
സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍, റാപ്പര്‍, റിയാലിറ്റി ഷോ വിജയി മുനവര്‍ ഫാറൂഖിയെ ഇങ്ങനെ മാത്രമല്ല നമുക്ക് പരിചയം. ഇന്ദോറില്‍ നടന്ന പരിപാടിക്കിടെ ഹിന്ദു ദേവതകളെ അപമാനിച്ചെന്ന പേരില്‍ മുനവര്‍ അറസ്റ്റുചെയ്യപ്പെടുകയും തടവില്‍ കഴിയുകയും ചെയ്തിരുന്നു. പിന്നീട് ഈ കാരണം ചൂണ്ടിക്കാട്ടി മുനവറിന്റെ ഷോയ്ക്ക് ഡല്‍ഹി പൊലീസ് അനുമതിയും നിഷേധിച്ചിരുന്നു. ഇപ്പോഴിതാ, പ്രഖര്‍ ഗുപ്തയുടെ പോഡ്കാസ്റ്റില്‍ അതിഥിയായെത്തിയ മുനവര്‍ നടത്തിയ കുട്ടിക്കാലത്തെ കഷ്ടപ്പാടുകളെ കുറിച്ച് നടത്തിയ തുറന്നുപറച്ചില്‍ ശ്രദ്ധേയമാവുകയാണ്. ദാരിദ്ര്യമെന്താണെന്ന് അറിഞ്ഞാണ് താന്‍ വളര്‍ന്നതെന്നും അമ്മയ്ക്ക് ലഭിച്ചിരുന്ന 30 രൂപയിലാണ് ജീവിതം മുന്നോട്ടുപോയിരുന്നതെന്നും മുനവര്‍ പറയുന്നു.
അമ്മയുടെ മരണം ഉണ്ടാക്കിയ മാനസികാഘാതത്തെ കുറിച്ചും മുനവര്‍ തുറന്ന് സംസാരിക്കുന്നുണ്ട്. ഗുജറാത്തിലെ ജുനഗധിലെ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് മുനവര്‍ ജനിച്ചത്. വളരെ ചെറുപ്പത്തിലാണ് മുനവറിന് അമ്മയെ നഷ്ടപ്പെട്ടത്. ഇതേക്കുറിച്ച് നേരത്തേയും ഒട്ടേറെ അഭിമുഖങ്ങളില്‍ മുനവര്‍ സംസാരിച്ചിരുന്നു.
'എനിക്ക് 13 വയസ്സായിരുന്നു പ്രായം. ആരോ എന്നെ വിളിച്ചുണര്‍ത്തി അമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞു. ഞാനവിടെ എത്തിയപ്പോള്‍ മനസ്സിലാക്കിയത് അമ്മ വിഷം കഴിച്ച കാര്യം അവര്‍ ആരോടും പറഞ്ഞിരുന്നില്ലെന്നാണ്. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തത് എന്ന് അറിയില്ല. ആശുപത്രിയില്‍ കുടുംബസുഹൃത്തായ ഒരു നഴ്‌സ് ഉണ്ടായിരുന്നു ഞാന്‍ അവരോട് പോയി കാര്യം പറഞ്ഞു. അവര്‍ ഫടനെ അമ്മയെ ഇആറിലേക്ക് ഷിഫ്റ്റ് ചെയ്തുവെങ്കിലും മരണം സംഭവിച്ചു.
4-5 വയസ്സുമുതല്‍ ഒരുപാട് തെറ്റായ കാര്യങ്ങള്‍ സംഭവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ കരുതിയിരുന്നത് ഇങ്ങനെയാണ് ലോകം എന്നാണ്. എന്റെ അച്ഛനും അമ്മയും എല്ലായ്‌പ്പോഴും വഴക്കടിക്കുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്. അമ്മയ്‌ക്കേല്‍ക്കുന്ന മര്‍ദനത്തോടെയാണ് അത് അവസാനിക്കുക. ഞാന്‍ ഒരു മൂലയ്ക്കിരുന്ന് കരയും, എനിക്കതില്‍ വേറെ ഒന്നും ചെയ്യാനാവുമായിരുന്നില്ല. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇതെല്ലാം ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
വിവാഹത്തിലെ 22 വര്‍ഷങ്ങള്‍ അമ്മ ഒരുപാട് ക്ഷമ കാണിച്ചിരുന്നു, അത് ഒട്ടും എളുപ്പമായിരുന്നില്ല. ആ വേദനസഹിച്ചതിന്റെ അവസാനമാണ് ജീവിതം അവസാനിപ്പിക്കാം എന്നൊരു തീരുമാനത്തില്‍ അവരെത്തുന്നത്. പക്ഷെ ഇന്നും അവര്‍ അങ്ങനെ വിട്ടുപോയതിനെ കുറിച്ച് ഞാന്‍ ആലോചിക്കാറുണ്ട്, ഇങ്ങനെയായിരുന്നോ അമ്മ ഞങ്ങളെ വിട്ടുപോകേണ്ടിയിരുന്നതെന്ന്.' മുനവര്‍ പറയുന്നു.
കുടുംബം പുലര്‍ത്തുന്നതിന് 30 രൂപ ദിവസക്കൂലി ലഭിക്കുന്നതിനായി അമ്മ പല ജോലികളും ചെയ്തിട്ടുണ്ടെന്നും ആ ചെറിയ തുകകൊണ്ട് കാര്യങ്ങള്‍ നടത്തിയതിനെ കുറിച്ചുമെല്ലാം മുനവര്‍ തുറന്നുപറയുന്നുണ്ട്. ' ഒരു ദിവസം അമ്മയ്ക്ക് 30 രൂപയാണ് ലഭിച്ചിരുന്നത്. വീട്ടിലെ എല്ലാ കാര്യങ്ങളും ആ പണം ഉപയോഗിച്ച് വേണം നിര്‍വഹിക്കാന്‍. പാലിന് മാത്രം ആറുരൂപയാകും. ബാക്കി പണം ഉപയോഗിച്ചുവേണം പച്ചക്കറിയും അരിയും മറ്റും വാങ്ങാന്‍. അത് സാധ്യമായിരുന്നുമില്ല. എംബ്രോയ്ഡറി ജോലികള്‍ ചെയ്ത് കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ അവര്‍ ശ്രമിക്കുമായിരുന്നു. എങ്കിലേ ഭക്ഷണം കഴിക്കുക സാധ്യമാകുമായിരുന്നുള്ളൂ. അവള്‍ എല്ലായിടത്തുമുണ്ടായിരുന്നു എല്ലാവരെയും സഹായിക്കാന്‍ തയ്യാറായിരുന്നു. വധുവുമായി തിരിച്ചെത്തുന്ന വിവാഹപാര്‍ട്ടിക്ക് വേണ്ടി തനിച്ച് അവര്‍ ഭക്ഷണം പാകം ചെയ്തിരുന്നു. അതൊരു വീട്ടുകാര്‍ക്ക് വേണ്ടി മാത്രമല്ല, മുഴുവന്‍ ഗ്രാമത്തിനുള്ള ഭക്ഷണം..200-250 പേര്‍ക്ക് തനിച്ച്..' മുനവര്‍ ഓര്‍ക്കുന്നു.
Content Highlights:Comedian Munawar Faruqui's Humble Beginnings: Mother's Sacrifices and Father's Abuse