രം തുടരും 69.25 കോടി നേടി രണ്ടാം സ്ഥാനം നിലനിർത്തി. അതേസമയം, ആടുജീവിതത്തിനെയും മോഹൻലാലിന്റെ ലൂസിഫറിനെയും പിന്നിലാക്കാൻ ലോകയ്ക്ക് സാധിച്ചു. 64.10 കോടി നേടിയ ആടുജീവിതം നാലാം സ്ഥാനത്തും 55.40 കോടിയുമായി ലൂസിഫർ അഞ്ചാം സ്ഥാനത്തുമാണ്.
മോഹൻലാലിന് ശേഷം ഒറ്റ ദിവസം കൊണ്ട് 20 കോടി ക്ലബ്ബിൽ കല്യാണിയുടെ ലോക ഇടം പിടിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
മോഹൻലാലിന്റെ എമ്പുരാൻ, തുടരും തുടങ്ങിയ ചിത്രങ്ങൾ ഒറ്റ ദിവസം കൊണ്ട് 20 കോടി കളക്ഷൻ നേടിയിരുന്നു. 8 ചിത്രങ്ങൾ മോഹൻലാലിന്റെ ഈ ലിസ്റ്റിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒപ്പം പുറത്തിറങ്ങിയ ഹൃദയപൂര്‍വ്വത്തെ ബഹുദൂരം പിന്നിലാക്കിയാണ് ലോകയുടെ ബുക്കിംഗ് വളരുന്നത്. ബുക്ക് മൈ ഷോയില്‍ ഒരു മണിക്കൂറില്‍ 6K ടിക്കറ്റുകളാണ് ഹൃദയപൂര്‍വ്വത്തിനായി ബുക്ക് ആയതെങ്കില്‍ ലോകയുടെ കാര്യത്തില്‍ ഇത് 12 Kയക്ക് മുകളിലാണ്. അതായത് ഇരട്ടിയിലേറെയാണ് ടിക്കറ്റ് ബുക്കിംഗിലെ വ്യത്യാസം.
Lokah towards all time top 3 Mollywood worldwide opening weekends, Top 5 Mollywood Opening Weekend WorldWide:
— AB George (@AbGeorge_) August 31, 2025
1. Empuraan (2025) - ₹175.6 Crores (4 Days) 🙏🤯
2. Thudarum (2025) - ₹69.25 Crores (3 Days) 🔥
3. #Lokah (2025) - ₹65 Crores* (Estimates)
4. Aadujeevitham (2024) -… pic.twitter.com/fOGNSFfZsS
ഡൊമിനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർഹീറോ യൂണിവേഴ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.
നസ്‌ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.
Content Highlights: Lokah breaks record collection in weekend