'Trump is dead': അമേരിക്കയിൽ ട്രെന്‍ഡിംഗ് ഹാഷ്ടാഗ്, എക്‌സില്‍ പതിനായിരക്കണക്കിന് പോസ്റ്റുകള്‍

ട്രംപ് പൂര്‍ണ ആരോഗ്യവാനാണെന്നും ഊര്‍ജസ്വലനാണെന്നും ജെഡി വാന്‍സ് പറഞ്ഞിരുന്നു

'Trump is dead': അമേരിക്കയിൽ ട്രെന്‍ഡിംഗ് ഹാഷ്ടാഗ്, എക്‌സില്‍ പതിനായിരക്കണക്കിന് പോസ്റ്റുകള്‍
dot image

വാഷിംഗ്ടണ്‍: 'അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മരിച്ചു!'. എക്‌സില്‍ ഇപ്പോള്‍ ഇതാണ് ട്രെന്‍ഡിംങ്. ട്രംപ് മരിച്ചുവെന്ന് പറയുന്ന പതിനായിരക്കണക്കിന് പോസ്റ്റുകളാണ് എക്‌സില്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്. 79-കാരനായ ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ ഊഹാപോഹങ്ങള്‍ക്ക് ആക്കംകൂട്ടി. ട്രംപിന്റെ കൈകളിലെ ചതവും നീരുവെച്ച കണങ്കാലിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ചിരുന്നു. ചതവുകള്‍ മേക്കപ്പ് വെച്ച് ഉപയോഗിച്ച് മറച്ചതായി തോന്നുന്ന തരത്തിലുളളതാണ്.

അതിനിടെ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ പ്രസ്താവനയും ട്രംപ് മരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ക്കൊപ്പം വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ നേതൃത്വം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണ് എന്ന് വാന്‍സ് ഒരു യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ട്രംപ് പൂര്‍ണ ആരോഗ്യവാനാണെന്നും ഊര്‍ജസ്വലനാണെന്നും ജെഡി വാന്‍സ് പറഞ്ഞിരുന്നു.

ട്രംപിന്റെ പൊതുവേദികളിലെ അസാന്നിദ്ധ്യം സംബന്ധിച്ച് ചോദ്യങ്ങളുയരുന്നുണ്ടെങ്കിലും വൈറ്റ് ഹൗസ് ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. ട്രംപ് പൂര്‍ണമായും പൊതുരംഗത്തുനിന്നും വിട്ടുനില്‍ക്കുന്നുമില്ല. വെളളിയാഴ്ച്ച വൈകുന്നേരം 6.40-ന് ട്രൂത്ത് സോഷ്യലില്‍ അദ്ദേഹം തീരുവ സംബന്ധിച്ച യുഎസ് അപ്പീല്‍ കോടതി തീരുമാനത്തോട് പ്രതികരിച്ചിരുന്നു.

ട്രംപിന്റെ ആരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളിൽ വ്യക്തത വരുത്തി വൈറ്റ് ഹൗസ് നേരത്തെ രംഗത്തെത്തിയിരുന്നു. പരിശോധനയിൽ ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി (സിവിഐ) ഉണ്ടെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. പ്രായമായവരിൽ, പ്രത്യേകിച്ച് 70 വയസ്സിനു മുകളിലുള്ളവരിൽ ഈ അവസ്ഥ ഒരു സാധാരണ പ്രശ്നമാണെന്നും പ്രസ് സെക്രട്ടറി പറഞ്ഞു.

സിരകൾ ശരിയായി പ്രവർത്തിക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് സിവിഐ. ഈ രോഗമുള്ളവർക്ക് കാലുകളിൽ വേദനയോ തരിപ്പോ ഉണ്ടാകാം. ദീർഘനേരം നിന്നാൽ ക്ഷീണം അനുഭവപ്പെടാം. പ്രത്യേകിച്ച് കണങ്കാലിന് ചുറ്റും വീക്കം ഉണ്ടാവാനും സാധ്യതയുണ്ട്. ഒരു പത്രസമ്മേളനത്തിനിടെയുള്ള ഡോണൾഡ് ട്രംപിന്റെ കൈയിലെ 'ചതഞ്ഞ' പാടിന്റെ ചിത്രം പുറത്തുവന്നതോടെയാണ് ഊഹാപോഹങ്ങൾ ഉയർന്നുതുടങ്ങിയത്. കൈയുടെ പിൻഭാഗത്തുള്ള പാട് മറയ്ക്കാൻ കനത്ത മേക്കപ്പ് ഉപയോഗിക്കുന്നുവെന്നതടക്കം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Content Highlights: 'Donald Trump is dead': Tens of thousands of posts on X, trending hashtag

dot image
To advertise here,contact us
dot image