
കീവ്: റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കി. യുദ്ധത്തിന്റെ അവസാനം എങ്ങനെ എന്നത് റഷ്യയെ ആശ്രയിച്ചിരിക്കുമെന്നും അവർ തുടങ്ങിയ യുദ്ധം അവർ തന്നെയാണ് അവസാനിപ്പിക്കേണ്ടതെന്നും സെലൻസ്‌കി എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
യുദ്ധത്തിന് ന്യായമായ അന്ത്യമാണ് ഉണ്ടാകേണ്ടതെന്നും സെലൻസ്‌കി പറഞ്ഞു. അത് റഷ്യയെ ആശ്രയിച്ചിരിക്കും. അവർ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കേണ്ടതും അവർ തന്നെയാണ്. ഇപ്പോൾ വേണ്ടത് കൊലപാതങ്ങളുടെ അവസാനവും എന്നത്തേക്കുമായുള്ള സമാധാനവുമാണ്. അത് തനിക്കറിയാം. എന്നാല്‍ അതേ കുറിച്ച് അറിയാത്ത ഒരാള്‍ പുടിൻ ആണെന്നും സെലൻസ്‌കി പറയുന്നു.
യുദ്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പു പറയുന്ന അമേരിക്കയുടെ കഴിവിനെ ആരും സംശയത്തോടെ കണ്ടിട്ടില്ലെന്നും സെലൻസ്‌കി പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന് അതിനുള്ള കഴിവും നിശ്ചയദാർഢ്യവുമുണ്ട്. ഫെബ്രുവരി മുതൽ ട്രംപ് മുന്നോട്ടുവെയ്ക്കുന്ന നിർദ്ദേശങ്ങളെ യുക്രെയ്ൻ പിന്തുണച്ചിട്ടുണ്ട്. എന്നാൽ കൊലപാതകങ്ങളുടെ അവസാനത്തേക്കാൾ എന്നന്നേക്കുമായുള്ള സമാധാനമാണ് വേണ്ടതെന്നും സെലൻസ്‌കി കൂട്ടിച്ചേർത്തു.
അതേസമയം യുദ്ധം അവസാനിപ്പിക്കാനായി യുക്രെയ്ൻ്റെ ഒരു കഷ്ണം ഭൂമി പോലും റഷ്യക്ക് വിട്ടുകൊടുക്കില്ലെന്ന് സെലൻസ്‌കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുക്രെയ്ൻ്റെ ഒരിഞ്ച് പോലും റഷ്യക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള സമാധാന കരാർ അംഗീകരിക്കില്ലെന്നും സെലൻസ്‌കി വ്യക്തമാക്കിയിരുന്നു.
Content Highlights: Volodymyr Zelenskyy Against Vladimir Putin